വണ്ടര്‍ നീഡില്‍; പെണ്‍കൂട്ടായ്മയില്‍ സ്വപ്‌നം തുന്നിച്ചേര്‍ത്ത് ലിന്റ ജോയ്
സ്വന്തം കാലില്‍ നില്‍ക്കാനാഗ്രഹിക്കുന്ന വീട്ടമ്മമാര്‍ക്കെല്ലാം മുന്നിലുള്ള ആദ്യത്തെ ഓപ്ഷനായിരിക്കും ബൊട്ടീക് ബിസിനസ്. വലിയ ചിലവുകളില്ലാതെ ലഭ്യമായ സമയത്തിനനുസരിച്ച് ഇതു മുന്നോട്ടു കൊണ്ടുപോകാമെന്നുള്ളതു കൊണ്ട് അനേകം പേര്‍ ഈ രംഗത്തേക്ക് വരുന്നുണ്ട്. എന്നാല്‍ ഇക്കാരണം കൊണ്ടു തന്നെ കിടമത്സരവും ഇവിടെ അധികമാണ്. ഇതിനെ അതിജീവിക്കാനായാലേ മേഖലയില്‍ പിടിച്ചുനില്‍ക്കാനാകൂ. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി ലിന്റാ ജോയിയ്ക്ക് ഇതു നന്നായറിയാം.
എംകോമിനു ശേഷം സ്വകാര്യ കോളേജില്‍ ഗസ്റ്റ് ലക്ചററായി തന്റെ കരിയര്‍ ആരംഭിച്ച ലിന്റ, താന്‍ നേടിയ ബിസിനസ് പരിജ്ഞാനത്തിലൂടെ ബൊട്ടീക്കിംഗിന്റെ സാധ്യതകള്‍ പരമാവധി വിനിയോഗിക്കാന്‍ കഴിയുമെന്ന വിശ്വാസത്തോടുകൂടിയാണ് തന്റെ സംരംഭത്തിന് തുടക്കമിടുന്നത്. രണ്ടുവര്‍ഷംകൊണ്ട് മലയോര മേഖലയിലെ പ്രമുഖ ഡിസൈനിങ് ബോട്ടീക്കായ് മാറിയ ലിന്റയുടെ വണ്ടര്‍ നീഡില്‍സിന്റെ വിജയഗാഥ സമാനമായി സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്ന വനിതാസംരംഭകര്‍ക്ക് പ്രചോദനമായിരിക്കും.
ഒരു ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോയിന്‍ ചെയ്തതോടു കൂടിയാണ് ലിന്റ ഡിസൈനര്‍ വസ്ത്രങ്ങളുടെ വിപണന സാധ്യതയെപ്പറ്റി അടുത്തറിയുന്നത്. ബൊട്ടീക്കിംഗിലെ പുതിയ പ്രവണതകളും മാര്‍ക്കറ്റിംഗ് സ്വഭാവങ്ങളും മനസ്സിലാക്കിയപ്പോള്‍ എന്തുകൊണ്ടും തനിക്ക് ശോഭിക്കാന്‍ പറ്റിയ മേഖലയാണെന്നും ബോധ്യപ്പെട്ടു. തുടര്‍ന്ന് ഒരമ്മയായതിനുശേഷം ജോലിയില്‍ തുടരാനാകാതെ വന്നപ്പോള്‍ മനസ്സിലുള്ള ആശയത്തിനെ പിന്തുടരാമെന്ന് ലിന്റയ്ക്കു തോന്നി. എന്തിനും കൂടെ കൂട്ടായി നില്ക്കുന്ന ജീവിത പങ്കാളി ജെഫിന്‍, ലിന്റയുടെ സംരംഭക സ്വപ്‌നത്തിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു.
