Special StorySuccess Story

ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ഔവര്‍ കോളേജ്‌

ഒരു നാടിനെയും ജനതയെയും പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരത്തിലൂടെ വാര്‍ത്തെടുക്കുവാന്‍ സ്വന്തം ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും പോരാടി, വിദ്യാഭ്യാസ മേഖലയില്‍ സമാന്തര വിദ്യാഭ്യാസ സമ്പ്രദായത്തിന് തുടക്കം കുറിച്ച്, മൂന്ന് തലമുറകള്‍ പിന്നിട്ട്, നൂറിന്റെ നിറവില്‍ പൂര്‍ണചന്ദ്രന്റെ ശോഭയോടെ സാഭിമാനം തലയുയര്‍ത്തി നില്ക്കുമ്പോള്‍ ആര്‍ അച്യുതന്‍ നായര്‍ എന്ന അധ്യാപക ശ്രേഷ്ഠനും അദ്ദേഹത്തിന്റെ ‘ഔവര്‍ കോളേജ്’ എന്ന പ്രസ്ഥാനത്തിനും പറയാനുള്ളത് ഒരു നവോത്ഥാനത്തിന്റെ കഥ കൂടിയാണ്. വിജ്ഞാന വൃക്ഷത്തിന്റെ വേരുകള്‍ തേടിയുള്ള ഈ യാത്രയില്‍ തലമുറകള്‍ കൈമാറി വന്ന, ഒരു വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ ആവിഷ്‌കാരത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് കാണാന്‍ കഴിയുന്നത്.

100 ന്റെ നിറനിലാവ്

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വെളിയന്നൂര്‍ എന്ന ഹരിതാര്‍ഭയാര്‍ന്ന ഗ്രാമത്തില്‍ ഗോവിന്ദ പിള്ളയുടെയും കാര്‍ത്യായനി അമ്മയുടെയും മൂന്നാമത്തെ മകനായാണ് അച്യുതന്‍ നായരുടെ ജനനം. ശിവഗിരി സ്‌കൂളിലും എം.ജി കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ചെറുപ്പത്തില്‍ തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തന രംഗത്തും സജീവമായി. വായനയുടെയും സാഹിത്യത്തിന്റെയും ലോകത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം.

തന്റെ ജീവിതത്തിലുടനീളം മൂല്യവത്തായ സൈദ്ധാന്തിക ദര്‍ശനങ്ങള്‍ പുലര്‍ത്തിയിരുന്ന അദ്ദേഹം മികച്ചൊരു സാഹിത്യകാരനും വാഗ്മിയും അറിവിന്റെ നിറകുടമായ നല്ലൊരു അധ്യാപകനും കൂടിയായിരുന്നു. ജാതി വ്യവസ്ഥ, ജന്മി-കുടിയാന്‍ സമ്പ്രദായങ്ങള്‍ എന്നിവ നിലനിന്നിരുന്ന അക്കാലത്ത് അത്തരം അനീതികള്‍ക്ക് ഒരു അറുതി വരുത്തി സമൂഹത്തെ പരിഷ്‌കരിക്കാനും വായനയിലൂടെയും അറിവിലൂടെയും തന്റെ ഒപ്പമുള്ളവരെയും വരും തലമുറയെയും പുനരുദ്ധരിക്കാനും അഹോരാത്രം ശ്രമിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം.

ഗ്രന്ഥശാല പ്രസ്ഥാനത്തിന് കേരളത്തിലൂടനീളം അടിത്തറയുറപ്പിക്കുവാന്‍ മുന്‍കൈയെടുത്ത പ്രധാനികളില്‍ ഒരാളാണ് ആര്‍ അച്യുതന്‍ നായര്‍. ജന്മനാടായ വെളിയന്നൂരില്‍ കുട്ടികള്‍ക്ക് വായിച്ചു വളരുവാനായി, താന്‍ വാങ്ങി വായിച്ചതും ശേഖരിച്ചതുമായ 3000ത്തിലധികം പുസ്തകങ്ങളുമായി ഒരു ലൈബ്രറി അദ്ദേഹം ജന്മനാടിന് സമര്‍പ്പിച്ചു. പി എന്‍ പണിക്കര്‍ക്കൊപ്പം ചേര്‍ന്ന് കേരള ഗ്രന്ഥശാല സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജാഥ (കേരളയാത്ര) തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടത് തന്നെയാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ കേരളയാത്രയ്ക്ക് സ്വീകരണം നല്‍കാന്‍ എത്തിയിരുന്നു.

