Success Story

വീട്ടിലെ ചെറിയ മുറിയില്‍ ആരംഭിച്ച സംരംഭം; ഇന്ന് നിരവധി സ്ഥാപനങ്ങളുടെ സ്ഥാപക

അറിയാം സംഗീതയുടെ വിജയകഥ

സ്വപ്‌നങ്ങള്‍ കാണുന്നവര്‍ മാത്രമല്ല, ആ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കി ജീവിതത്തെ അര്‍ത്ഥമുള്ളതാക്കി തീര്‍ക്കുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. അത്തരത്തില്‍ സ്വന്തമായി ഒരു സ്ഥാപനം എന്ന തന്റെ സ്വപ്‌നത്തെ പിന്തുടരുകയും ലക്ഷ്യബോധവും കഠിന പ്രയത്‌നവും കൊണ്ട് തന്റേതായ ഒരു ബിസിനസ് ഇടം തന്നെ പടുത്തുയര്‍ത്തുകയും ചെയ്ത് ഒരു സംരംഭക നമ്മുടെ ഈ കേരളത്തിലുണ്ട്. 2002ലാണ് സംഗീത മയൂരി ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോ ആരംഭിക്കുന്നത്. പഠിക്കുന്ന സമയത്ത് തന്നെ സ്വന്തമായി ഒരു സ്ഥാപനം നടത്തണമെന്നും സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കണമെന്നുമുള്ളതായിരുന്നു സംഗീതയുടെ ആഗ്രഹം. അങ്ങനെയാണ് വീട്ടിലെ ഒരു ചെറിയ മുറിയില്‍ മയൂരി ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോ സംഗീത ആരംഭിക്കുന്നത്.

എന്നാല്‍ പിന്നീട് കസ്റ്റമേഴ്‌സ് ധാരാളമായി എത്താന്‍ തുടങ്ങുകയും അതോടെ ചവറ ശങ്കരമംഗലത്ത് ഒരു കട വാടകയ്‌ക്കെടുത്ത് മയൂരി ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോയെ കുറച്ചുകൂടി വിപുലമാക്കുകയും ചെയ്തു. നാല് വര്‍ഷത്തോളം വാടകക്കെട്ടിടത്തിലായിരുന്നു ഈ സംരംഭം പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍, ഇന്ന് നാല് ഫ്‌ളോറിലായി എട്ട് സ്റ്റാഫുകളും ഫോട്ടോഷൂട്ട് റൂം, ബ്രൈഡല്‍ മേക്കോവര്‍ റൂം എന്നിങ്ങനെ സംവിധാനങ്ങളുമായി, അറിയപ്പെടുന്ന ഒരു സംരംഭമായി മാറാന്‍ മയൂരി ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോയ്ക്ക് സാധിച്ചു.

തുടക്കഘട്ടങ്ങളില്‍ ഏറെ പ്രയാസവും പ്രതിസന്ധിയും സംഗീത എന്ന സംരംഭക നേരിട്ടിരുന്നു. എന്നാല്‍ ഏത് പ്രയാസത്തെയും മനസ്സിന്റെ ധൈര്യം കൊണ്ട് നേരിടണമെന്ന മാതാപിതാക്കളുടെ വാക്കും പിന്തുണയുമാണ് മുന്നോട്ട് പോകാനുള്ള കരുത്തും പ്രചോദനവും സംഗീതയ്ക്ക് നല്‍കിയത്. അത് തന്നെയാണ് മയൂരി ബ്രൈഡല്‍ മേക്കോവര്‍ സ്റ്റുഡിയോയില്‍ തന്നെ ഒതുങ്ങി നില്‍ക്കാതെ മയൂരി റെന്റല്‍ ജുവലറി, മയൂരി ലേഡീസ് ഹോം സ്‌റ്റേ, മയൂരി ബ്യൂട്ടി അക്കാഡമി, മാക്‌സ് ഫെയര്‍ ജെന്റ്‌സ് ബ്യൂട്ടി പാര്‍ലര്‍ എന്നിങ്ങനെ വിവിധ സംരംഭ മേഖലകളിലേക്ക് തിരിയാനും അവയെ വിജയമാക്കി തീര്‍ക്കാനും സംഗീതയ്ക്ക് പ്രചോദനം നല്‍കിയത്.

വീട്ടിലെ ഒരു മുറിയില്‍ ആരംഭിച്ച ചെറിയ സംരംഭം ഇന്ന് പടര്‍ന്നു പന്തലിച്ചതും അഞ്ചു സംരംഭങ്ങളുടെ സ്ഥാപക എന്ന നിലയിലേക്ക് എത്താന്‍ സംഗീതയ്ക്ക് ഊര്‍ജം പകര്‍ന്നതും വിജയിക്കണമെന്ന അതിയായ സ്വപ്‌നവും ബിസിനസ് എന്ന പാഷനോടുള്ള അടങ്ങാത്ത ആഗ്രഹവും കൊണ്ടാണ്. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കണമെന്നും തന്റെ സംരംഭങ്ങളെ കൂടുതല്‍ വിപുലീകരിക്കണമെന്നും ജീവിതത്തെ ആഘോഷമാക്കുന്നതോടൊപ്പം അര്‍ത്ഥമുള്ളതാക്കിയും മാറ്റണമെന്നുള്ള ചിന്താഗതി തന്നെയാണ് സാധാരണക്കാരില്‍ നിന്നും സംഗീത എന്ന സംരംഭകയെ വ്യത്യസ്തയാക്കുന്നത്. സുനാമി പുനരധിവാസവുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റിന്റെ കീഴില്‍ അധ്യാപികയായി പോവുകയും നിരവധി പേര്‍ക്ക് ക്ലാസുകള്‍ നല്‍കാനും അവര്‍ക്ക് സ്വന്തമായി സ്ഥാപനം നടത്താനും ഉപജീവനത്തിനായുള്ള അറിവ് നല്‍കാനും സംഗീതയ്ക്ക് സാധിച്ചു എന്നുള്ളത് ശ്രദ്ധേയമാണ്.

അച്ഛന്‍ ചന്ദ്രന്‍ നായരുടെയും അമ്മ ലക്ഷ്മിക്കുട്ടിയുടെയും പിന്തുണയും ഭര്‍ത്താവ് സുരേഷ് ബാബുവിന്റെയും മക്കളായ അനന്തു, അക്ഷയ് എന്നിവരുടെയും പിന്തുണയാണ് ഈ കാണുന്ന വിജയം നേടിയെടുക്കുന്നതിലേക്ക് സംഗീതയെ നയിച്ചത്. മികച്ച സ്റ്റാഫുകളും അവരുടെ പിന്തുണയും പരിശ്രമവും കൂടിയാണ് ഈ സ്ഥാപനങ്ങളെ ഇന്ന് കാണുന്ന നിലയിലേക്ക് ഉയര്‍ത്തിയത്.

സാമ്പത്തിക സ്വാതന്ത്ര്യം നേടണമെന്നും ജീവിതത്തെ സുരക്ഷിതമാക്കി തീര്‍ക്കണമെന്നും ആഗ്രഹിക്കുന്ന, വലിയ സ്വപ്‌നങ്ങള്‍ കാണുന്ന സ്ത്രീകള്‍ക്ക് പ്രചോദനമാണ് സംഗീത എന്ന സംരംഭകയുടെ ജീവിത കഥ !

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button