വരകള്‍ക്ക് വര്‍ണങ്ങളുടെ ജീവന്‍; മ്യൂറല്‍ പെയിന്റിങ്ങിലൂടെ നിറങ്ങള്‍ക്ക് മോടി കൂട്ടി നിഷ ബാലകൃഷ്ണന്‍
മനുഷ്യ സംസ്‌കാരത്തിന്റെ വളര്‍ച്ചയുടെ, ചരിത്രത്തിന്റെ അവശേഷിപ്പുകള്‍ പേറുന്നവയാണ് ചുമര്‍ ചിത്രങ്ങള്‍ അഥവാ മ്യൂറല്‍ പെയിന്റിംഗ്. ഭൂതകാലത്തിന്റെ അടയാളങ്ങള്‍ പേറി കലയും കാര്യവും കടന്ന് സൗന്ദര്യസങ്കല്പങ്ങളുടെ അടിസ്ഥാനമായി ഇന്ന് മ്യൂറല്‍ പെയിന്റിംഗ് മാറിക്കഴിഞ്ഞു. ചുമരില്‍ വരച്ചിരുന്ന ചിത്രങ്ങള്‍ കാലത്തിന്റെ മാറ്റത്തിന് വിധേയമായി ക്യാന്‍വാസിലേക്കും ഫ്രെയിമുകളിലും ഉള്‍ക്കൊള്ളാന്‍ പാകത്തിന് പരുവപ്പെട്ടപ്പോള്‍ ഇന്റീരിയര്‍ ഡിസൈനിങ്, ഡ്രസ്സ് ഡിസൈനിങ് എന്നിവയുടെ ലോകത്തേക്കും മ്യൂറല്‍ പെയിന്റിങ്ങിന്റെ സാധ്യതകള്‍ വളര്‍ന്നു. അത്തരത്തില്‍ കൈപ്പിടിയിലുള്ള സാധ്യതകളെ സംരംഭത്തിന് വേണ്ടി പ്രയോജനപ്പെടുത്തുകയാണ് തൃശൂര്‍ സ്വദേശിനി നിഷാ ബാലകൃഷ്ണന്‍…
വരകളോട് ചെറുപ്പം മുതല്‍ തന്നെ പ്രണയം തോന്നിയിരുന്ന നിഷ ആദ്യം എത്തിയത് അധ്യാപനത്തിന്റെ ലോകത്തായിരുന്നു. കണക്ക് അധ്യാപികയായി ബാംഗ്ലൂരില്‍ ജോലി ചെയ്ത ശേഷം തിരിച്ച് നാട്ടിലെത്തിയപ്പോഴാണ് പെയിന്റിങ്ങിനോടുള്ള പ്രണയത്തെ വീണ്ടും പൊടിതട്ടിയെടുത്തത്. തുടര്‍ന്ന് ഗുരുവായൂര്‍ അപ്പുക്കുട്ടന്‍ മാഷിനടുത്തു നിന്നും മ്യൂറല്‍ പെയിന്റിങ്ങിന്റെ ബാലപാഠങ്ങള്‍ സ്വായത്തമാക്കി.
ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൃശൂര്‍ കേന്ദ്രീകരിച്ച് ‘തക്ഷശില ആര്‍ട്‌സ് സെന്റര്‍’ എന്ന സ്ഥാപനം ആരംഭിക്കുമ്പോള്‍ നിഷയ്ക്ക് കൈമുതലായി ഉണ്ടായിരുന്നത് പഠിച്ചതും അറിഞ്ഞതുമായ ചുമര്‍ ചിത്രങ്ങളുടെ പരിചയം മാത്രമായിരുന്നു. അങ്ങനെ ആദ്യത്തെ ഓര്‍ഡറുകള്‍ സുഹൃത്തുക്കളില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നും കിട്ടിയതോടെ ഇതുതന്നെയാകട്ടെ മുന്നോട്ടുള്ള വഴിയെന്ന് നിഷ ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് തക്ഷശില ആര്‍ട്‌സ് സെന്റര്‍ എന്ന സ്ഥാപനം തുടങ്ങുകയും പിന്നാലെ ‘നളന്ദ ബോട്ടിക്’ എന്ന സംരംഭത്തിലൂടെ തന്റെ വരകള്‍ക്ക് മറ്റൊരു ലോകം കൂടി ഈ സംരംഭക സമ്മാനിച്ചു.
തുടക്കക്കാരി എന്ന നിലയില്‍ ഓണ്‍ലൈന്‍ ബിസിനസുമായി രംഗത്തേക്കിറങ്ങിയപ്പോള്‍ ചെറിയ ചില പ്രതിസന്ധികള്‍ നിഷയ്ക്കും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിനെയൊക്കെ തരണം ചെയ്ത് ഇന്ന് കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലേക്കും തന്റെ കലയെയും വരകളെയും എത്തിക്കാന്‍ ഈ ചെറുപ്പക്കാരിക്ക് സാധിക്കുന്നുണ്ട്. ഓര്‍ഡര്‍ അനുസരിച്ച് മാത്രമാണ് നിഷ പെയിന്റിങ്ങുകള്‍ക്ക് ജീവന്‍ നല്‍കുന്നത്. തക്ഷശിലയുടെ കീഴില്‍ ഓര്‍ഡര്‍ അനുസരിച്ചുള്ള മ്യൂറല്‍ പെയിന്റിങ് ഫ്രെയിം ചെയ്തും അല്ലാതെയും കൊറിയര്‍ ചെയ്ത് ആവശ്യക്കാരിലേക്ക് എത്തിക്കുന്ന നിഷ, വസ്ത്രങ്ങളില്‍ ഫാബ്രിക് പെയിന്റിംഗ് ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് വരച്ചു നല്‍കുന്നു.
സാധാരണ മറ്റ് ബോട്ടിക്കുകളിലും പെയിന്റിങ് ഷോപ്പുകളിലും കണ്ടുവരുന്ന രീതിയിലുള്ള മോഡല്‍ പെയിന്റിങ്ങുകളോ വസ്ത്രങ്ങളോ ഒന്നും നിഷയുടെ സംരംഭങ്ങളില്‍ ലഭ്യമല്ല. അതായത് ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് മാത്രമേ ഇവര്‍ വര്‍ക്കുകള്‍ ചെയ്തു കൊടുക്കാറുള്ളൂ. ഷോപ്പിന് പിന്നാലെ വീട് കേന്ദ്രീകരിച്ച് ഒരു ആര്‍ട്‌സ് ക്ലാസും നിഷ നടത്തിവരുന്നുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ തന്നെ അറിഞ്ഞ് എത്തുന്നവരെക്കാള്‍ അധികം തന്റെ വരകള്‍ നേരിട്ട് കണ്ട് അന്വേഷിച്ചെത്തുന്നവരാണ് നിഷയുടെ കസ്റ്റമേഴ്‌സ്. ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ ഭാഗമായി പല പ്രമുഖ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും വീടുകള്‍ക്കും വേണ്ടി വര്‍ക്കുകള്‍ ചെയ്തു കൊടുക്കുവാനും ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: +919731801880