കൂടാതെ, ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തകനായിരുന്ന അച്യുതന്‍ നായര്‍ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് തല ഇലക്ഷനില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിനിധീകരിച്ചു മത്സരിക്കുകയും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. ഇഎംഎസ് നമ്പൂതിരിപ്പാട്, എ കെ ഗോപാലന്‍ എന്നിവര്‍ അടക്കമുള്ള നേതാക്കളുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നതിനാല്‍ തന്നെ അദ്ദേഹത്തിന്റെ സ്ഥാപനം പലപ്പോഴും അത്തരം കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും വേദി ഒരുക്കിയിരുന്നു.

ഈ കൃത്യാന്തര ബഹുലതകള്‍ക്കിടയിലും തന്റെ അധ്യാപനത്തിന്റെ മാധുര്യം നുണയുമ്പോഴും കൃഷി കാര്യങ്ങളും പശു വളര്‍ത്തലുമൊക്കെ തന്റെ ഭാര്യ ലളിതാവതി അമ്മയോട് ചേര്‍ന്ന് നിര്‍ബാധം നടക്കുന്നുണ്ടായിരുന്നു. ഈ മനോഹര ജീവിതം അന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സിലും മറ്റുപത്രങ്ങളിലും ദൂരദര്‍ശനിലുമൊക്കെ വാര്‍ത്തയായി വന്നിരുന്നു. ഇതിന്റെ ‘റൈറ്റപ്പ്’ അക്കാലത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകത്തില്‍ പാഠ്യഭാഗമായും വന്നിരുന്നു.

ഔവര്‍ കോളേജ് ; പാരലല്‍ വിദ്യാഭ്യാസ രംഗത്തെ വിപ്ലവം

നാട്ടുരാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് കേരളസംസ്ഥാനം ഉണ്ടാകുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയതാണ് ‘ഔവര്‍ കോളേജ്’ എന്ന പ്രസ്ഥാനത്തിന്റെ ചരിത്രം. വര്‍ഷങ്ങള്‍ക്കു മുന്‍പ് നെടുമങ്ങാടിനടുത്ത് ചക്രപാണിപുരം എന്ന സ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷയില്‍ ഒട്ടേറെ കുട്ടികള്‍ വളരെ നിരാശാജനകമായ രീതിയില്‍ പരാജയപ്പെട്ടപ്പോള്‍ സ്‌കൂള്‍ മാനേജര്‍ അച്യുതന്‍ നായര്‍ എന്ന യുവാവിനെ വിളിപ്പിച്ചു.

തന്റെ കുട്ടികളെ പഠിപ്പിച്ച് അവരെ വിജയത്തിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് മാനേജര്‍ ആ യുവാവിനെ ഏല്പിച്ചത്. അങ്ങനെ, വളരെ കുറച്ചു കുട്ടികളുമായി തുടങ്ങിയ ആ ക്ലാസ്സില്‍ ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ 30 ലേറെ കുട്ടികള്‍ പഠനത്തിനായി എത്തിച്ചേര്‍ന്നു. കേരളം മുഴുവന്‍ പടര്‍ന്നു പന്തലിച്ച ‘ഔവര്‍ കോളേജ്’ എന്ന വിപ്ലവത്തിന്റെ തുടക്കമാണ് അതെന്ന് അന്ന് ആരും അറിഞ്ഞില്ല.

