രുചിയെഴുതിയ വിജയം ; പൊഗോപ് ഫ്രൈഡ് ചിക്കന്‍
ലയ രാജന്
രുചി കൊണ്ട് കൊതിപ്പിക്കുകയും എന്നാല്‍ ആരോഗ്യവും വിലയും പരിഗണിക്കുമ്പോള്‍ മിക്കപ്പോഴും വേണ്ടെന്ന് വയ്ക്കുകയും ചെയ്യുന്നവയാണ് പുറമെ നിന്നുള്ള ഭക്ഷണം. ഇടയ്ക്കൊക്കെ പ്രിയപ്പെട്ടവര്‍ക്കൊപ്പം പുറത്തു നിന്നും ഭക്ഷണം കഴിക്കാം എന്ന് കരുതിയാലും ഇഷ്ടഭക്ഷണം താങ്ങാവുന്ന വിലയില്‍ പലപ്പോഴും ലഭ്യമല്ലാത്തത് സാധാരണക്കാര്‍ക്ക് പൊതുവെ ഒരു തിരിച്ചടിയാണ്. അവിടെയാണ് പെരിന്തല്‍മണ്ണക്കാരനായ ഷാനവാസ് കെ എം തന്റെ ഫ്രൈഡ് ചിക്കന്‍ ബ്രാന്‍ഡ് ആയ ‘പൊഗോപ് ചിക്കന്‍’ നാല് വര്‍ഷം മുന്‍പ് പരിചയപ്പെടുത്തുന്നത്. മഞ്ചേരി കേന്ദ്രീകരിച്ച് 2020ല്‍ ആരംഭിച്ച പൊഗോപ് ചിക്കന്‍ നിലവില്‍ വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഫ്രൈഡ് ചിക്കന്‍ ബ്രാന്‍ഡാണ്.
ആദ്യകാലത്ത് ഹോട്ടല്‍ ജീവനക്കാരനായി ഈ മേഖലയില്‍ ചുവടുവച്ച ഷാനവാസ്, ഏകദേശം പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റെസ്റ്റോറന്റ് ബിസിനസിലേക്ക് ചുവട് മാറ്റുന്നത്. 2018ല്‍ ആരംഭിച്ച ആദ്യസംരംഭം പ്രതീക്ഷിച്ച വിജയം നേടാതിരുന്നതോടെ ഒരു ഇടവേളയെടുത്ത് ബിസിനസിനെക്കുറിച്ച് അധികാരികമായി പഠിച്ചശേഷമാണ് പൊഗോപ് ചിക്കന്‍ ആരംഭിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍, ഗുണമേന്മയില് യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ ഫ്രൈഡ് ചിക്കന്‍ നല്‍കുക എന്നതാണ് പൊഗോപിന്റെ നയം. സാധാരണഗതിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ആശങ്കകള്‍ക്കുമുള്ള ഉത്തരങ്ങളോട് കൂടിയാണ് ഇവിടെ നിന്നും ഫ്രൈഡ് ചിക്കന്‍ വിറ്റുപോകുന്നത്.
ക്രിസ്പി ഫ്രൈഡ് ചിക്കനും മസാല ഷവായുമാണ് ഇവിടെ ഏറ്റവും ആവശ്യക്കാരുള്ള വിഭവങ്ങള്‍. ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്ന ഇറച്ചി മുതല്‍ ഓരോ ചേരുവയും കാര്യക്ഷമമായി പരിശോധിച്ച് ഗുണമേന്മ ഉറപ്പ് വരുത്തി മാത്രമാണ് പാചകം ചെയ്യുന്നത്. ഫാമില്‍ നിന്ന് നേരിട്ടത്തിക്കുന്ന കോഴി മുതല്‍ കൃത്യമായ മേല്‍നോട്ടത്തില്‍ തയാറാക്കുന്ന മസാലയും ഏറ്റവും കുറച്ച് മാത്രം ഉപയോഗിക്കുന്ന, പഴക്കമില്ലാത്ത എണ്ണയും വരെ അതിന്റെ തെളിവുകളാണ്.
മഞ്ചേരിയില്‍ 2020ല്‍ ആരംഭിച്ച പൊഗോപ് ചിക്കന്‍ ഇന്ന് വിവിധ സ്ഥലങ്ങളിലായുള്ള ഫ്രാഞ്ചൈസികളടക്കം പതിനാറ് വില്പനകേന്ദ്രങ്ങളുണ്ട്. ഇതിനു പുറമേ സെപ്റ്റംബറില്‍ പുതിയ അഞ്ച് ഔട്ട്ലറ്റുകള് കൂടി തുറക്കുകയാണ്. ഷാനവാസ് ഒറ്റയ്ക്ക് തുടക്കം കുറിച്ച ഈ സംരംഭത്തിന് നിലവില്‍ ഷെബിനാസ് പി ജീലാനി, ജമാല്‍ എ കെ ജീലാനി എന്നീ കോഴിക്കോട് സ്വദേശികളും പങ്കാളികളാണ്.
