Success Story

കണ്ണൂര്‍ കൈത്തറിയുടെ പ്രതാപം ഇഴകളില്‍ നെയ്ത് ‘ലിനോറ ഗാര്‍മെന്റ്‌സ്’

തിറകളുടെയും തറികളുടെയും നാട്… പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ തന്നെ കൈത്തറി മേഖലയില്‍ തനിമ കാത്തുസൂക്ഷിക്കുന്ന കണ്ണൂര്‍… സംസ്ഥാനത്തെ ഏറ്റവും വലിയ തോതില്‍ കൈത്തറി ഉത്പാദിപ്പിക്കുന്ന ജില്ല കൂടിയാണ്. ആഗോളതലത്തിലും പ്രശസ്തി നേടിയ ‘കണ്ണൂര്‍ കൈത്തറി’യുടെ പ്രതാപവും മൂല്യവും നിലനിര്‍ത്തിക്കൊണ്ട് അതിന് മാറ്റുകൂട്ടി ആളുകളിലേക്കെത്തിച്ച് വസ്ത്ര നിര്‍മാണ രംഗത്ത് വ്യത്യസ്തരാവുകയാണ് ‘ലിനോറ ഗാര്‍മെന്റ്‌സും’ അതിന്റെ ഉടമ റഹ്മത്ത് സി എച്ചും…!

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്യുകയും പിന്നീട് സര്‍വശിക്ഷ അഭിയാന്റെ കണ്ണൂര്‍ ജില്ലാ കോര്‍ഡിനേറ്ററായും ജോലി ചെയ്തിരുന്ന റഹ്മത്ത് അവിടെ നിന്ന് ബിസിനസിന്റെ ബാലപാഠങ്ങള്‍ പഠിച്ചെടുത്തത് വളരെ അവിചാരിതമായാണ്. കുടുംബശ്രീയുടെ പിന്തുണയില്‍ സ്ത്രീകള്‍ ഒന്നിച്ചുള്ള ഒരു ഫുഡ് പ്രോഡക്റ്റ് സംരംഭത്തില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം.

ബിസിനസ് എന്താണെന്നോ, അതിന്റെ വളര്‍ച്ചയും തളര്‍ച്ചയും എത്രത്തോളമാണെന്നോ ഒന്നും അറിയാതിരുന്ന കാലഘട്ടത്തില്‍ നിരവധി ട്രെയിനിങ് ക്ലാസുകളില്‍ പങ്കെടുത്ത് ആ ചെറുകിട സംരംഭവുമായി മുന്നോട്ടു പോയെങ്കിലും പിന്നീട് ഓണ്‍ലൈന്‍ വിപണന രംഗത്തിന്റെ വളര്‍ച്ച മനസ്സിലാക്കിയതോടെയാണ് ചുവടൊന്ന് മാറ്റി ചവിട്ടിയാലോ എന്ന് റഹ്മത്ത് തീരുമാനിച്ചത്.

തുടര്‍ന്ന്, വസ്ത്രങ്ങള്‍ വാങ്ങി അവ ഓണ്‍ലൈനില്‍ വിപണനം ചെയ്‌തെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. സ്വന്തമായി ഒരു ഗാര്‍മെന്റ്‌സ് യൂണിറ്റ് ഇല്ലാത്തതിന്റെയും മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വിലയ്‌ക്കെടുത്ത വസ്ത്രങ്ങളുടെ ‘ക്വാളിറ്റി’യുടെ പോരായ്മകളും മനസ്സിലായതോടെ എന്തുകൊണ്ട് സ്വന്തമായി ഒരു ഗാര്‍മെന്റ്‌സ് യൂണിറ്റ് ആരംഭിച്ചു കൂടാ എന്ന് റഹ്മത്ത് ചിന്തിച്ചു. എല്ലാത്തിനും പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് ഒപ്പം നിന്നതോടെ യാത്ര മുന്നോട്ട് തന്നെയെന്ന് ഈ വീട്ടമ്മ ഉറപ്പിച്ചു. അങ്ങനെ സ്വദേശമായ കണ്ണൂര്‍ അഴീക്കോട് ‘ലിനോറാ ഗാര്‍മെന്റ്‌സ്’ എന്ന യൂണിറ്റിന് റഹ്മത്ത് തിരി തെളിയിച്ചു.

സ്വന്തം കുടുംബത്തില്‍ നിന്ന് പോലും വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്ന സാഹചര്യത്തിലും തന്റെ സ്വപ്‌നങ്ങള്‍ മുറുകെ പിടിക്കുവാനും എല്ലാത്തിനും ഒപ്പം നില്‍ക്കുവാനും ഭര്‍ത്താവ് തുണയായി ഉണ്ടായത് റഹ്മത്തിന് കൂടുതല്‍ ബലം നല്‍കി. അങ്ങനെ കണ്ണൂര്‍ കൈത്തറിയുടെ മാഹാത്മ്യം ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തി കൈത്തറി നിര്‍മാണ രംഗത്ത് തന്റെ ഗാര്‍മെന്റ്‌സ് യൂണിറ്റിന് ചുവടുറപ്പിക്കുവാനുള്ള എല്ലാ സാഹചര്യവും റഹ്മത്ത് ഒരുക്കി.

ലേഡീസ്, കിഡ്‌സ്, ബ്രൈഡല്‍ തുടങ്ങി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആവശ്യമായ എല്ലാ തുണിത്തരങ്ങളും ലിനോറ ഗാര്‍മെന്റ്‌സില്‍ ഇന്ന് നിര്‍മിക്കുന്നുണ്ട്. നിര്‍മാണവും ഉത്പാദനവും എന്നതുപോലെതന്നെ കയറ്റുമതി ചെയ്യുന്നതിലും ഇവര്‍ ഇന്ന് മുന്‍പന്തിയിലാണ്. കണ്ണൂര്‍ കൈത്തറി വസ്ത്രങ്ങള്‍ക്ക് ലോകത്താകമാനം ആവശ്യക്കാരുള്ളതും കൈത്തറി വസ്ത്രങ്ങളിലെ വ്യത്യസ്തമായ ഡിസൈനിങ് രീതികളും പരിചയപ്പെടുത്തിയത് ലിനോറാ ഗാര്‍മെന്റ്‌സിനെ വളരെ പെട്ടെന്ന് തന്നെ ജനകീയമാക്കി തീര്‍ത്തു.

ചെറുകിട വന്‍കട കച്ചവടക്കാര്‍ക്ക് മൊത്തമായും ചില്ലറയായും വസ്ത്രങ്ങള്‍ നിര്‍മിച്ച നല്‍കുന്ന ലിനോറ, കസ്റ്റമേഴ്‌സിലേക്കും അവരുടെ ഡിസൈനുകള്‍ വളരെ പെട്ടെന്ന് തന്നെ എത്തിച്ച് നല്‍കുന്നുണ്ട്. ലിനോറ ഡിസൈന്‍സിന് ലഭിച്ച പിന്തുണയുടെ ചുവടുപിടിച്ച് ഒറിജിനല്‍ കൈത്തറിയില്‍ വെസ്‌റ്റേണ്‍ കുര്‍ത്തികളും ലേഡീസ് കിഡ്‌സ് വെയറുകളും നിര്‍മിക്കുന്ന ‘ലിനോറോ ഡെസിഗ്‌നോ’ എന്ന ബ്രാന്‍ഡിന്റെ പണിപ്പുരയില്‍ ആണ് ഇപ്പോള്‍ റഹ്മത്ത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button