കുട്ടികള്‍ വര്‍ദ്ധിച്ചു വന്നതോടുകൂടി പുതിയ സ്ഥലത്തേക്ക് ആ ചെറിയ ട്യൂഷന്‍ സെന്റര്‍ പറിച്ചു നടപ്പെട്ടു. 1953ല്‍ ചെറിയൊരു ട്യൂഷന്‍ സെന്റര്‍ മാത്രമായി ആരംഭിച്ച സ്ഥാപനം അന്നത്തെ കാലത്ത് വിദ്യാഭ്യാസരംഗത്ത് ഒരു വിപ്ലവം തന്നെയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട സ്ഥാപനത്തിന് കുട്ടികള്‍ തന്നെ പേരിട്ടു ‘OUR COLLEGE’. പിന്നീടങ്ങോട്ട് കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ‘ഔവര്‍ കോളേജി’ന്റെ ജൈത്രയാത്രയായിരുന്നു. കേരളത്തില്‍ പാരലല്‍ കോളേജ് എന്ന ആശയത്തിന്റെ ഉത്ഭവസ്ഥാനമായിരുന്നു ഔവര്‍ കോളേജ്. ആര്‍ അച്യുതന്‍ നായര്‍ക്കൊപ്പം ആത്മമിത്രവും ബാല്യകാല സുഹൃത്തുമായ ആര്യനാട് സ്വദേശിയായ കെ ബാലകൃഷ്ണന്‍ നായര്‍ കൂടി ഒപ്പം ചേര്‍ന്നപ്പോള്‍ ഔവര്‍ കോളേജ് എന്ന പ്രസ്ഥാനത്തിന് കരുത്ത് വര്‍ദ്ധിച്ചു.

സൈദ്ധാന്തിക വിഷയങ്ങള്‍ക്ക് പുറമേ ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ലാബ് സൗകര്യവും നെടുമങ്ങാട് ട്യൂട്ടോറിയല്‍ സെന്ററിനോട് അനുബന്ധമായി ആ കാലത്ത് തന്നെ ആരംഭിച്ചിരുന്നു. സ്ഥാപനമാരംഭിച്ച് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഔവര്‍ കോളേജ് എന്ന പേര് ഔദ്യോഗികമായി ലഭിച്ചത്. ‘ഞങ്ങളുടേത്’ എന്ന് അര്‍ത്ഥം വരുന്ന ഔവര്‍ കോളേജ് ഒരു ജനകീയ വിദ്യാഭ്യാസ സ്ഥാപനത്തിന് ഉത്തമ ഉദാഹരണം കൂടിയാണ്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചു വരുന്ന കാലത്ത് രാഷ്ട്രീയമോ, വിദ്യാഭ്യാസ സ്ഥാപനമോ എന്ന ആശയക്കുഴപ്പത്തിന് മുന്നില്‍ പകച്ചുനില്ക്കുമ്പോള്‍, വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്‍തൂക്കം കൊടുത്തു വിദ്യാഭ്യാസ മേഖലയ്ക്ക് കൈത്താങ്ങായി മുന്നോട്ടു പോകുവാന്‍ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഇഎംഎസ് ആണ് അദ്ദേഹത്തിന് ഉപദേശം നല്‍കിയത്.

1953 ല്‍ നെടുമങ്ങാട് തുടക്കം കുറിച്ച ഔവര്‍ കോളേജ് 1963ല്‍ തിരുവനന്തപുരത്ത് ശാഖ ആരംഭിച്ചു. 1973 കാലഘട്ടത്തില്‍ എറണാകുളത്തും 80 കളില്‍ കോട്ടയത്തും പിന്നീട് കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു. തലമുറകള്‍ കൈമാറി ഇന്ന് അബുദാബിയില്‍ വരെ എത്തിനില്ക്കുന്ന ഔവര്‍ കോളേജ് എന്ന മഹത് സ്ഥാപനത്തിന്റെ അടിത്തറ ആര്‍ അച്യുതന്‍ നായര്‍ എന്ന വ്യക്തിയുടെ ദീര്‍ഘവീക്ഷണം തന്നെയാണ്.

