EntreprenuershipSuccess Story

വീട്ടമ്മയില്‍ നിന്ന് മികച്ച സംരംഭകയിലേക്ക് ചുവടുറപ്പിച്ച് അര്‍ച്ചന

ഒരു സാധാരണ വീട്ടമ്മയില്‍ നിന്ന് കേരളത്തില്‍ തന്നെ ഡിമാന്‍ഡുള്ള മികച്ച ഫാഷന്‍ ഡിസൈനറിലേക്കുള്ള മാറ്റത്തിലൂടെ പുതിയ ചുവട് വയ്ക്കുകയാണ് അര്‍ച്ചന. 49 K ഫോളോവേഴ്‌സുള്ള ധന്വ ഡിസൈന്‍സ് & സ്റ്റിച്ചിംഗ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്നാല്‍ പെണ്‍ മനസിന്റെ ഹൃദയം കവരുന്ന വിധത്തില്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുടെ വിസ്മയകരമായ കളക്ഷന്‍ തന്നെ കാണാന്‍ സാധിക്കും. നാല്‍പതുകാരിയായ അര്‍ച്ചനയുടെ ജീവിതത്തില്‍ തുടക്കം മുതല്‍ വൈവിധ്യങ്ങളേറെയാണ്. ബിസിനസുകാരനായ ഭര്‍ത്താവിന്റെയും കുട്ടികളുടെയും പിന്തുണയും ചേര്‍ന്നതോടെ ഫാഷന്‍ ഡിസൈനിങ്ങില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി അര്‍ച്ചന വിജയഗാഥ രചിക്കുകയാണ്.

ഓണ്‍ലൈനായി ഡ്രസ്സ് ഡിസൈനിങ്ങും സ്റ്റിച്ചിങ്ങും ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ്. തിരുവനന്തപുരത്താണ് സംരംഭമെങ്കിലും കണ്ണൂര്‍, കോഴിക്കോട്, കൊല്ലം, തൃശ്ശൂര്‍, പത്തനംതിട്ട തുടങ്ങിയ മറ്റ് ജില്ലകളില്‍ നിന്നും ആവശ്യക്കാര്‍ നിരവധിയാണ്. ഉപഭോക്താക്കള്‍ക്ക് പൂര്‍ണ സംതൃപ്തി നല്‍കുന്ന വിധത്തിലാണ് ഓരോ വസ്ത്രവും നെയ്തുകൊടുക്കുന്നത്.

വ്യത്യസ്തമായ വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരേ സമയത്ത് ഒരേ ഡിസൈനിലുള്ള പരിമിതമായ എണ്ണം മാത്രമാണ് അര്‍ച്ചന നെയ്ത് കൊടുക്കാറുള്ളത്. ആവശ്യക്കാര്‍ നിരവധി പേര്‍ വരുമെങ്കിലും സമയപരിമിതിയും ചെയ്യുന്ന വര്‍ക്ക് നല്ല രീതിയില്‍ പൂര്‍ത്തിയാക്കണം എന്നുള്ളതുകൊണ്ടും ഒരേ സമയത്ത് വളരെ കുറച്ച് ഓര്‍ഡറുകള്‍ മാത്രമാണ് ഏറ്റെടുക്കാറുള്ളത്.

സ്വന്തം വസ്ത്രങ്ങളില്‍ ഒരു നേരംപോക്കായി ഡിസൈന്‍ ചെയ്തായിരുന്നു ഈ മേഖലയിലേക്കുള്ള അര്‍ച്ചനയുടെ പ്രവേശനം. വീട്ടുകാര്യങ്ങള്‍ക്കൊപ്പം വ്യത്യസ്ത വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് അര്‍ച്ചന ആസ്വദിച്ചിരുന്നു. ആദ്യമൊക്കെ ഈ വസ്ത്രങ്ങള്‍ ധരിച്ച് പുറത്ത് പോകുമ്പോള്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേര്‍ വസ്ത്രത്തിന്റെ ഭംഗി ആസ്വദിക്കുകയും ഇത് എവിടെനിന്നാണ് വാങ്ങിയത് എന്ന ചോദ്യവുമായി അടുത്തു കൂടും. നിരവധി പേരുടെ അന്വേഷണം അര്‍ച്ചനയില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അങ്ങനെയാണ് അര്‍ച്ചന എന്ന സംരംഭകയുടെ വളര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്.

ആദ്യം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു നല്കി. നവമാധ്യമങ്ങളിലൂടെയുളള വില്‍പ്പനയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി അര്‍ച്ചന താന്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ പങ്കുവച്ചതോടെ ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. കാലക്രമേണ, ബിസിനസ് കേരളം മുഴുവന്‍ വ്യാപിച്ചു.

ഫാഷന്‍ ഡിഗ്രികളോ, ബിസിനസ്സ് ബാക്ക്ഗ്രൗണ്ടോ ഇല്ലാത്ത അര്‍ച്ചന സ്വന്തം കരുത്തില്‍ നിന്നാണ് പുത്തന്‍ വഴി കണ്ടെത്തിയത്. കുട്ടിക്കാലത്ത് അമ്മയുടെ സ്റ്റിച്ചിങ് കണ്ടുപഠിച്ചതും ഡിസൈനിങ്ങിനോടുള്ള പാഷനും മാത്രമായിരുന്നു കൈമുതല്‍. എന്നാല്‍ പുറം രാജ്യങ്ങളില്‍ നിന്ന് വരെ ആവശ്യക്കാര്‍ വന്നു തുടങ്ങിയതോടെ കൂടുതല്‍ പ്രൊഫഷണലാകാന്‍ ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ കോഴ്‌സ് ചെയ്തു വരികയാണ്. അതുകഴിഞ്ഞാലുടന്‍ തന്നെ ബിസിനസ് വിപുലീകരിക്കാനാണ് തീരുമാനം.

ലോകത്ത് എവിടെയിരുന്നുകൊണ്ടും ഓണ്‍ലൈനിലൂടെ സമയം പാഴാക്കാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ വസ്ത്രങ്ങള്‍ അവരുടെ മനസിനും ശരീരത്തിനും ഇണങ്ങും വിധം അവസരങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ കസ്റ്റമേഴ്‌സിന്റെ ബഡ്ജറ്റിനുള്ളില്‍ ചെയ്യണമെന്നാണ് പദ്ധതിയിടുന്നത്. ഫാമിലി, ഫ്രണ്ട്‌സ്, ബര്‍ത്ത്‌ഡേ, മാര്യേജ്, മദര്‍ കിഡ്‌സ് അങ്ങനെ ഏതു ഒക്കേഷനു വേണ്ടിയുമുള്ള കോമ്പോകളാണ് ഓണ്‍ലൈനിലൂടെ ധന്വ ലക്ഷ്യം വയ്ക്കുന്നത്.

ഇന്ന്, അര്‍ച്ചന തിരക്കിലാണ്. നമ്മുടെ കഴിവും കരുത്തും തിരിച്ചറിഞ്ഞ് ആഗ്രഹങ്ങള്‍ ഉള്ളില്‍ ഒതുക്കാതെ നിരന്തരമായ പരിശ്രമത്തിലൂടെ മികച്ച വിജയങ്ങള്‍ നേടാന്‍ കഴിയുമെന്ന് അര്‍ച്ചന ഓര്‍മ്മപ്പെടുത്തുന്നു. ഏതൊരു വീട്ടമ്മയ്ക്കും സ്വപ്‌നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ അര്‍ച്ചന എന്ന സംരംഭകയെ മാതൃകയാക്കാം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button