Be +ve
സ്വയം വിശ്രമം അനുവദിക്കുക
ഡോ. സുധീര്‍ ബാബു
ആകാശത്തില്‍ ഉയരത്തില്‍ പറക്കുന്ന പക്ഷിയെ നോക്കൂ… പറന്നുപറന്ന് ചിറകുകള്‍ ക്ഷീണിക്കുമ്പോള്‍ അത് താഴേക്കിറങ്ങുന്നു. തന്റെ ക്ഷീണം തീരുന്നതുവരെ വിശ്രമിക്കുന്നു. ശേഷം പൂര്‍വാധികം ശക്തിയോടെ വീണ്ടും പറക്കുവാന്‍ ആരംഭിക്കുന്നു. ഇത് നിങ്ങള്‍ക്കും ബാധകമാണ് !
വിശ്രമമില്ലാതെ നിരന്തരം നിങ്ങള്‍ ഓടിക്കൊണ്ടേയിരിക്കുന്നു. ക്ഷീണം മനസ്സിനേയും ശരീരത്തേയും തളര്‍ത്തിയാല്‍ പോലും പലപ്പോഴും നിങ്ങളത് തിരിച്ചറിയുന്നില്ല. തിരിച്ചറിഞ്ഞാലും വിശ്രമിക്കുവാന്‍ നിങ്ങള്‍ കൂട്ടാക്കുന്നതേയില്ല.
വലിയൊരു ദൂരം സഞ്ചരിക്കേണ്ടി വരുമ്പോള്‍ കുറച്ചു ദൂരം താണ്ടിയതിനു ശേഷം അല്‍പം വിശ്രമം അനിവാര്യമാണ്. അത് മുന്നേറാനുള്ള ഊര്‍ജവും ബുദ്ധിക്ക് കൂടുതല്‍ തെളിച്ചവും നല്‍കുന്നു. ഭ്രാന്തമായ അലച്ചിലുകള്‍ക്കിടയില്‍ വിശ്രമത്തിനായി സമയം കണ്ടെത്തുക.