പരീക്ഷ വിജയിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍പഠനത്തിന് പ്രവേശനം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ആ വലിയ പ്രതിസന്ധിയ്ക്ക് പോംവഴി കണ്ടെത്തി, വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ വെളിച്ചം വിതറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ സര്‍വകലാശാല വിദ്യാഭ്യാസത്തിനും സമാന്തരമായി ഒരു സാഹചര്യം സൃഷ്ടിക്കേണ്ട അനിവാര്യതയില്‍ നിന്നാണ് വിദ്യാഭ്യാസ വകുപ്പുകളുമായുള്ള കൂടിയാലോചനകളുടെ ഫലമായി ഔവര്‍ കോളേജ് സര്‍ക്കാരിന്റെ പിന്തുണയോടെ തന്നെ പാരലല്‍ കോളേജുകള്‍ ആരംഭിക്കുകയായിരുന്നു.

കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ എല്ലാത്തരം പരിണാമങ്ങള്‍ക്കും സാക്ഷിയായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ഔവര്‍ കോളേജ്. ഒരു ക്ലാസ് മുറിയില്‍ നിന്ന് ആരംഭിച്ച് അന്നത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി മാറി സംസ്ഥാന തലസ്ഥാനത്തേക്ക് എത്തി, മറുനാട്ടില്‍ നിന്ന് വന്നു പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയത് മുതല്‍ കേരള സര്‍വകലാശാലയുടെ കീഴില്‍ വിദ്യാഭ്യാസ രംഗത്ത് വന്ന ഓരോ മാറ്റങ്ങളും ഈ സ്ഥാപനത്തിലൂടെയാണ് കടന്നുപോയിട്ടുള്ളത്. ഇത്രയും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എല്ലാ മേഖലയിലും പ്രഗത്ഭരായ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കുവാന്‍ ഔവര്‍ കോളേജ് എന്ന പാരമ്പര്യത്തിന് സാധിച്ചിട്ടുണ്ട്.

ഔവര്‍ കോളേജ്; തലമുറകളിലേക്കുള്ള കൈമാറ്റം

പിതാവിന്റെ പാത പിന്തുടര്‍ന്ന് മക്കളും സമാന്തര വിദ്യാഭ്യാസ മേഖലയിലേക്ക് തന്നെ എത്തി. ഔവര്‍ കോളേജ് എന്ന പേര് നിലനിര്‍ത്തി, അതൊരു പാരമ്പര്യത്തിന്റെ സ്വത്വമായി കാത്തുസൂക്ഷിച്ചുകൊണ്ട്, പുതുകാലഘട്ടത്തിന്റെ മേമ്പൊടികള്‍ ചേര്‍ത്ത്, ആര്‍ അച്യുതന്‍ നായരുടെ നാലു മക്കളും തങ്ങളുടെ കര്‍മമണ്ഡലങ്ങളില്‍ ശോഭ പരത്തി.

നെടുമങ്ങാട് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന കോളേജിന്റെ പൂര്‍ണ ഉത്തരവാദിത്വം മൂത്ത മകള്‍ ഗീത ഏറ്റെടുത്തു. രണ്ടാമത്തെ മകന്‍ ഡോ. ജ്യോതിഷ് കുമാര്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനോടൊപ്പം ഔവര്‍ കോളേജ് എന്ന ഈ സമാന്തര വിദ്യാഭ്യാസ പാരമ്പര്യത്തിന്റെ വിത്തുകള്‍ ‘ഔവര്‍ ഇന്റര്‍നാഷണല്‍’ എന്ന പേരില്‍ വിദേശ രാജ്യത്തേക്ക് വ്യാപിപ്പിച്ച് വിദേശ മണ്ണിലും സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും നിലനിര്‍ത്തുന്നു. LINCOLN യൂണിവേഴ്‌സിറ്റിയുടെ India- Middle East ന്റെ ഓപ്പറേഷണല്‍ ഡയറക്ടര്‍ കൂടിയാണ് ഡോ. ജ്യോതിഷ് കുമാര്‍.