പതിനാറ് വില്പന കേന്ദ്രങ്ങളിലുമായി മുന്നൂറിലേറെ ജീവനക്കാരുണ്ടെങ്കിലും സാധ്യമാകുമ്പോഴെല്ലാം അടുക്കളയില്‍ ഷാനവാസുമുണ്ടാകും. തന്റെ രുചിക്കൂട്ടിന്റെ രഹസ്യം പുറത്തുപറയില്ലെന്ന് പറഞ്ഞു ചിരിക്കുമ്പോഴും പാചകം ചെയ്യാന്‍ പാകപ്പെടുത്തിയ മസാലക്കൂട്ട് ഇവിടെ നിന്നും വില്‍ക്കാറുണ്ട്. നഗരപരിധിയില്‍ 5 കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യ ഹോം ഡെലിവറി സൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള സേവനങ്ങളും ലഭ്യമാണ്. താങ്ങാവുന്ന വിലയില്‍ രുചികരവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ലഭ്യമായതു തന്നെയാണ് പൊഗോപ് ചിക്കനെ ജനകീയമാക്കിയതെന്ന് ഷാനവാസ് കെ എം സാക്ഷ്യപ്പെടുത്തുന്നു.
പൊഗോപ് ചിക്കന്‍ പുറമേ ഷാമിയ ഫുഡ്സ് എന്ന പേരില്‍ മസാലക്കൂട്ടുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിപണനവും മിയ കിച്ചണ്‍ എന്ന അടുക്കള ഉപകരണങ്ങളുടെ ഷോറൂമും സമാന്തരമായി ഷാനവാസ് നടത്തി വരുന്നു. ഒരു അടുക്കളയിലേക്ക് വേണ്ടതെല്ലാം ഒരുമിച്ച് ഒരുക്കുക എന്നതാണ് തന്റെ ഉദ്ദേശമെന്ന് ഷാനവാസ് കെ എം പറയുന്നു. മിയ കാറ്ററിംഗ് സര്‍വീസ്, ഇതിനോടൊപ്പമുള്ള സഹോദര സംരംഭമാണ്. മലപ്പുറം ജില്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുവെങ്കിലും മറ്റു ജില്ലകളിലേക്കും ഇവന്റ് മാനേജ്മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാര്യക്ഷമമായി സജ്ജീകരിക്കുന്നതിലും ഇവിടെ ഒട്ടും വീഴ്ചയില്ല.
ഭക്ഷണം മനുഷ്യര്‍ ഏറ്റവും സന്തോഷത്തോടെ കഴിക്കേണ്ടതാണ്. അതിനാല്‍ തന്നെ അതില്‍ മായം ചേര്‍ക്കാന്‍ പാടില്ല എന്നതാണ് ഷാനവാസിന്റെ പക്ഷം. നാമെന്തു കഴിക്കുന്നോ അത്രയും വിശ്വസനീയമായത് തന്നെയാവണം നമ്മുടെ ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ക്ക് വിളമ്പാന്‍. റെസ്റ്റോറന്റ് ബിസിനസ് മേഖലയിലേക്ക് വരാനൊരുങ്ങുന്നവരോട് ഇതിനപ്പുറമൊന്നും അദ്ദേഹത്തിനു പറയാനില്ല.
സാമ്പത്തിക പരിമിതികള്‍ മൂലം പഠനം പകുതിയിലുപേക്ഷിച്ച് പതിമൂന്നാം വയസ്സില്‍ ഹോട്ടല്‍ ജീവനക്കാരനായി ജീവിതമാരംഭിച്ച ഷാനവാസ് കെ എം ഇന്ന് തന്റെ ജീവിതവിജയം എഴുതുന്നതും കലര്‍പ്പില്ലാത്ത ഭക്ഷണത്തിന്റെ പിന്‍ബലം കൊണ്ടാണ്. അപ്രതീക്ഷിതമായ തടസ്സങ്ങളെ സധൈര്യം നേരിടാന്‍ കൂടെയുള്ള, സ്വപ്നങ്ങള്‍ മനോഹരമായി പങ്കുവയ്ക്കുകയും അത് സത്യമാക്കാന്‍ ഒപ്പം പരിശ്രമിക്കുകയും ചെയ്യുന്ന നല്ലപാതി സമീനയ്ക്കൊപ്പം ജീവിതത്തില്‍ മുന്നിലേക്ക് മാത്രം പോവുകയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ 2030ല്‍ രാജ്യമൊട്ടുക്കായി 100 ഔട്ട്ലറ്റുകള് എന്ന സ്വപ്നത്തെക്കുറിച്ച് പറയുമ്പോള്‍ അത് വെറുമൊരു മോഹം മാത്രമല്ല എന്ന ശുഭാപ്തി വിശ്വാസത്തിന്റെ തിളക്കമുണ്ട്, ആ വാക്കുകള്‍ക്ക് !