മാംഗോ ട്രീ; കണ്ണൂരിന്റെ മണ്ണില്‍ കണ്ണിമ ചിമ്മുന്ന വേഗത്തില്‍ പൂത്തുതളിര്‍ത്ത സംരംഭം
ആരംഭിച്ച് ഒന്‍പതു മാസം തികയുന്നതിനുമുന്‍പ് അന്‍പതു കോടിയുടെ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കിയ ഒരു കണ്‍സ്ട്രക്ഷന്‍ സംരംഭം നമ്മുടെ കേരളത്തിലുണ്ടെന്നു പറഞ്ഞാല്‍ അതിശയോക്തിയായി തോന്നാം. തഴക്കം വന്ന നിര്‍മാണക്കമ്പനികള്‍ക്ക് പോലും കാലിടറുന്ന സാമ്പത്തികാവസ്ഥയില്‍ കണ്ണൂര്‍ ജില്ലയിലെ പ്രോജക്ടുകള്‍ മാത്രം ഏറ്റെടുത്തുകൊണ്ടാണ് മാംഗോ ട്രീ റിയല്‍റ്റേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് ആരംഭഘട്ടത്തില്‍ തന്നെ അസൂയാവഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്.
മാംഗോ ട്രീയുടെ സിഇഒ ഡോ: വരുണ്‍ നമ്പ്യാരുടെ അഭിപ്രായത്തില്‍ ഒരു സംരംഭം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് അതിന്റെ വിജയത്തെ നിര്‍ണയിക്കുന്നത്. വിപണിയിലെ പുതുപ്രവണതകളെ ശാസ്ത്രീയമായി അപഗ്രഥിച്ച് കമ്പനിയുടെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളെയും അതിനനുസൃതമായി സജ്ജമാക്കുന്നതിലൂടെയും ഏറ്റെടുക്കേണ്ട പ്രോജക്ടുകളുടെ വൈവിധ്യം ദീര്‍ഘവീക്ഷണത്തോടെ മനസ്സിലാക്കി കമ്പനിയുടെ ഏറ്റവും ചെറിയ കണ്ണി മുതല്‍ മുകളിലേക്ക് അതിനുവേണ്ടി പ്രാപ്തരാക്കിയും ദീര്‍ഘനാളത്തെ കൂട്ടിക്കിഴിക്കലിലൂടെയാണ് മാംഗോ ട്രീയ്ക്ക് ഡോ:വരുണ്‍ നമ്പ്യാരും പാര്‍ട്ണര്‍മാരും തുടക്കം കുറിക്കുന്നത്. സംരംഭത്തിന്റെ നാട മുറിക്കുന്ന ചടങ്ങിനു മുമ്പു തന്നെ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള കര്‍മപരിപാടികളുടെ കൃത്യമായ പ്ലാന്‍ ഇവര്‍ തയ്യാറാക്കിയിരുന്നു.
ടൗണ്‍ഷിപ്പുകളിലെ കൊമേഴ്സ്യല്‍ പ്രോപ്പര്‍ട്ടികളില്‍ മാത്രമാണ് മാംഗോ ട്രീ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പയ്യന്നൂരിന്റെ ഹൃദയഭാഗത്ത് മാംഗോ ട്രീ പടുത്തുയര്‍ത്തിയ കെട്ടിടങ്ങള്‍ കേരളീയ നഗരാസൂത്രണത്തിന്റെ ഭാവിയുടെ സൂചകങ്ങളാണ്. അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ടൗണുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ പരിമിതികളും സാധ്യതകളും മനസ്സിലാക്കിയുള്ള ഡെവലപ്പിംഗ് മാംഗോ ട്രീ സ്വീകരിച്ചിരിക്കുന്നു.
12 വര്‍ഷമായി റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി പ്രവര്‍ത്തിക്കുന്ന നവീന്‍ നാരായണന്, 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗംഗോത്രി കണ്‍സ്ട്രക്ഷന്‍സിന്റെ സ്ഥാപകന്‍ ഉണ്ണികൃഷ്ണന്, ഡോക്ടര്‍ ജുബിന്‍ ഹസന്, നിര്‍മ്മല്‍ നമ്പ്യാര്‍, ശരത് നമ്പ്യാര്‍ എന്നിങ്ങനെ കണ്ണൂരിന്റെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അറിയപ്പെടുന്ന കുറച്ചു വ്യക്തികളുടെ സൗഹൃദവലയത്തില്‍ നിന്നാണ് മാംഗോ ട്രീ രൂപം കൊള്ളുന്നത്.
