നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന നാഡികളിലൊന്നാണ് സുഷുമ്ന നാഡി (സ്പൈനല്‍ കോഡ്). ഈ നാഡിക്ക് സംഭവിക്കുന്ന ഞെരുക്കവും, രോഗാവസ്ഥയും ”മൈലോപ്പതി” എന്ന് അറിയപ്പെടുന്നു. മൈലോപ്പതി എന്നത് നാം അധികം കേള്‍ക്കാത്ത പദമാണെങ്കിലും ”സ്പൈനല്‍കോര്‍ഡ് കംപ്രഷന്‍” എന്നത് ഇന്ന് സാധാരണക്കാര്‍ക്ക് പോലും അറിയാവുന്ന ഒന്നാണ്. പലകാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കുന്നു. ഇതില്‍ പ്രധാനമായി എടുത്തുപറയേണ്ടത് അപകടങ്ങള്‍ മൂലവും വീഴ്ചകള്‍ മൂലവും നട്ടെല്ലിന് ക്ഷതങ്ങള്‍ സംഭവിക്കുകയും തുടര്‍ന്ന് സുഷുമ്ന നാഡിക്ക് ഞെരുക്കം സംഭവിക്കുകയും ചെയ്യുന്നു. മറ്റൊന്ന് അണുബാധ കൊണ്ട് സംഭവിക്കുന്ന ഒന്നാണ്.
ചെറുപ്പകാലങ്ങളില്‍ നിസാരം എന്ന് നാം കരുതുന്ന പല വീഴ്ചകളും പില്കാലത്ത് സാധാരണമായി കണ്ടുവരുന്ന നടുവേദനയില്‍ തുടങ്ങി കാലിലേക്ക് തരിപ്പും മരവിപ്പും അനുഭവപ്പെടുകയും ഇതേതുടര്‍ന്ന് ചലനശേഷിയെപ്പോലും ഇത് ബാധിച്ചേക്കാം. സുഷുമ്ന നാഡി കടന്നുപോകുന്ന ചാലുപോലെയുള്ള വഴി ചുരുങ്ങുന്നതുകാരണം സുഷുമ്നനാഡിക്ക് ഞെരുക്കം സംഭവിക്കുകയും (സ്പൈനല്‍ സ്റ്റെനോസിസ്) ഇത് മൈലോപ്പതിക്ക് വഴിയൊരുക്കുകയും ചെയ്യും. ഏതെങ്കിലും തരത്തിലുളള മുഴകള്‍ വളരുന്നതും ഇതിന് കാരണമാകുന്നു. നടുവേദന, ഇടുപ്പ് വേദന, കഴുത്ത് വേദന എന്നിവയുടെ ചലനത്തെപോലും കാര്യമായി ബാധിക്കുവാന്‍ മൈലോപ്പതിക്ക് കഴിയുന്നു.
ആദ്യകാലങ്ങളില്‍ രോഗിക്ക് ശരീരത്തിന്റെ സംതുലനാവസ്ഥ നഷ്ടപ്പെടുന്നു. ചില രോഗികളില്‍ സ്പൈനല്‍ കോര്ഡിലോട്ടുള്ള മര്‍ദ്ദമോ, ഞെരുക്കമോ ഇതിനു ചുറ്റുമുള്ള ഞരമ്പുകളില്‍ അമിതമായ മര്‍ദ്ദം ചെലുത്തുകയും ഇതേ തുടര്‍ന്ന് ഉണ്ടാകുന്ന വേദനകള്‍ അസഹനീയവുമാണ്. മൈലോപ്പതി എന്ന രോഗാവസ്ഥയെ തുടര്‍ന്ന് രോഗിയുടെ പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുന്നു. ചില രോഗികളില്‍ ആദ്യകാലങ്ങളില്‍ നടക്കുമ്പോള്‍ കാലുകള്‍ക്ക് അനുഭവപ്പെടുന്ന ബലക്ഷയം അല്ലെങ്കില്‍ വേദന എന്നിവയൊക്കെ മൈലോപ്പതിമൂലം പേശികളുടെ ബലം കുറയുന്നതുകൊണ്ട് സംഭവിക്കുന്നവയാണ്. ചില സന്ദര്‍ഭങ്ങളില്‍ ശരീരത്തിന്റെ സന്തുലനാവസ്ഥ നിയന്ത്രിക്കുവാന്‍ കഴിയാതെ വരുന്നു.
ദൈനംദിന ജീവിതത്തില്‍ തുടര്‍ന്നുവരുന്ന പല കാര്യങ്ങളും ചെയ്യുവാന്‍ ബുദ്ധിമുട്ടായി തോന്നാറുണ്ട്. കാലില്‍ ചെരുപ്പുകള്‍ ധരിക്കുമ്പോള്പോലും വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. സെര്‍വൈക്കല്‍ സ്പോന്‍ഡിലോസിസ്, ലംബാര്‍ സ്പോന്‍ഡിലോസിസ് എന്നിവയെല്ലാം തന്നെ സുഷുമ്നനാഡിക്ക് മര്‍ദ്ദം നല്കുന്ന രോഗാവസ്ഥകളാണ്. ശരിയായ രീതിയിലല്ലാതെ അമിതഭാരം ചുമക്കുന്നവരിലും തെറ്റായ ശരീരഘടനയില്‍ ഇരുന്ന് അധികസമയം ജോലിചെയ്യുന്നവരിലും തേയ്മാനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുമൂലവും സുഷുമ്നനാഡിക്ക് ഞെരുക്കം സംഭവിക്കാം.
