ആന്‍സ് ക്രാഫ്റ്റ്; സ്നേഹോപഹാരങ്ങളില്‍ പെണ്‍വിജയത്തിന്റെ തിളക്കം
പഠിത്തോടൊപ്പം പാര്‍ടൈം ജോലികള്‍ ചെയ്ത് വരുമാനം കണ്ടെത്തുന്ന പെണ്‍കുട്ടികള്‍ ഇന്ന് ധാരാളമുണ്ട്. എന്നാല്‍ ലഭിക്കുന്ന കുറച്ചു സമയത്തിനുള്ളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉപഭോക്താക്കളെ നേടിയെടുത്ത ഒരു സംരംഭം കെട്ടിപ്പടുത്തിയിരിക്കുകയാണ് ആലുവ ആലങ്ങാട് സ്വദേശി ആന്‍ മരിയ വര്‍ഗീസ്.
പ്ലസ് ടു പഠനം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുന്ന വേളയിലാണ് ആന്‍ മരിയ തന്റെ ആന്‍സ് ക്രാഫ്റ്റ് ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കുന്നത്. ഗിഫ്റ്റ് ഹാംബറുകളും കസ്റ്റമൈസ്ഡ് വാലറ്റുകളും കീ ചെയിനുകളും ഫോട്ടോ ഫ്രെയിമുകളുമെല്ലാം വില്‍ക്കുന്ന ഓണ്‍ലൈന്‍ സ്റ്റോറുകള്‍ ഇന്നൊരു പുതുമയല്ല. എന്നാല്‍ തന്റെ തലമുറയുടെ സൗന്ദര്യബോധവും ആഗ്രഹങ്ങളും മനസ്സിലാക്കിക്കൊണ്ട് ഇവ രൂപകല്പന ചെയ്യാന്‍ കഴിഞ്ഞതാണ് ആന്‍സ് ക്രാഫ്റ്റിനെ തുടക്കത്തില്‍ തന്നെ ശ്രദ്ധേയരാക്കിയത്. ഉറ്റവര്‍ക്ക് നല്കുന്ന ഉപഹാരങ്ങള്‍ വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കുന്നവരുടെ ആദ്യത്തെ ചോയ്സായിരിക്കും ആന്‍സ് ക്രാഫ്റ്റ്.
ഇരുപത്തിയൊന്നാം വയസ്സില്‍ താന്‍ നേടിയ ബിസിനസ് വിജയം മറ്റു വനിതകളിലേക്കും എത്തിക്കാനായിട്ടുണ്ട് ഈ യുവ സംരംഭകയ്ക്ക്. നാലുമാസം മുന്‍പ് ആന്‍ മരിയ അവതരിപ്പിച്ച ഓണ്‍ലൈന്‍ ക്രാഫ്റ്റ് വര്‍ക്ക് ഷോപ്പിലൂടെ ഇരുന്നൂറോളം വനിതകള്‍ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ട്. പഠിത്തത്തോടൊപ്പം ഒരു പാര്‍ട്ട് ടൈം വരുമാനമാര്‍ഗ്ഗം എന്ന നിലയില്‍ തുടങ്ങിയ സംരംഭത്തിലൂടെ കേരളത്തില്‍ മാത്രമല്ല, ഗുജറാത്തിലും ഹൈദരാബാദിലും ഡല്‍ഹിയിലുമുള്ള 1500റോളം ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുവാന്‍ ആന്‍സ് ക്രാഫ്റ്റിനു കഴിഞ്ഞിട്ടുണ്ട്.
ആലുവ സെന്റ് സേവിയേഴ്സ് വുമണ്‍സ് കോളേജില്‍ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് ആന്‍ മരിയ. മാസ്റ്റേഴ്സ് ബിരുദം നേടുന്നതിനൊപ്പം ആന്‍സ് ക്രാഫ്റ്റിനെ അടുത്ത ഘട്ടത്തിലേക്ക് വികസിപ്പിക്കുവാനാകുമെന്നാണ് ആന്‍ മരിയ കരുതുന്നത്. പപ്പ വര്‍ഗീസ് ജോസഫും അമ്മ സിനി വര്‍ഗീസും അനുജത്തി അഭിയ വര്‍ഗീസും അടങ്ങുന്നതാണ് ആന്‍ മരിയയുടെ കുടുംബം. ഒരു സംരംഭം ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകുന്ന ആന്‍ മരിയയുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി എല്ലാ പിന്തുണയും കുടുംബം നല്‍കുന്നുണ്ട്.
അധികം സമയം ചെലവഴിക്കാനില്ലാത്ത, ഒരു അധിക വരുമാനം അത്യാവശ്യമായ വനിതകള്‍ക്ക് വഴികാട്ടിയാകുവാന്‍ സംരംഭത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും തുച്ഛമായ മുതല്‍മുടക്കും കഴിയുന്നിടത്തോളം സമയവും പിന്നെ കുറച്ചു ഭാവനയുമുണ്ടെങ്കില്‍ ആര്‍ക്കും തന്റെ വിജയം നേടുവാനാകുമെന്ന് ആന്‍ മരിയ പറയുന്നു. അതിനുവേണ്ടിയുള്ള എന്തു സഹായവും നല്കുവാന് ഈ യുവ സംരംഭക സന്നദ്ധയാണ്.