സെഡ്ന എനര്‍ജി സിസ്റ്റംസ്; കിഴക്കിന്റെ വെനീസിലെ സൂര്യശോഭ
ഒരു എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി തയ്യാറാക്കിയ ഫൈനല്‍ ഇയര്‍ പ്രോജക്ട് ഏഴു വര്‍ഷം കൊണ്ട് കേരളത്തിലെ പ്രമുഖ ഓള്‍ട്ടര്‍നേറ്റീവ് എനര്‍ജി കമ്പനിയായി വളര്‍ന്നുപന്തലിച്ച കഥയാണ് ആലപ്പുഴ ചേര്‍ത്തല വയലാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെഡ്ന എനര്‍ജി സിസ്റ്റത്തിനു പറയുവാനുള്ളത്. ഓണ്‍ഗ്രിഡ് ഓഫ്ഗ്രിഡ് സോളാര്‍ ഇന്സ്റ്റലേഷന് നടത്തുന്ന സെഡ്ന എനര്‍ജീസ് കേരളത്തില്‍ മുന്‍നിരയില്‍ നില്ക്കുന്ന സൗരോര്‍ജ സംരംഭമാണ്.
2012ല്‍ ബിടെക് അവസാന വര്‍ഷ പ്രൊജക്ടിന്റെ ഭാഗമായി അഖില്‍ അലക്സ് സേവ്യറിന്റെയും സഹപാഠികളുടെയും കൂട്ടായ്മയില്‍ തയ്യാറാക്കിയ സൂര്യന്റെ ചലനത്തിനനുസരിച്ച് സോളാര്‍ പാനല്‍ തിരിക്കുന്ന സോളാര്‍ എംവിപിടി ട്രാക്കര്‍ കോളേജിന്റെ പ്രശംസ നേടിയിരുന്നു. ഈ സ്വീകാര്യതയാണ് സെഡ്നയ്ക്ക് രൂപം നല്കുവാന് അഖിലിനെ പ്രേരിപ്പിച്ചത്.
എന്നാല്‍ സോളാര്‍ എനര്‍ജി സംരംഭങ്ങള്‍ ഇന്ത്യയില്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് അഖിലിന് ഉത്തമബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വൈദ്യുതി ബാറ്ററിയില്‍ സ്റ്റോര്‍ ചെയ്യാവുന്ന ഓഫ്ഗ്രിഡ് സിസ്റ്റങ്ങള്‍ക്കൊപ്പം കെഎസ്ഇബിക്ക് വൈദ്യുതി വില്‍ക്കാനാകുന്ന വിധത്തില്‍ ഇറക്കുമതി ചെയ്ത ഇന്‍വര്‍ട്ടറുകള്‍ ഉപയോഗിച്ച് ഓണ്‍ഗ്രിഡ് സിസ്റ്റവും ഇവ രണ്ടും ചേര്‍ത്ത് ഒരു പ്രത്യേക ഹൈബ്രിഡ് സിസ്റ്റവും സെഡ്ന എനര്‍ജീസിന് വികസിപ്പിച്ചെടുക്കുവാനായി. ഇവിടെയാണ് സംരംഭത്തിന്റെ വിജയകഥ ആരംഭിക്കുന്നത്.
ഒരു എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ വിരിഞ്ഞ ആശയത്തിന് ഏഴുവര്‍ഷം കൊണ്ട് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ തൊള്ളായിരത്തോളം സംതൃപ്ത ഉപഭോക്താക്കളെ നേടിയെടുക്കുവാനായി. ഇന്ന് 7 മെഗാവാട്ട് ഇന്‍സ്റ്റാള്‍ കപ്പാസിറ്റി സെഡ്നയ്ക്കുണ്ട്.
