Success Story

‘FAB Institute of Fashion Technology’; അറിയാം ധന്യ സരോഷ് എന്ന യുവ സംരംഭകയുടെ വിജയ കഥ !

പ്രതിസന്ധി ഘട്ടങ്ങളില്‍ പതറാതെ, ജീവിതത്തെ പിടിച്ചു നിര്‍ത്തുന്നവരും സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കി വിജയം കുറിക്കുന്നവരുമാണ് ഓരോ സംരംഭകരും. തന്റെ ആശയം കൊണ്ട് നിരവധി സ്ത്രീകള്‍ക്ക് ജീവിതത്തില്‍ കരുത്ത് പകരുകയും അവരെ സ്വയം പര്യാപ്തരാക്കുകയും ചെയുന്ന ഒരു സംരംഭകയുണ്ട്. FAB Institute of Fashion Technology എന്ന സ്ഥാപനത്തിലൂടെ നിരവധി സ്ത്രീകളെ ഫാഷന്‍ ഡിസൈനിങ്ങിന്റെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തിയ എറണാകുളം പാലാരിവട്ടം സ്വദേശിയായ ധന്യ സരോഷ്…!

2014 ലാണ് ധന്യ സരോഷ് എന്ന ഫാഷന്‍ ഡിസൈനര്‍ FAB Institute of Fashion Technology എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. കുറഞ്ഞ കാലഘട്ടം കൊണ്ട് തന്നെ കേരളത്തിലെ അറിയപ്പെടുന്ന ഒരു സ്ഥാപനമായി വളരാന്‍ FAB Institute of Fashion Technologyക്ക് സാധിച്ചത് ധന്യ എന്ന സംരംഭകയുടെ കഠിന പ്രയത്‌നവും ഏത് പ്രയാസത്തെയും അതിജീവിക്കാനുള്ള മനകരുത്തും കൊണ്ടാണ്.

സാമ്പത്തികമായ മികച്ച ചുറ്റുപ്പാടില്‍ വളര്‍ന്നു വന്നത് കൊണ്ട് തന്നെ ഏറ്റവും നല്ല വസ്ത്രങ്ങളായിരുന്നു കുട്ടിക്കാലം മുതലേ ധന്യ ധരിച്ചിരുന്നത്. വിവാഹശേഷം സൗണ്ട് എന്‍ജിനീയറായ ഭര്‍ത്താവ് സരോഷിനൊപ്പം കുറേ കാലം ഗള്‍ഫിലായിരുന്നു ധന്യ. നാട്ടില്‍ ഒരു സംരംഭം ആരംഭിക്കണമെന്ന് ഇരുവരും തീവ്രമായി ആഗ്രഹിക്കുകയും തുടര്‍ന്ന് നാട്ടില്‍ എത്തി സംരംഭം ആരംഭിക്കുകയും ചെയ്തു. പക്ഷെ തുടക്കത്തില്‍ തന്നെ പരാജയം നേരിട്ടതോടെ സാമ്പത്തികമായി ഇരുവരും പ്രയാസങ്ങളും പ്രതിസന്ധികളും നേരിടാന്‍ തുടങ്ങി.

നല്ല വസ്ത്രങ്ങള്‍ അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അടയാളമാണെന്ന് അറിവുണ്ടായിരുന്ന ധന്യയ്ക്ക് മികച്ച വസ്ത്രങ്ങള്‍ വാങ്ങാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയും വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന ബന്ധുക്കളുടെ ‘ഫങ്ഷനുകളി’ല്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥ നേരിടുകയും ചെയ്തു. തങ്ങളുടെ സാമ്പത്തികസ്ഥിതി മോശമാണെന്ന് ബന്ധുക്കള്‍ അറിയാതിരിക്കാന്‍ ബോധപൂര്‍വം ധന്യ ഫങ്ഷനുകളില്‍ പങ്കെടുക്കാതെ ഒഴിഞ്ഞു മാറി.

