മധുരത്തോടൊപ്പം മധുരത്തിനു പിന്നിലെ മാജിക്കും വിളമ്പുന്ന ത്രിപ്പിള്‍ ക്വീന്‍സ്
കൊറോണക്കാലത്തെ വിരസത മാറ്റുവാനാണ് പല വീട്ടമ്മമാരും ബേക്കിങ്ങിലേക്ക് തിരിഞ്ഞത്. ഇങ്ങനെ സ്വന്തമായി ബിസിനസ് ആരംഭിച്ച പല വനിതാ സംരംഭകരുടെയും വിജയഗാഥകള്‍ സക്സസ് കേരള പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഹോം ബേക്കിംഗ് ട്രെന്‍ഡ് കേരളത്തില്‍ പ്രചരിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സംരംഭത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി കോഴിക്കോട് സ്വദേശി അന്‍സില മനാഫ് സ്ഥാപിച്ച ത്രിപ്പിള്‍ ക്വീന്‍സ് ബേക്കിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പാത ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.
മധുരത്തിന്റെ നഗരത്തില്‍ അന്‍സില വിളമ്പുന്ന രുചിവിശേഷം അനേകം വനിതകളുടെ കരിയറിനും ആരംഭം കുറിക്കുന്നു. മൂന്ന് ദിവസം മുതല്‍ മൂന്നുമാസം വരെ ദൈര്‍ഘ്യമുള്ള കോഴ്സുകളിലൂടെ ലോകോത്തര നിലവാരത്തില്‍ ഡിസൈനര്‍ കേക്കുകളുണ്ടാക്കുവാന് വനിതകളെ പ്രാപ്തരാക്കുന്ന കോഴിക്കോട്ടെ ഒരേയൊരു ബേക്കിംഗ് ഇന്‍സ്റ്റിറ്റിയൂട്ടാണ് അന്‍സിലയുടെ ത്രിപ്പിള്‍ ക്വീന്‍സ്.
അഞ്ചുവര്‍ഷമായി മാനാഞ്ചിറ കല്പക ബില്‍ഡിങ്ങിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ട്രിപ്പിള്‍ ക്വീന്‍സ് ബേക്കറി ആന്‍ഡ് ബേക്കിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കീഴില്‍ ഇതുവരെ രണ്ടായിരത്തില്‍പ്പരം വനിതകള്‍ സര്‍ട്ടിഫിക്കറ്റോടെ ബേക്കിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ബേക്കിംഗ് പഠിക്കുവാനാഗ്രഹിക്കുന്നവര് യൂട്യൂബിനെയും മറ്റു കുക്കിംഗ് പേജുകളെയും ആശ്രയിക്കാറാണ് പതിവ്. ഇതില്‍നിന്ന് വിഭിന്നമായി പ്രൊഫഷണല്‍ ബേക്കേഴ്സിന്റെ മേല്‍നോട്ടത്തില്‍ പ്രാക്ടിക്കല്‍ ക്ലാസുകളിലൂടെ നാവിലലിയുന്ന മധുരത്തിന്റെ മാസ്മരിക വിദ്യ പകര്‍ന്നു കൊടുക്കുന്ന ട്രിപ്പിള്‍ ക്വീന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലൂടെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ കൈപ്പുണ്യം പകര്‍ന്നു നല്കാന് അന്‍സിലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
വിശേഷാവസരങ്ങളില്‍ തയ്യാറാക്കുന്ന കസ്റ്റമൈസ്ഡ് തീം കേക്കുകളോടൊപ്പം കുക്കീസ്, ബ്രൗണി, മാക്കറോണ്സ് എന്നിങ്ങനെ ബേക്കിങ്ങിന്റെ എല്ലാ വൈവിധ്യങ്ങളും ട്രിപ്പിള്‍ ക്വീന്‍സ് ഒരുക്കുന്നു. പ്രിസര്വേറ്റീവുളൊന്നുമില്ലാതെ തയ്യാറാക്കുന്ന ഗീ കേക്കിനാണ് ആവശ്യക്കാര്‍ കൂടുതല്‍. ഡ്രീം കേക്ക് ട്രെന്‍ഡ് അസ്തമിച്ചിട്ടും ട്രിപ്പിള്‍ ക്വീനിന് ലഭിക്കുന്ന ഡ്രീം കേക്കുകള്‍ക്കുള്ള ഓര്‍ഡറുകള്‍ കൂടി വരുന്നതേയുള്ളൂ.
ഒരു വിദ്യാഭ്യാസ സ്ഥാപനമെന്നതിലുപരി ഒരു കൂട്ടായ്മയെന്നോണം സംരംഭത്തെ മുന്നോട്ടു നയിക്കാനായതാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്ന് അന്‍സില പറയുന്നു. മാത്രമല്ല ബേക്കിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങളുടെ സാധ്യത നേരത്തെ മനസ്സിലാക്കാനായതും ഗുണമായി.
കേക്കുകളോടുള്ള പ്രിയമാണ് അന്‍സിലയെ ബേക്കിങ്ങിലേക്ക് ആകര്‍ഷിച്ചത്. ബാംഗ്ലൂരിലെ ഒരു ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും നേരിട്ട് പഠിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ ഭര്‍ത്താവ് മനാഫും കുടുംബവും പൂര്‍ണ പിന്തുണയോടെ ഒപ്പം നിന്നു. കേക്ക് കഴിച്ചവര്‍ അതിന്റെ പാചകവിധിയും അന്വേഷിച്ചു തുടങ്ങിയപ്പോഴാണ് ബേക്കിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് എന്ന ആശയവുമായി മുന്നോട്ടുപോകാമെന്ന് അന്‍സിലയ്ക്ക് തോന്നിയത്. അതിനോടൊപ്പം ഭര്‍ത്താവിന്റെ ബിസിനസ് പരിചയവും കൂടിച്ചേര്‍ന്നപ്പോള്‍ ട്രിപ്പിള്‍ ക്വീന്‍സ് യാഥാര്‍ത്ഥ്യമായി.
ഇന്ന് അഞ്ചുവര്‍ഷത്തിനുശേഷം കോഴിക്കോടിന്റെ രുചിപ്പെരുമ വിളിച്ചോതുന്ന ബ്രാന്റ് നാമമായി അന്‍സിലയുടെ ബേക്കിംഗ് സംരംഭം വളര്‍ച്ച നേടിയിരിക്കുന്നു.