വിവിധ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് അവരുടെ ഓഫ് ക്യാമ്പസ് സെന്റര്‍ ആയി പ്രവര്‍ത്തിച്ച്, വിദേശത്തും സ്വദേശത്തും വിജയത്തിന്റെ ഒരു പൊന്‍തൂവല്‍ കൂടി ഔവര്‍ ഇന്റര്‍നാഷണല്‍ സ്വന്തമാക്കി. കൂടാതെ ഇന്ത്യ, ഫോറിന്‍ യൂണിവേഴ്‌സിറ്റികളുടെ ഗള്‍ഫിലെ സെന്റര്‍ ആയും വിദേശ മണ്ണില്‍ ഔവര്‍ കോളേജ് സ്ഥാനം പിടിച്ചിട്ടുണ്ട്. നിലവില്‍ അഞ്ചോളം സെന്ററുകളുമായി വിദേശ മണ്ണിലും വിജയക്കൊടി പാറിക്കുകയാണ് ഔവര്‍ ഇന്റര്‍നാഷണല്‍.

മൂന്നാമത്തെ മകന്‍ പ്രദീപ്, തിരുവനന്തപുരത്ത് കാട്ടാക്കട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഗ്യാന്‍ കോളേജ്, കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഔവര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസ് എന്നീ സ്ഥാപനങ്ങളുടെ ചുമതലയാണ് ഏറ്റെടുത്തിരുന്നത്. അദ്ദേഹത്തിന്റെ അകാല നിര്യാണത്തിനു ശേഷം ഭാര്യ അനു പ്രദീപ് സ്ഥാപനങ്ങളുടെ ചുമതല ഏറ്റെടുത്തു നടത്തുന്നു.

ഔവര്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റ്, ഔവര്‍ അച്യുതന്‍ നായര്‍ ഫൗണ്ടേഷന്‍ എന്ന പ്രസ്ഥാനങ്ങളിലൂടെ മറ്റു മേഖലകളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നിയന്ത്രണവും ഇളയ മകള്‍ പ്രതിഭയും ഡോ. ജ്യോതിഷ് കുമാറിന്റെ ഭാര്യ പ്രിയയും ചേര്‍ന്ന് നിര്‍വഹിക്കുന്നു. ഇതുകൂടാതെ ‘ഔവര്‍’ എന്ന പേരില്‍ തന്നെ വെള്ളയമ്പലം ആസ്ഥാനമാക്കി ഒരു ഗ്യാസ് ഏജന്‍സിയും ഡോ. ജ്യോതിഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അച്യുതന്‍ നായര്‍ തുടങ്ങിവച്ച വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അലകള്‍ മൂന്നാം തലമുറയിലേക്കും എത്തിനില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്. 2023 ല്‍ എഴുപതാം വാര്‍ഷികം പിന്നിട്ടപ്പോള്‍ ഔവര്‍ കോളേജിന്റെ മൂന്നാം തലമുറയിലുള്ള പാര്‍വതി ശങ്കറും ലക്ഷ്മി പ്രവീണും ചേര്‍ന്ന് ഔവര്‍ കിഡ്‌സ് എന്ന കിന്‍ഡര്‍ ഗാര്‍ഡന്‍ തുടങ്ങി.

സമാന്തര വിദ്യാഭ്യാസ സമ്പ്രദായത്തിനോടൊപ്പം തന്നെ ശക്തമായ ഒരു തൊഴില്‍ സംസ്‌കാരം കൂടി ഔവര്‍ കോളേജ് ഒരു കാലഘട്ടത്തിനു മുന്നില്‍ അവതരിപ്പിച്ചു. പാരലല്‍ കോളേജ് എന്ന ഒരു ആശയത്തിലൂടെ, അഭ്യസ്തവിദ്യനായ ഏതൊരു വ്യക്തിക്കും സ്വന്തം നാട്ടില്‍ സ്വന്തം ചുറ്റുവട്ടത്ത് ഒരു ട്യൂഷന്‍ സെന്റര്‍ ആരംഭിക്കുവാനും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുവാനും അതുവഴി അഭ്യസ്ത വിദ്യരായ കുറച്ചുപേര്‍ക്ക് കൂടി തൊഴില്‍ നല്‍കുവാനുമുള്ള ഒരു സാഹചര്യത്തിനു തുടക്കം കുറിച്ചത് ഔവര്‍ കോളേജിലൂടെ തന്നെയാണ്.

