ആരോഗ്യകരമായ ഭക്ഷ്യോത്പന്നങ്ങളുമായി ചിറമേല്‍ ഫുഡ് പ്രോഡക്ട്സ്
കൊച്ചി: ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും അവയവദാന ബോധവത്കരണങ്ങളിലൂടെയും ശ്രദ്ധേയനായ ഫാ.ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിലുള്ള ചിറമേല്‍ ഫുഡ് പ്രോഡക്ട്സിന്റെ ഭക്ഷ്യോത്പന്നങ്ങള്‍ വിപണിയിലേക്ക്. ‘കാരുണ്യ’ ബ്രാന്‍ഡിലാണ് ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്.
മനുഷ്യാരോഗ്യത്തിനും പ്രകൃതിക്കും ദോഷകരമായ ഒന്നും കാരുണ്യ ഉത്പന്നങ്ങളില്‍ ഇല്ലെന്ന് ഉറപ്പു നല്‍കുന്നതായി ഫാ.ഡേവിസ് ചിറമേല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉപഭോക്താവിനോടും വിപണിയോടുമുള്ള ധാര്‍മ്മിക ബോധത്തോടെയാണ് ഇവ അവതരിപ്പിക്കുന്നത്.
കുറഞ്ഞ വിലയും മികച്ച നിലവാരവും ഉറപ്പു നല്കുന്നു. കാന്‍സര്‍, കിഡ്നി രോഗങ്ങള്‍, ഹൃദ്രോഗികള്‍, ഭിന്നശേഷിക്കാര്‍, അന്ധര്‍ എന്നിങ്ങനെ കഷ്ടപ്പെടുന്നവര്‍ക്ക് സാന്ത്വനമേകാനായിരിക്കും ലാഭത്തിന്റെ മുഖ്യപങ്കും ഉപയോഗിക്കുക. ധാന്യപ്പൊടികള്‍, പായസം മിക്സ്, അച്ചാറുകള്‍, വെളിച്ചെണ്ണ, ഗോതമ്പ് ഉത്പന്നങ്ങള്‍, നാളികേര ഉത്പന്നങ്ങള്‍, ബേക്കറി ഉത്പന്നങ്ങള്‍, മസാലപ്പൊടികള്‍, അരി, ജാം, സ്ക്വാഷ് തുടങ്ങി 134 ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്. തൃശൂര്‍ പന്നിത്തടത്താണ് ഫാക്ടറി. ഇവിടെ 50ഓളം പേര് ജോലി ചെയ്യുന്നു.
ഒരു കോടി രൂപയാണ് പ്രാഥമിക നിക്ഷേപം. വടക്കന്‍ കേരളത്തില്‍ ഈ മാസവും തെക്കന്‍ കേരളം, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, കുവൈറ്റ് എന്നിവിടങ്ങളില്‍ ജനുവരിയോടെയും ഉത്പന്നങ്ങള്‍ വിപണിയിലെത്തും.ബ്രാന്‍ഡ് പ്രമോട്ടര്‍ ജോര്‍ജ് ആന്റണി ജീമംഗലം, കേരള ഡിസ്ട്രിബ്യൂട്ടര്‍ ജെയ്സണ്‍, അഡ്വ. കുഞ്ഞിപ്പാലു എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.