മികച്ച നോര്‍ത്ത് ഇന്ത്യന്‍ ഏരി വര്‍ക്കേഴ്‌സിന്റെ പിന്തുണ വളരെ വലുതാണ്. അവരുടെ കഴിവുകള്‍ കേരളത്തിനകത്തും ഇന്ത്യയ്ക്ക് പുറത്തുമുള്ള റീസെല്ലര്‍മാരെ ഉപയോഗിച്ച് ആഗോളമാര്‍ക്കറ്റിലേക്ക് എത്തിക്കുവാന്‍ ലിന്റ ശ്രമങ്ങളാരംരംഭിച്ചു. തുടങ്ങി രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ‘വണ്ടര്‍ നീഡില്‍’ എന്ന പേര് സൂചിപ്പിക്കുന്നതു പോലെ സുചിത്തുമ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഈ യുവസംരംഭകയ്ക്കു കഴിഞ്ഞു. ആരംഭദശ തൊട്ടിന്നുവരെ ദിവസവും ഓര്‍ഡറുകള്‍ കൂടി വരുന്നു.
20,000 രൂപയില്‍ നിന്ന് 60,000 രൂപയിലേക്ക് ലിന്റയുടെ വരുമാനം രണ്ടുവര്‍ഷം കൊണ്ട് ഉയര്‍ന്നു. ഈ ക്രിസ്മസ് സീസണില്‍ മാത്രം1200 ല്‍ അധികം ഓര്‍ഡറുകളാണ് ‘ഷിപ്പ്’ ചെയ്യാന്‍ സാധിച്ചത്. ഇതെല്ലാം സാധിച്ചത് കേരളം മുതല്‍ യുകെ വരെ വ്യാപിച്ചു കിടക്കുന്ന തങ്ങളുടെ റീസെല്ലര്‍മാരുടെ കഠിനാധ്വാനം കൊണ്ടാണെന്ന് ലിന്റ പറയുന്നു. ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ വണ്ടര്‍ നീഡിലിലേക്കെത്തിക്കുന്ന 800റോളം റീസെല്ലര്‍മാരില്‍ മൂന്നുപേരൊഴിച്ച് ബാക്കിയെല്ലാവരും വനിതകളാണ്. അതുകൊണ്ടുതന്നെ അക്ഷരാര്‍ത്ഥത്തില്‍ വണ്ടര്‍ നീഡിലിനെ വനിതാസംരംഭമെന്നു വിളിക്കാം.
മനസ്സിലുള്ള വസ്ത്രസങ്കല്പം യാഥാര്‍ത്ഥ്യമാക്കുവാനാണ് ഓരോ ഉപഭോക്താക്കളും ബൊട്ടീക്കുകളെ സമീപിക്കുന്നത്. ആ സങ്കല്പങ്ങളെ എത്രത്തോളം തൃപ്തിപ്പെടുത്താനാകുമോ അത്രത്തോളം ബോട്ടീക്കിന് സ്വീകാര്യതയുമുണ്ടാകും. ഉപഭോക്താക്കളുമായുള്ള കമ്മ്യൂണിക്കേഷന്‍ സജീവമായി നിലനിര്‍ത്തുന്നതാണ് ഇതിന്റെ ആദ്യപടി. എങ്കില്‍ മാത്രമേ അഴകളവുകളെ കുറിച്ചുള്ള അവരുടെ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുവാനും അവയ്ക്ക് അനുയോജ്യമായ രീതിയില്‍ രൂപം നല്‍കുവാനും സാധിക്കുകയുള്ളൂ. ഇതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഓര്‍ഡറുകള്‍ക്ക് പഞ്ഞമുണ്ടാകില്ലെന്ന് ലിന്റ പറയുന്നു.
ഓണ്‍ലൈനില്‍ നിന്ന് ഓഫ്ലൈനിലേക്ക് തന്റെ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രാജാക്കാട് തന്റെ ആദ്യത്തെ ഡിസൈനര്‍ ബൊട്ടീക്ക് തുറക്കുവാനുള്ള ശ്രമത്തിലാണ് ലിന്റ ഇന്ന്. കൃത്യമായ മുന്നൊരുക്കങ്ങളിലൂടെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ അസൂയാവഹമായ നേട്ടങ്ങള്‍ കൊയ്‌തെടുത്ത ഈ സംരംഭകയ്ക്ക് മുന്നോട്ടുള്ള വഴിയെക്കുറിച്ചും നിശ്ചയമുണ്ട്.
Phone: 7012544624
https://www.instagram.com/wonder_needle_0/?igshid=OGQ5ZDc2ODk2ZA%3D%3D