കഴുത്തിലെ സുഷുമ്നനാഡിയുടെ ഭാഗത്തിന് സംഭവിക്കുന്ന ക്ഷതങ്ങള്‍ മൂലം ഇരു കൈകളിലേക്കും വേദന അനുഭവപ്പെടുകയും ഇതേതുടര്‍ന്ന് തരിപ്പും, മരവിപ്പും ഉണ്ടാവുകയും ചെയ്യുന്നു. ഇത് രോഗിയുടെ ദൈനംദിന ജീവിതചര്യകളെ വളരെയധികം കഷ്ടത്തിലാക്കുന്നു. കഴുത്തിന് വേദന വരുന്നതിനോടൊപ്പം തന്നെ കൈകള്‍ക്ക് ശക്തിയില്ലാതാവുകയും ചെയ്യുന്നു. മുതുകിന്റെ ഭാഗത്തുള്ള സുഷുമ്നനാഡിക്ക് ക്ഷതങ്ങള്‍ സംഭവിക്കുന്നുവെങ്കില്‍ കാലുകള്‍ക്ക് ബലക്കുറവ് അനുഭവപ്പെടുകയും അതികഠിനമായ നടുവേദനയും ഉണ്ടാകുകയും ചെയ്യുന്നു. ഇതുമാത്രമല്ല ദഹനവ്യവസ്ഥയുടെയും വിസര്ജനവ്യവസ്ഥയുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
എല്ലാ രോഗികളുടെയും ലക്ഷണങ്ങള്‍ വ്യത്യസ്തമാകാം. നട്ടെല്ലില്‍ ഏല്‍ക്കപ്പെടുന്ന ക്ഷതങ്ങളുടെയും, അണുബാധയുടെയും കാഠിന്യം അനുസരിച്ചാകും ഇത് മാറുക. അപകടങ്ങള്‍ കൊണ്ടല്ലാതെ സുഷുമ്ന നാഡിയുടെ ഞെരുക്കം സംഭവിക്കുന്നതിന്റെ പ്രാരംഭലക്ഷണം കൈകളിലേക്ക് വേദനയും തരിപ്പും അനുഭവപ്പെടുക, കൈകള്‍ക്ക് ബലക്ഷയം അനുഭവപ്പെടുക, ചില രോഗികളില്‍ കഴുത്തിന്റെ പിന്‍ഭാഗത്ത് അനുഭവപ്പെടുന്ന വേദനയും ഇതിന്റെ പ്രാരംഭലക്ഷണമാണ്.
കഴുത്തില്‍ തുടങ്ങുന്ന വേദന പിന്നീട് ഇരുതോളുകളെയും കാര്യമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള രോഗികള്‍ക്ക് വേദന കാരണം ഉറക്കം നഷ്ടപ്പെടുകയും തന്മൂലം ശരീരക്ഷീണം അനുഭവിക്കേണ്ടിയും വരുന്നു. രാത്രികാലങ്ങളില്‍ ഒരു വശം ചരിഞ്ഞുകിടക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നതും ഉറക്കത്തില്‍ പോലും ചലിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നതുമാണ്. ഇതിന്റെ മറ്റൊരു പ്രധാനപ്രശ്നം.
ആദ്യകാലങ്ങളില്‍ നടുവേദന അനുഭവപ്പെടുന്നവര്‍ സാധാരണയായി കൂടുതല്‍ വിശ്രമം നല്‍കുകയും, കുനിയുവാനും, നിവരുവാനും ശ്രമിക്കാതിരിക്കുന്നത് പതിവാണ്. എന്നാല്‍ കൂടുതല്‍ ദിവസങ്ങള്‍ ഇത് തുടര്‍ന്നു കഴിഞ്ഞാല്‍ വയറിലെയും, പുറകുവശത്തെയും പേശികളുടെ ബലം കുറയുകയും തന്മൂലം നട്ടെല്ലിന്റെ മൊത്തത്തിലുള്ള കാര്യക്ഷമതയെ ബാധിക്കുവാനും ഇടവരുത്തുന്നു.
കുറച്ചുസമയം കുനിഞ്ഞ് ജോലി ചെയ്യേണ്ടിവരുന്നവരില്‍ നിവരുമ്പോള്‍ അസഹനീയമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. നട്ടെല്ലിന്റെ ഓരോ കശേരുക്കളും ബന്ധിപ്പിച്ചിരിക്കുന്നത് ഓരോ സന്ധികള്‍ വഴിയാണ്. ഈ കശേരുക്കള്‍ക്ക് സംഭവിക്കുന്ന തേയ്മാനവും ക്ഷതങ്ങളും ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നു. കുറച്ചുദൂരം നടക്കുമ്പോള്‍ തന്നെ കാലില്‍ മുകളില്‍ നിന്നും താഴേക്ക് മരവിപ്പ് അനുഭവപ്പെടുകയും തുടര്‍ന്ന് ദീര്‍ഘനേരം നടക്കുവാനാവാത്ത അവസ്ഥയില്‍ ഈ രോഗത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ കണ്ടുവരുന്ന ഒന്നാണ് കാലങ്ങളായി സുഷുമ്ന നാഡിക്ക് സംഭവിക്കുന്ന രോഗാവസ്ഥകള്‍ക്ക് ആയുര്‍വേദ ചികിത്സാരീതികള്‍ ഫലപ്രദമായി കണ്ടുവരുന്നു.
- ഡോ. അശ്വതി തങ്കച്ചിഎം.ഡി, സിദ്ധസേവാമൃതം
അമ്പലമുക്ക്, തിരുവനന്തപുരം
04712436064, 73568 78332