നിറപകിട്ടുള്ള വസ്ത്രം ധരിച്ചെത്തുന്ന ബന്ധുക്കള്‍ക്ക് ഇടയില്‍ നിറം മങ്ങിയ വസ്ത്രങ്ങള്‍ ധരിച്ചെത്താന്‍ ധന്യയുടെ മനസ് അനുവദിച്ചിരുന്നില്ല. തങ്ങളുടെ കഷ്ടപ്പാടുകളും പ്രയാസങ്ങളും മറ്റാരും അറിയാതിരിക്കാനായിരുന്നു പല ഫങ്ഷനുകളിലും പങ്കെടുക്കാതെ ധന്യ മാറി നിന്നിരുന്നത്. എന്നാല്‍ അത് തന്റെ സൗഹൃദത്തെയും ബന്ധങ്ങളെയും ഇല്ലാതാക്കുന്നുവെന്ന് മനസ്സിലാക്കിയതോടെ, ഒഴിഞ്ഞു മാറുകയല്ല വേണ്ടതെന്നും സാമ്പത്തിക സുരക്ഷിതത്തിലേക്ക് തിരിച്ചെത്തണമെന്നും ധന്യ തീരുമാനിച്ചു. തുടര്‍ന്ന് തന്റെ കയ്യില്‍ ഉണ്ടായിരുന്ന ഒരേ ഒരു സമ്പാദ്യമായ സ്വര്‍ണവള വിറ്റ് ഫാഷന്‍ ഡിസൈന്‍ കോഴ്‌സിന് ചേര്‍ന്നു.

നല്ല മാര്‍ക്കോടെ കോഴ്‌സ് വിജയിച്ചതോടെ, ആ സ്ഥാപനത്തില്‍ തന്നെ അധ്യാപികയായും ധന്യ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് പല സ്ഥാപനങ്ങളിലും ഫാഷന്‍ ഡിസൈന്‍ അധ്യാപികയായി ധന്യ പ്രവര്‍ത്തിക്കുകയും ചെയ്തു. അവിടെ നിന്നായിരുന്നു ധന്യയുടെ ജീവിതത്തില്‍ ഒരു വലിയ മാറ്റം സംഭവിക്കുന്നത്. പല സ്ത്രീകളും തങ്ങളുടെ സാമ്പത്തിക പ്രയാസങ്ങളെ കുറിച്ചും മറ്റും ധന്യയോട് സങ്കടങ്ങള്‍ പറയുമായിരുന്നു. ഇത് കേള്‍ക്കുമ്പോഴൊക്കെ ധന്യ അവരെ സഹായിക്കുന്നതിനും സ്വയം പര്യാപ്തരാക്കാന്‍ സഹായിക്കുന്നതിനും വേണ്ടിയുള്ള മാര്‍ഗങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങി. അങ്ങനെയാണ് കുറഞ്ഞ ഫീസില്‍ ഫാഷന്‍ ഡിസൈനിങ് പഠിപ്പിക്കുന്ന ഒരു സ്ഥാപനം ധന്യ ആരംഭിക്കുന്നത്. അതാണ് FAB Institute of Fashion Technology.

നിരവധി സ്ത്രീകളാണ് ഈ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങി തൊഴില്‍ നേടിയത്. പിന്നീട് ധന്യ എന്ന സംരംഭക ‘FAB Design’ എന്ന ഓണ്‍ലൈന്‍ ബൊട്ടീക്കും ആരംഭിച്ചു. കുര്‍ത്ത പോലുള്ള വസ്ത്രം വാങ്ങി സ്വന്തമായി ഡിസൈന്‍ ചെയ്യുകയും സോഷ്യല്‍ മീഡിയയിലൂടെ അത് മാര്‍ക്കറ്റിംഗ് നടത്തുകയും ചെയ്തു. നിരവധി കസ്റ്റമേഴ്‌സാണ് ഇന്ന് ഈഈ ഓണ്‍ലൈന്‍ ബോട്ടിക്കിലൂടെ തങ്ങളുടെ ഇഷ്ട വസ്ത്രങ്ങള്‍ സ്വന്തമാക്കുന്നത്.

ഇനിയും ഒരുപാട് മുന്നേറണമെന്നും ബിസിനസ് ബ്രാഞ്ചുകള്‍ ആരംഭിക്കണമെന്നുമുള്ളതാണ് ധന്യ സരോഷ് എന്ന സംരംഭകയുടെ ആഗ്രഹം. ഭര്‍ത്താവ് സരോഷിന്റെ പിന്തുണ കൊണ്ടാണ് പ്രതിസന്ധികള്‍ അതിജീവിച്ചു വിജയം നേടാന്‍ ഈ സംരഭകയ്ക്ക് സാധിച്ചത്. പ്രതിസന്ധികള്‍ നേരിടുമ്പോള്‍ മനസ്സ് പതറാതെ, പരിശ്രമിച്ചാല്‍ വിജയം ഉറപ്പാണ് എന്നതിന് ഉദാഹരണമാണ് ധന്യ സരോഷ് എന്ന ഈ സംരംഭക.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button