അകമറിയുന്ന അഴക് വരഞ്ഞ് ആത്മ
ലയ രാജന്
കുഞ്ഞായിരുന്ന തന്റെ മകളുടെ ആഗ്രഹം നിമിത്തം പരീക്ഷണാടിസ്ഥാനത്തില്‍ വീട്ടില്‍ സ്വന്തമായി ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഒരമ്മ ശ്രമിച്ചു. കൂട്ടത്തില്‍ പഠനകാലത്ത് പരിശീലിക്കുകയും വിവാഹശേഷം പതിയെ മാറ്റിവയ്ക്കുകയും ചെയ്ത ഫാബ്രിക് ഡിസൈന്‍ കൂടി ഒപ്പം ചേര്‍ത്തു. വളര്‍ന്നത്തോടെ മകള്‍ക്ക് ആഭരണങ്ങളോടുള്ള താല്പര്യം പതിയെ ഇല്ലാതായി, പക്ഷേ അമ്മ അപ്പോഴേക്കും അതില്‍ കണ്ടെത്തിയത് സന്തോഷത്തോടെ തനിക്ക് ചേക്കേറാവുന്ന ഒരു തൊഴില്‍ സാധ്യത എന്ന ചില്ലയാണ്.
വട്ടിയൂര്‍ക്കാവ് തിട്ടമംഗലം സ്വദേശിയായ സുമി ഹരികുമാറിന്റെ സംരംഭക ജീവിതത്തിന്റെ തുടക്കം ഇത്തരത്തില്‍ രസകരമായ ഒരു ‘ഇഷ്ട’ത്തില്‍ നിന്നായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ‘ആത്മ ബുട്ടീക്ക്’ എന്ന സ്വന്തം സ്ഥാപനത്തില്‍ നിന്ന് ഈ കഥ ഓര്‍മിക്കുമ്പോള്‍ ഇഷ്ടങ്ങളെ ഒപ്പം കൂട്ടി വിജയിച്ച ഒരു വീട്ടമ്മയുടെ നിഷ്കളങ്കമായ ചിരിയും ബിരുദാനന്തര ബിരുദധാരി കൂടിയായ സുമിക്ക് സ്വന്തം.
സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് സുമി ഡിസൈനിങ് രംഗത്തേക്ക് കടന്നുവരുന്നത്. പത്താം ക്ലാസ്സ് വരെ പഠനത്തോടൊപ്പം പരിശീലിച്ച തയ്യല്‍, തനിക്ക് വേണ്ട രീതിയില്‍ മിനുക്കിയെടുക്കുക മാത്രമാണ് ആദ്യകാലത്ത് ചെയ്തിരുന്നത്. സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്ക് പ്രശംസകളും ആവശ്യക്കാരും ഏറിവന്നതോടെയാണ് ഈ മേഖലയിലെ വ്യവസായ സാധ്യത കണ്ടെത്താന്‍ സുമി ശ്രമിച്ചത്. കുടുംബം പൂര്‍ണ പിന്തുണയുമായി ഒപ്പം നിന്നതോടെ തന്റെ വഴിയിലേക്ക് സുമി എത്തിച്ചേര്‍ന്നു. പന്ത്രണ്ട് വര്‍ഷത്തോളം വീട് കേന്ദ്രീകരിച്ചു മാത്രം തന്റെ സംരംഭം നടത്തി വന്ന സുമി 2024 ജൂലൈയിലാണ് ശാസ്തമംഗലത്ത് ‘ആത്മ’ എന്ന ബുട്ടീക്ക് ആരംഭിക്കുന്നത്.
സ്ത്രീകള്‍ക്ക് മാത്രമായി ഒരു വസ്ത്രശേഖരം എന്നതാണ് സുമിയുടെ ആശയം. പൊതുവെ താങ്ങാന്‍ കഴിയാത്ത ഉയര്‍ന്ന വില കാരണം സാധാരണക്കാര്‍ പലപ്പോഴും ഇഷ്ടപ്പെട്ട ഡിസൈനര്‍ വസ്ത്രങ്ങള്‍ വേണ്ടെന്ന് വയ്ക്കാറുണ്ട്. ഗുണമേന്മയില് വിട്ടുവീഴ്ച ചെയ്യാതെ തന്നെ നിലവാരമുള്ള വസ്ത്രങ്ങള്‍ താങ്ങാവുന്ന വിലയില്‍ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് ആത്മ.
