തനൂസ് ഫാഷന്‍ വേള്‍ഡ്; ഓണ്‍ലൈനില്‍ വിജയം നെയ്തെടുത്ത് അന്ന
ഓരോ വര്‍ഷവും നൂറുകണക്കിന് വിദ്യാര്‍ത്ഥിനികളാണ് ബിസിനസ് മാനേജ്മെന്റ് ഡിഗ്രി സ്വന്തമാക്കി കേരളത്തിലെ കോളേജുകളില്‍ നിന്നിറങ്ങുന്നത്. പക്ഷേ അവരില്‍ പലര്‍ക്കും ആ മേഖലയില്‍ തന്നെ ഒരു കരിയര്‍ ആരംഭിക്കാനാകുന്നില്ല. തുച്ഛമായ തൊഴിലവസരങ്ങളും വിവാഹശേഷം ഉത്തരവാദിത്വങ്ങള്‍ കൂടുന്നതുമൊക്കെയാണ് അതിനു കാരണം.
ആലപ്പുഴക്കാരി അന്നയും സമാനമായ സാഹചര്യങ്ങള്‍ നേരിട്ടിരുന്നു. വിവാഹശേഷം ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന അന്നയ്ക്ക് ഇരട്ടക്കുട്ടികളുടെ അമ്മയായതിനു ശേഷം അതിനുപോലും സമയം കിട്ടാതെയായി. ഒഴിവുസമയങ്ങള്‍ വിനിയോഗിച്ചുകൊണ്ട് മുന്നോട്ടു കൊണ്ടുപോകാനാകുന്ന സംരംഭങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് അന്നയെ റീസെല്ലിങ്ങിലേക്ക് എത്തിക്കുന്നത്. ഡിസൈനര്‍മാരില്‍ നിന്നും ഉപഭോക്താക്കളിലേക്ക് വസ്ത്രങ്ങള്‍ എത്തിക്കുന്ന റീസെല്ലിങില് ആരംഭിച്ച് കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് തന്നെ പടിപടിയായി തന്റെ തനൂസ് ഫാഷന്‍ വേള്‍ഡിനെ സ്വതന്ത്ര ഫാഷന്‍ ഡിസൈനിങ് നടത്തുന്ന ബോട്ടീക്കായ് വളര്‍ത്തിയെടുക്കുവാന്‍ ഈ വീട്ടമ്മയ്ക്ക് കഴിഞ്ഞു.
തന്റെ സുഹൃത് വലയത്തില്‍ നിന്നും റീസെല്ലര്മാരിലേക്കും തുടര്‍ന്ന് സ്ഥിരമായ ഉപഭോക്താക്കളുടെ കൂട്ടായ്മയിലേക്കും വസ്ത്രങ്ങള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞതോടെ നേരിട്ട് ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങളും വിപണനം ചെയ്യുവാന്‍ അന്നയ്ക്ക് ആത്മവിശ്വാസം ലഭിച്ചു. കഴിഞ്ഞവര്‍ഷം പകുതിയോടെ സ്വതന്ത്ര ഡിസൈനിങ്ങിനും അന്നയുടെ തനൂസ് ഫാഷന്‍ വേള്‍ഡ് തുടക്കമിട്ടു. റീസെല്ലിംഗ്, കസ്റ്റമൈസേഷന്, ഡിസൈനിങ് എന്നിങ്ങനെ ബോട്ടീക്കിങ്ങിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അന്ന നിയന്ത്രിക്കുന്നത് ഓണ്‍ലൈനായാണ്.
ഏതു പ്രായത്തിലുള്ളവര്‍ക്കും ഏതു മെറ്റീരിയലിലും ഡിസൈനിലുമുള്ള വസ്ത്രങ്ങള്‍ നിര്‍മിച്ചു നല്കുവാനുള്ള പ്രാപ്തിയിലേക്ക് തനൂസ് ഫാഷന്‍ വേള്‍ഡിനെ നയിക്കുവാന്‍ മൂന്നുവര്‍ഷംകൊണ്ട് അന്നയ്ക്കു കഴിഞ്ഞു. തുടക്കം മുതലേ ഓണ്‍ലൈനില്‍ സജീവമായ പ്രമോഷനുകള്‍ നടത്തിയും പുതിയ ട്രെന്‍ഡുകള്‍ വേഗം സ്വായത്തമാക്കിയും ഉപഭോക്താക്കളുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തിയുമാണ് അന്നയ്ക്ക് തന്റെ ‘കസ്റ്റമര്‍ ബേസ്’ കേരളത്തിനകത്തും പുറത്തുമായി വ്യാപിപ്പിക്കാനായത്.
ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും പിന്തുണയോടെ അന്ന തന്റെ സംരംഭത്തെ സുഗമമായി മുന്നോട്ടു നയിക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കുവാന്‍ കഠിനപ്രയത്നം ചെയ്യുന്ന ജീവനക്കാരുടെ ഒരു ടീമും അന്നയ്ക്ക് പിന്നിലുണ്ട്. സ്വന്തം നാട്ടില്‍ തനൂസ് ഫാഷന്‍ വേള്‍ഡ് എന്ന ബോര്‍ഡിന് കീഴില്‍ തന്റെ ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനാകുന്ന കാലവും വിദൂരമല്ലെന്ന് അന്ന പ്രതീക്ഷിക്കുന്നു.