ഈ വളര്‍ച്ചയിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല അഖിലിന്. വിപ്ലവകരമായ ഉത്പന്നമാണ് വിപണിയില്‍ എത്തിക്കുന്നതെങ്കിലും അതിന് ഉപഭോക്താക്കളെ കണ്ടെത്തുന്നത് ശ്രമകരമായിരുന്നു. എങ്കിലും സ്വപ്നം കൈവെടിയാതെ വിപണിയില്‍ സാധ്യതയുള്ള ഇന്‍വെര്‍ട്ടര്‍, വാട്ടര്‍ലെവല്‍ കണ്ട്രോളര് തുടങ്ങിയ ഉത്പന്നങ്ങള്‍ നിര്‍മിച്ചു മൂലധനം സ്വരൂപിക്കുവാനും ഒരു ഇന്ത്യന്‍ നാഷണല്‍ കമ്പനിയില്‍ ഉദ്യോഗത്തിന് പ്രവേശിച്ച് മാര്‍ക്കറ്റിങ്ങിന്റെ പാഠങ്ങള്‍ സ്വായത്തമാക്കാനും അഖിലിന് സാധിച്ചു. അതോടൊപ്പം തന്നെ ബിസിനസില്‍ തന്റെ മാസ്റ്റേഴ്സ് ഡിഗ്രി നേടിയെടുക്കാനും.
ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന എല്ലാ സോളാര്‍ സിസ്റ്റങ്ങളെയും ക്ലൗഡുമായി ബന്ധിപ്പിച്ചിരിക്കുന്നത് കൊണ്ട് സെഡ്നയുടെ സര്‍വീസും ആയാസരഹിതമാണ്. സിസ്റ്റം എവിടെയാണെങ്കിലും അതിന്റെ പ്രശ്നം എന്താണെന്ന് ഈ കേന്ദ്രീകൃത സംവിധാനത്തിലൂടെ നേരിട്ട് മനസ്സിലാക്കുവാന്‍ സെഡ്നയ്ക്ക് സാധിക്കുന്നു. അതുകൊണ്ടുതന്നെ 98 ശതമാനമാണ് സെഡ്നയുടെ ‘കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്’ റേറ്റ്. പ്രധാനമന്ത്രിയുടെ മുഫ്ത് ബിജ്ലീ യോജന പദ്ധതിയോട് യോജിപ്പിച്ചിരിക്കുന്ന കേരളത്തിലെ ചുരുക്കം ചില കമ്പനികളിലൊന്നായ സെഡ്നയുടെ സോളാര്‍ സിസ്റ്റങ്ങള്‍ക്ക് സബ്സിഡിയും ലഭിക്കുന്നതാണ്. ഉപഭോക്താവിന്റെ ആവശ്യപ്രകാരമുള്ള കസ്റ്റമെയ്സ്ഡ് ഇന്‍സ്റ്റലേഷനാണ് സെഡ്ന നല്‍കുന്നത്.
Solar Kart, Sedna Energy എന്നീ യൂട്യൂബ് ചാനലുകളിലൂടെ സൗരോര്‍ജ സാധ്യതകള്‍ പ്രചരിപ്പിക്കുന്ന ദൗത്യവും അഖിലിന്റെ സംരംഭം ഏറ്റെടുത്തിട്ടുണ്ട്. പുനരുപയോഗിക്കാനാകുന്ന ഊര്‍ജ സ്രോതസ്സുകളെക്കുറിച്ചുള്ള സംശയങ്ങള്‍ക്കെല്ലാം ഇവിടെ ഉത്തരം കിട്ടുന്നു.
ആഗോളതാപനത്തിന് കാരണമാകുന്ന കാര്‍ബണ്‍ ഫുട്പ്രിന്റ് കുറച്ചുകൊണ്ടുതന്നെ ആവശ്യമുള്ളിടത്തോളം വൈദ്യുതി ഉപഭോഗത്തിന് കേരളത്തെ പ്രാപ്തമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അഖില്‍ പറയുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ചാര്‍ജിങ് സ്റ്റേഷനുകളും ലിഥിയം ബാറ്ററികളും വികസിപ്പിച്ചെടുക്കാനുള്ള പരിശ്രമങ്ങളിലാണ് അഖിലിന്റെ സംരംഭം.