രാജ്യസേവനത്തില്‍ നിന്ന് യുവതലമുറയുടെ സംരക്ഷണത്തിലേക്ക്…
ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷവും തനിക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കിയുണ്ടെന്ന തിരിച്ചറിവിലാണ് റിട്ടയേര്‍ഡ് കേണല്‍ രാധാമണി യുവതലമുറയുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള റിട്ടയേര്‍ഡ് കേണല്‍ രാധാമണിക്ക് അധ്യാപനം ഒരു ‘പാഷന്‍’ എന്നതിലുപരി സൈനിക സേവനത്തിനു ശേഷവും നാടിനെ സേവിക്കാനുള്ള ഒരു ഉപാധി കൂടിയായിരുന്നു. ഇങ്ങനെയാണ് കൗമാരക്കാര്‍ക്ക് വഴികാട്ടിയാകുവാന്‍ ഒരു സ്‌കൂളില്‍ കൗണ്‍സിലറായി പ്രവര്‍ത്തനമാരംഭിക്കുന്നത്.
ഇക്കാലയളവില്‍ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചു. ചതിക്കുഴികള്‍ പതിയിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ പുതുതലമുറ എത്രത്തോളം അരക്ഷിതരാണെന്ന് തിരിച്ചറിഞ്ഞത്തോടെ ആര്‍ക്കും എപ്പോഴും സമീപിക്കാന്‍ കഴിയുന്ന ഒരു കൗണ്‍സിലിംഗ് സെന്റര്‍ ആരംഭിക്കാന്‍ തീരുമാനമെടുത്തു. ഇങ്ങനെയാണ് PAR Excellence Counseling Centre എന്ന തന്റെ സ്ഥാപനത്തിന് തുടക്കമിടുന്നത്.
മധ്യതിരുവിതാംകൂറിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലെ ചിറക്കടവ് വില്ലേജില്‍ നിന്നും 19 വയസ്സുള്ള പാവാടക്കാരി പഠിച്ച അക്കൗണ്ടന്‍സി കൊമേഴ്‌സ് കോഴ്‌സുകളെല്ലാം ഉപേക്ഷിച്ച് കല്‍ക്കട്ടയുടെ തണുപ്പുറഞ്ഞ താഴ്‌വാരങ്ങളിലേക്ക് ട്രെയിന്‍ കയറുമ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, അത് ജീവിതത്തിന് മാറ്റങ്ങളുടെ തുടക്കമാകും എന്ന്. അന്ന് തുടങ്ങിയതാണ് രാധാമണിയുടെ പട്ടാള ജീവിതം. 1986 ഡിസംബര്‍ 19ന് കമാന്‍ഡ് ഹോസ്പിറ്റലിന്റെ മുന്നില്‍ ലെഫ്റ്റനന്റ് എന്ന ഡബിള്‍ റാങ്ക് വാങ്ങി. ഇന്ത്യ ഒട്ടാകെ സഞ്ചരിച്ച് മെഡിക്കല്‍, സര്‍ജിക്കല്‍, സൈക്കാട്രി, സൈക്കോളജി, ഓപ്പറേഷന്‍ തിയേറ്റര്‍ വിഭാഗങ്ങളില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്തു.
ഓപ്പറേഷന്‍ ഇന്‍സര്‍ജന്‍സിയുടെ കാലം, ഓപ്പറേഷന്‍ പരാക്രമിന്റെ ഭാഗമായി ജമ്മു കാശ്മീരിലെ പൂഞ്ചിനടുത്തുള്ള രജൗരിയില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് മെഡിക്കല്‍ അനുബന്ധ വിദ്യഭ്യാസം തെരഞ്ഞെടുത്ത് ബിരുദാനന്തര ബിരുദങ്ങള്‍, എംബിഎ, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, എംഎസ്‌സി സൈക്കോളജി, ഡിപ്ലോമകള്‍ എന്നിവ സമ്പാദിക്കുകയും ജോലിയോടൊപ്പം മറ്റുള്ളവരെ സഹായിക്കുവാനുള്ള ത്യാഗസന്നദ്ധതയും മുന്നോട്ട് കൊണ്ടുപോയി.
നെയ്യാറ്റിന്‍കരയ്ക്ക് സമീപം ഒരു സീനിയര്‍ സിറ്റിസണ്‍ ക്ലബ്ബ് തുടങ്ങാനുള്ള പദ്ധതികളോടുകൂടി റെമിനിസം തെറാപ്പി, ചിരി തെറാപ്പി, മെഡിറ്റേഷന്‍, യോഗ എന്നിവയുടെ തിരക്കുകളിലാണ് റിട്ടയേര്‍ഡ് കേണല്‍ രാധാമണി ഇപ്പോള്‍. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും പരിമിതികളുണ്ട്. ഇവിടെയാണ് ഒരു പ്രൊഫഷണലിന്റെ ആവശ്യം നേരിടുന്നത്.