ഭൂമിക്കച്ചവടത്തിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും വിവിധ മേഖലകളില്‍ സ്വതന്ത്രരായി വര്ത്തിച്ചിരുന്നവരായിരുന്നു ഇവര്‍. തങ്ങളുടെ വിഭവങ്ങള്‍ സമന്വയിപ്പിക്കുന്നതിലൂടെ വിപണിയിലെ ശക്തമായ സാന്നിധ്യമായി മാറാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഈ സുഹൃത്തുക്കള്‍ മാംഗോ ട്രീയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാകുന്നത്. നവീന്‍ നാരായണന്റെ നിര്വഹണചാതുര്യവും ഉണ്ണികൃഷ്ണന്റെ അനുഭവപരിചയവും ഡോ: ജുബിന്‍ ഹസന്റെയും നിര്‍മ്മല്‍ നമ്പ്യാരുടെയും പിന്തുണയും അതോടൊപ്പം കമ്പനിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസറായ ശരത് നമ്പ്യാരുടെ നവീന മാര്‍ക്കറ്റിംഗ് സമീപനങ്ങളും കൂടിച്ചേര്‍ന്നപ്പോള്‍ മാംഗോ ട്രീയുടെ ചട്ടക്കൂട് തയ്യാറായി. സിഇഒ ഉത്തരവാദിത്തം ഡോ: വരുണ്‍ നമ്പ്യാരും ഏറ്റെടുത്തതോടെ കമ്പനിക്ക് ആസൂത്രണത്തിന്റെ ഘട്ടങ്ങളിലേക്ക് പ്രവേശിച്ചു.
ഡോക്ടര്‍ ഡോ: വരുണ്‍ നമ്പ്യാരുടെ ക്ലിനിക്കിന്റെ വിജയവഴി സക്സസ് കേരള മുന്‍പ് അവതരിപ്പിച്ചിരുന്നു. ആദ്യവിജയം നല്കിയ ആത്മവിശ്വാസത്തിലാണ് തന്റെ സംരംഭകത്വം വൈവിധ്യവത്കരിക്കാനായി എംബിഎ ഹോള്‍ഡര്‍ കൂടിയായ ഡോ: വരുണ്‍ നമ്പ്യാര്‍ മാംഗോ ട്രീയുടെ രൂപീകരണത്തിന്റെ ഭാഗമാകുന്നത്. കേരളത്തിന്റെ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കാലെടുത്തു വയ്ക്കുന്നതിനു മുമ്പ് അതിന്റെ ഓരോ സ്പന്ദനത്തെയും മനസ്സിലാക്കാന്‍ തക്കവിധത്തില്‍ അറിവ് സമ്പാദിക്കുവാന്‍ ഡോ: വരുണ്‍ നമ്പ്യാര്‍ പ്രയത്നിച്ചു. കരിയറിന്റെ ഔന്നത്യത്തില്‍ നിന്നുകൊണ്ട് സംരംഭകത്വത്തിന്റെ പുതിയ വീഥികളിലേക്ക് കടന്നുവന്ന ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് മാംഗോ ട്രീ തളിര്‍ത്തത്.
ഭൂമി ഏറ്റവും മികച്ച ഇന്‍വെസ്റ്റ്മെന്റാണ് ഇന്ന്. കൊമേഴ്സ്യല്‍ ബില്‍ഡിംഗുകള്‍ അതില്‍തന്നെ ഏറ്റവും റവന്യൂ ഒഴുക്കുള്ള വിഭാഗവും. ഇതു മനസ്സിലാക്കിയാണ് നിര്ജീവമായിക്കൊണ്ടിരിക്കുന്ന ഹൗസിംഗ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ കൊമേഴ്സ്യല്‍ ബില്ഡിങ്ങുകളില് മാത്രം വ്യാപരിക്കുവാന്‍ മാംഗോ ട്രീ തീരുമാനിച്ചത്. കമ്പനിയുടെ ഒന്നാം വാര്‍ഷികത്തിന് മുമ്പ് നാല്‍പ്പത്തിനായിരം സ്ക്വയര്‍ ഫീറ്റിന്റെ ഷോപ്പിംഗ് മാള്‍ പ്രോജക്ട് പൂര്‍ത്തിയാക്കിക്കൊണ്ട് ഈ തീരുമാനം ശരിയായ വഴിക്കാണ് നയിച്ചതെന്ന് മാംഗോ ട്രീയ്ക്ക് തെളിയിക്കാനായി.
സേവനമേഖലയ്ക്ക് അനുകൂലമായി വളരുന്ന കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ കച്ചവട സമുച്ചയങ്ങളുടെ മാര്‍ക്കറ്റ് എന്നും സജീവമായിരിക്കും. ഉത്തരകേരളത്തിന്റെ ടൗണ്‍ഷിപ്പുകളെ ഇതിനനുസൃതമായി പുനര്‍ നിര്‍മിക്കുവാനും ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുവാനും മാംഗോ ട്രീ പദ്ധതിയിടുന്നു. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് മാംഗോ ട്രീയെ 500 കോടി ആസ്തിയുള്ള സംരംഭമായി വളര്‍ത്താനുള്ള രൂപരേഖകളെല്ലാം ഡോ: വരുണ്‍ നമ്പ്യാരുടെ കൈയില്‍ ഭദ്രം!