അനീറ്റ സാമിന്റെ ‘ലേയാസ് കേക്ക്സ് ആന്‍ഡ് ബേക്ക്സ്’ എന്ന ബേക്കിങ് സംരംഭത്തിന്റെ വിജയത്തിന്റെ രുചിക്കൂട്ട്
അധിക വരുമാനവും വിരസതയില്‍ നിന്നുള്ള മോചനവും ആഗ്രഹിക്കുന്ന അനേകം വീട്ടമ്മമാരെ പോലെ മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ചേക്കേറിയ അനീറ്റ സാമും കൊറോണ കാലത്താണ് തന്റെ ബേക്കിംഗ് സംരംഭത്തിന് തുടക്കമിട്ടത്. എന്നാല്‍ നാലുവര്‍ഷം കൊണ്ട് ഒരു ഒറ്റയാള്‍ സംരംഭത്തിന് പ്രാപ്യമായതിനുമപ്പുറമുള്ള സീമകളിലേക്ക് തന്റെ ‘ലെയാസ് കേക്ക്സ് ആന്‍ഡ് ബേക്ക്സി’നെ വളര്‍ത്തുവാന്‍ അനീറ്റയ്ക്ക് സാധിച്ചു.
ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്ന ഭക്ഷണപദാര്‍ത്ഥമായിരിക്കാം കേക്ക്. രുചിയില്‍ മാത്രമല്ല, ടെക്സ്റ്ററിലും ഫ്ളേവറിലും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത വൈവിധ്യമുള്ള കേക്കുകള്‍ ഇന്ന് ഒരു ഫോണ്‍ കോളിന് അപ്പുറത്തുനിന്ന് ഓര്‍ഡര്‍ ചെയ്യാം. അതുകൊണ്ടുതന്നെ രുചിമുകുളങ്ങളെ ത്രസിപ്പിച്ചുകൊണ്ടേ മേഖലയില്‍ ഒരു ബ്രാന്‍ഡ് ആയി വളരാനാകൂ. ഇതുതന്നെയായിരുന്നു താന്‍ നേരിട്ട പ്രധാന വെല്ലുവിളിയെന്ന് അനീറ്റ പറയുന്നു.
കുഞ്ഞിന്റെ ബര്‍ത്ത്ഡേയ്ക്ക് ആദ്യമായി തയ്യാറാക്കിയ കേക്ക് ചടങ്ങിന് വന്ന എല്ലാവര്ക്കും ഇഷ്ടമായത് മുതല്‍ അനീറ്റ ഈ ലക്ഷ്യത്തിന് പുറകെയായിരുന്നു. പടിപടിയായി അയല്‍ക്കാരിലേക്കും സുഹൃത്തുക്കളിലേക്കും വ്യാപിപ്പിച്ചതിനു ശേഷം ബിസിനസ് ലൈസന്‍സെടുത്ത് ഓണ്‍ലൈനായും ഉപഭോക്താക്കളെ കണ്ടെത്താന്‍ അനീറ്റയ്ക്ക് സാധിച്ചു. ഇന്ന് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ നീണ്ടുകിടക്കുന്ന ഉപഭോക്താക്കളുടെ ശൃംഖല അനീറ്റയ്ക്ക് സ്വന്തമായുണ്ട്. തിരുവനന്തപുരം ജില്ലയ്ക്കുള്ളില്‍ കേക്കുകള്‍ ഡെലിവറി ചെയ്യുന്നതിന് അനീറ്റ അധിക ചാര്‍ജും ഈടാക്കുന്നില്ല.
തനിക്കും കുടുംബത്തിനും കഴിക്കാന്‍ ഉണ്ടാക്കുന്നതുപോലെയാണ് അനീറ്റ ഓരോ കേക്കും ഓവനില്‍ നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു തരി മായമോ, ഒരു തുള്ളി കൃത്രിമ പഴ പള്‍പ്പോ തയ്യാറാക്കുന്ന കേക്കുകളില്‍ ഉണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് കേക്കില്‍ ചേര്‍ക്കാനുള്ള ഫ്രൂട്ട് പള്‍പ്പ് സ്വന്തമായി തന്നെയാണ് തയ്യാറാക്കാറുള്ളത്. കൂടാതെ തന്റെ കൈ കൊണ്ട് ഉണ്ടാക്കുന്ന കേക്കുകള്‍ തന്നെ ഓരോ ഉപഭോക്താക്കളിലേക്കും എത്തിക്കണമെന്നും ഇടനിലക്കാരുണ്ടാകരുതെന്നും അനീറ്റ ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ ഹോം ബേക്കര്‍ എന്നതിനപ്പുറം വലിയൊരു സംരംഭകയായി അറിയപ്പെടാനാണ് താല്പര്യം.
മനം മയക്കുന്ന മധുരം വിളമ്പിക്കൊണ്ട് തന്റെ മറ്റു താത്പര്യങ്ങള്‍ വളര്‍ത്തിയെടുക്കുവാനും അനീറ്റയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോളേജ് പഠനത്തോടൊപ്പം ‘വച്ചുപൂട്ടിയ’ എഴുത്തിനെ പൊടിതട്ടി എടുക്കുവാന്‍ സംരംഭകത്വത്തോടൊപ്പം അനീറ്റയ്ക്ക് സാധിച്ചിട്ടുണ്ട്. ഉടന്‍തന്നെ അനീറ്റയുടെ ഒരു കവിതാ സമാഹാരവും പുറത്തിറങ്ങും. ഇതിനെല്ലാം പുറമേ മികച്ച വനിതാ ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡും നേടുകയുണ്ടായി. അങ്ങനെ ഫോട്ടോഗ്രാഫിയിലുള്ള വാസനയും വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ഈ സംരംഭക.
അതോടൊപ്പം ടെറസ് ഗാര്ഡന്, അടുക്കളത്തോട്ടം എന്നിങ്ങനെയുള്ള കൃഷി രീതികളിലും വ്യാപൃതയാണ് അനീറ്റ. ഇത് സംബന്ധിച്ച് ആകാശവാണിയിലെ കൂട്ടുകാരി എന്ന പരിപാടിയില്‍ പങ്കെടുക്കാനും സാധിച്ചു. സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഡബ്ള്യുഎംഎച്ച്സിയുടെ കളിനറി സ്കില്‍സിനുള്ള 2024ലെ അവാര്‍ഡ് സ്വന്തമാക്കാനും വേള്‍ഡ് റെക്കോര്‍ഡ് ടീമില്‍ ഇടം നേടാനും അനീറ്റയ്ക്ക് സാധിച്ചിട്ടുണ്ട്.