പാരലല്‍ വിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരികയും പരീക്ഷകള്‍ ‘സെന്‍ട്രലൈസ്’ ചെയ്യുവാനുള്ള തീരുമാനത്തിലേക്ക് വിദ്യാഭ്യാസ വകുപ്പിനെ കൊണ്ടെത്തിച്ചതിലും ആര്‍ അച്യുതന്‍ നായര്‍ക്കുള്ള പങ്ക് ശ്രദ്ധേയമാണ്. കൂടാതെ, പാരലല്‍ വിദ്യാഭ്യാസ രംഗത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബസുകളില്‍ ‘കണ്‍സെഷന്‍’ അനുവദിച്ചു നല്‍കിയതിന്റെ പിന്നിലെ വ്യക്തിയും അദ്ദേഹം തന്നെയായിരുന്നു. കൂടാതെ, പാരലല്‍ കോളേജ് പ്രവര്‍ത്തകരുടെ ഉന്നമനം ലക്ഷ്യമാക്കി പാരലല്‍ കോളേജ് അസോസിയേഷന്‍ രൂപീകരിക്കുകയും അതിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു വരികയും ചെയ്ത വ്യക്തിയാണ് ആര്‍ അച്യുതന്‍ നായര്‍.

നൂറിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍, നിരവധി പുരസ്‌കാരങ്ങള്‍ ആര്‍ അച്യുതന്‍ നായരെ തേടിയെത്തിയിട്ടുണ്ട്. എങ്കിലും ഇന്നും എന്നും അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്നതുമായ അംഗീകാരം തന്റെ പ്രിയപ്പെട്ട സഹയാത്രികനായിരുന്ന പി എന്‍ പണിക്കരുടെ പേരിലുള്ള പുരസ്‌കാരം തന്നെയാണ്.

ഔവര്‍ ഒരു ജനകീയ വിദ്യാഭ്യാസ സ്ഥാപനത്തിന് ഉദാഹരണം ആകുന്നതിനോടൊപ്പം തന്നെ പാരലല്‍ വിദ്യാഭ്യാസ രംഗത്ത് സമാനതകള്‍ ഇല്ലാത്ത ഒരു പാരമ്പര്യം കൂടിയാണ് കൈമാറുന്നത്. ഒട്ടേറെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഔവര്‍ കോളേജില്‍ ഏര്‍പ്പെടുത്തിയിരുന്നു. പൈതൃകമായി ലഭിച്ച മൂല്യവും മഹത്വവും കാത്തുസൂക്ഷിച്ച് മൂന്നാം തലമുറയും മുന്നേറുന്നു. പൈതൃകമായി ലഭിച്ച ഔവര്‍ കോളേജ് എന്ന പ്രസ്ഥാനത്തിന്റെ മൂല്യവും മഹത്വവും കണ്ടറിഞ്ഞ് ഇന്ന് മൂന്നാം തലമുറയിലേക്കും അതൊരു ശക്തമായ പ്രസ്ഥാനമായി തലയെടുപ്പോടെ നിലനില്ക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

ആര്‍ അച്യുതന്‍ നായരെന്ന വ്യക്തിത്വത്തില്‍ തുടങ്ങി, ഒരു കാലഘട്ടത്തിന്റെയും ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും ചരിത്രത്തിന്റെയും പൂര്‍ണ പരിണാമമായി ഔവര്‍ കോളേജ് നിലകൊള്ളുന്നു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button