വിലയ്ക്ക് പുറമെ പുതുമ എന്നതാണ് ആത്മയെ ഉപഭോക്താക്കള്‍ക്കിടയില്‍ ആകര്‍ഷകമാക്കി നിര്‍ത്തുന്നത്. ആവര്‍ത്തനസ്വഭാവം ആത്മയില്‍ പരമാവധി ഒഴിവാക്കുകയാണ് പതിവ്. ഒരേ ഡിസൈനുകള്‍ അങ്ങേയറ്റം നാല് വസ്ത്രങ്ങള്‍ക്ക് വരെ മാത്രമാണ് ഇവിടെ ഉപയോഗിക്കാറുള്ളത്.
ഡിസൈനിങ് എന്നത് പാറ്റേണുകള്‍ തുന്നിച്ചേര്‍ക്കുക മാത്രമല്ലെന്ന് ആദ്യം തന്നെ തിരിച്ചറിഞ്ഞിരുന്നു സുമി. അതുകൊണ്ട് തന്നെ സുമിയുടെ ഡിസൈനര്‍ സാരികള്‍ വ്യത്യസ്ത കൊണ്ട് മികച്ചു നിന്നത് അതിലെ അസാധാരണമായ നിറക്കൂട്ടുകളുടെയും മെറ്റീരിയലുകളുടെ സംയോജനത്തിലൂടെയുമാണ്. പടിപടിയായി ഈ വ്യത്യസ്തത തന്നെയാണ് സുമി വികസിപ്പിച്ചെടുത്തത്. പ്രധാനപ്പെട്ട പല നെയ്ത്തുകേന്ദ്രങ്ങളിലും നേരിട്ട് പോയാണ് മൈസൂര്‍ സില്‍ക്ക്, ചന്ദേരി മുതലായ തനത് തുണിത്തരങ്ങള്‍ സുമി ശേഖരിക്കുന്നത്. ഡിസൈനര്‍ വസ്ത്രങ്ങള്‍ക്ക് പുറമേ ആവശ്യാനുസരണം റെഡി ടു വെയര്‍ സാരികളും ആത്മയില്‍ നിന്ന് ലഭ്യമാണ്.
വസ്ത്രങ്ങള്‍ക്ക് പുറമേ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണത്തിനുളള ജ്വലറി കളക്ഷനും ആത്മയില്‍ ഉണ്ട്. ഡിസൈനുകളില്‍ ഉപയോഗിച്ചിരിക്കുന്ന ആശയങ്ങളാണ് ഓരോ ആഭരണങ്ങളെയും വ്യത്യസ്തമാക്കുന്നത്. കലയെ പ്രതിഫലിപ്പിക്കുന്ന നെക്ക്പീസുകള്‍, കമ്മലുകള്‍, മോതിരങ്ങള്‍ എന്നിവയ്ക്ക് ആരാധകര്‍ ഏറെയാണ് ആത്മയില്‍.
ഉപഭോക്താക്കളുമായി, വ്യാപാരം എന്നതിനപ്പുറം ഒരു സൗഹൃദം കൂടിയുണ്ടാകണമെന്നതാണ് സുമിയുടേയും കുടുംബത്തിന്റേയും പക്ഷം. ഓരോ സ്ത്രീയുടെയും ഉള്ളിലുള്ള ഏറ്റവും ഭംഗിയുള്ള രൂപം പരമാവധി അവര്‍ ആഗ്രഹിക്കുന്ന പോലെ മെനഞ്ഞെടുക്കുക എന്ന സ്വപ്നമാണ് സുമി, ആത്മ എന്ന പേരിനുള്ളില് ഒളിപ്പിച്ചു വച്ചതും. സ്വന്തം ആവശ്യം എന്നതിലേറെ ഇതിലൂടെ കണ്ടെത്തുന്ന വരുമാനം സാമൂഹിക സേവനങ്ങള്‍ക്കായി ഉപയോഗിക്കണം എന്നതാണ് എപ്പോഴും സുമിയുടെ ആഗ്രഹം. ഭര്‍ത്താവ് ഡോ. ആര്. ഹരികുമാറും മക്കള്‍ പാര്‍വതിയും പത്മനാഭും ‘ആത്മ’യുടെ ജീവനാഡികളായി സുമിക്കൊപ്പം തന്നെയുണ്ട്. രവികുമാർ ഐഎഫ്എസ് – വസന്ത ദമ്പതികളുടെ മകളാണ് സുമി.