ചെറിയ പ്രായത്തില്‍ തന്നെ മൊബൈല്‍ ഫോണ്‍ കയ്യില്‍ കിട്ടുന്ന കുട്ടികള്‍ പലപ്പോഴും എത്തിച്ചേരുന്നത് ഇന്റര്‍നെറ്റിന്റെ മാലിന്യം നിറഞ്ഞ മൂലകളിലായിരിക്കും. ഒരു കൗതുകത്തിന് കണ്ടു തുടങ്ങുന്ന പോണ്‍ വീഡിയോകള്‍ അഡിക്ഷനായി മാറുന്നതിനും പിന്നീട് പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നതിലേക്കും നയിക്കുന്ന സാഹചര്യങ്ങള്‍ നമ്മള്‍ കരുതുന്നതിലും അധികമാണ്. മാതാപിതാക്കള്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഒരിക്കലും ഒരു കുടുംബ ജീവിതത്തിന് കെല്‍പ്പില്ലാത്ത പുരുഷന്മാരും അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സ്ത്രീകളുമായിരിക്കും വളര്‍ന്നു വരിക. ഒരിക്കലും ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാകാതെ കാക്കുന്നതിന് രക്ഷകര്‍ത്താക്കള്‍ കുട്ടികളെ പരിപാലിക്കുന്നതിന്റെ സ്വഭാവം തന്നെ മാറ്റണമെന്ന് റിട്ടയേര്‍ഡ് കേണല്‍ രാധാമണി പറയുന്നു.
തിരുവനന്തപുരം മൂന്നുകല്ലിന്മൂട് ആയുര്‍വേദ ഹോസ്പിറ്റലിന് സമീപം പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിംഗ് സെന്ററിലൂടെ മാതാപിതാക്കളുടെയും കുട്ടികളുടെയും അധ്യാപകരുടെയും ഉത്കണ്ഠകളും ആശങ്കകളും ശ്രവിച്ച് അവര്‍ക്ക് വഴികാട്ടിയായി വര്‍ത്തിക്കാന്‍ റിട്ടയേര്‍ഡ് കേണല്‍ രാധാമണിക്ക് കഴിയുന്നു. കൂടാതെ കേരളത്തിനകത്തും പുറത്തും ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങും നല്‍കിവരുന്നു. പുകയിലയുടെയും മയക്കുമരുന്നിന്റെയും ഉപയോഗം, മാനസിക സമ്മര്‍ദ്ദങ്ങള്‍, ചൂഷണം തുടങ്ങി മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ വരെയുള്ള പ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന അനേകം കൗമാരക്കാരെ സഹായിക്കാന്‍ റിട്ടയേര്‍ഡ് കേണല്‍ രാധാമണിക്ക് കഴിഞ്ഞു.
വിവാഹ ജീവിതത്തിലെ ആസ്വാരസ്യങ്ങള്‍ ഡിവോഴ്‌സിന്റെ വക്കിലെത്തിച്ച അനേകം യുവദമ്പതികള്‍ക്കും ഇവര്‍ വഴികാട്ടിയായിട്ടുണ്ട്. പഠിത്തത്തിലും ജോലിയിലും നേരിടുന്ന സമ്മര്‍ദ്ദങ്ങളും കുടുംബത്തിലും സമൂഹത്തിലും നേരിടുന്ന പ്രതിസന്ധികളും കാരണം ജീവിതം കൈവിട്ടുപോകുകയാണെന്ന് തോന്നുന്നര്‍വര്‍ക്കെല്ലാം റിട്ടയേര്‍ഡ് കേണല്‍ രാധാമണിയെ ബന്ധപ്പെടാം. ദുരന്തങ്ങള്‍ ഏല്‍പ്പിച്ച മാനസിക ആഘാതങ്ങള്‍ അതിജീവിക്കാനും കൂടെയുണ്ടാകും.
ഇന്ത്യന്‍ സൈന്യത്തില്‍ സൈക്കോളജിസ്റ്റ് കണ്‍സള്‍ട്ടന്റായി നാല് പതിറ്റാണ്ടിന്റെ സൈനിക സേവനം നല്കിയ കരുത്തും അനുഭവ പരിചയവും ആത്മബലവുമാണ് റിട്ടയേര്‍ഡ് കേണല്‍ രാധാമണിയുടെ മുതല്‍ക്കൂട്ട്. ഇനിയും തന്റെ സേവനം ആവശ്യമുള്ള അനേകം പേരിലേക്ക് എത്തുകയെന്ന ലക്ഷ്യം മാത്രമേ മുമ്പിലുള്ളു.