ആനന്ദത്തിന്റെ പാതയില്‍
ബിസിനസ്സിന്റെ പരമോന്നത സഭയില്‍ നിന്നും അശണര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കാന്‍ തുനിഞ്ഞിറങ്ങിയ ആനന്ദകുമാര്‍ ഒരു വേറിട്ട വ്യക്തിത്വമാണ്. ഒരു യുണീക് ജീന്‍. 26 വര്‍ഷത്തെ ബിസിനസ്സില്‍ നിന്നും നേടിയ സമ്പാദ്യമെല്ലാം മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം ചെലവഴിച്ചത്. അദ്ദേഹത്തിന്റെ ചോരയും നീരുമാണ് ശ്രീ സത്യസായി ഓര്‍ഫണേജ് ട്രസ്റ്റ്. ആ സേവനസപര്യ അദ്ദേഹം ഇപ്പോഴും തുടരുന്നു.
എറണാകുളം ജില്ലയില്‍ എളങ്കുന്നപ്പുഴ പ്രദേശത്ത് കൈപ്പിള്ളി ഭാനുമതി അമ്മയുടേയും വടക്കന്‍ പറവൂരില്‍ താഴത്തു വീട്ടിലെ നന്ദപ്പന്‍പിള്ളയുടേയും മകനായി 1955-ല്‍ മട്ടാഞ്ചേരിയിലാണ് ആനന്ദകുമാറിന്റെ ജനനം. അച്ഛന് കരകൗശല വസ്തുക്കളുടെ കയറ്റുമതിയായിരുന്നു. പഠനം പൂര്‍ത്തിയാക്കിയശേഷം അദ്ദേഹം അച്ഛന്റെ ബിസിനസ്സ് ഏറ്റെടുത്തു. അരി, ഫലവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയാണ് ആനന്ദകുമാര്‍ കയറ്റുമതി ചെയ്തത്. ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി 44 രാജ്യങ്ങളില്‍ സഞ്ചരിച്ചു. മൂന്ന് രാജ്യത്ത് ഓഫീസ് സ്ഥാപിച്ചു. അങ്ങനെ പതിയെ ബിസിനസ്സ് വളര്‍ന്നു വിപുലമായി.
അഹോരാത്രം കഷ്ടപ്പെട്ട് നേടിയ ബിസിനസ് സാമ്രാജ്യം ഉപേക്ഷിച്ച്, പെട്ടെന്നൊരു നാള്‍ സത്യസായി ബാബയുടെ ദാസനായി, പാവപ്പെട്ടവരുടെ ഉന്നമനത്തിനായി തെരുവിലേക്ക്…!
ഋഷിതുല്യനായ ആനന്ദകുമാര്‍ എന്ന വ്യക്തിപ്രഭാവത്തിന്റെ ആഴങ്ങളിലേക്ക് നമുക്ക് കടന്നുചെല്ലാം…
ആരുടേയും ജോലിക്കാരനായിരുന്നില്ല
ജീവിതത്തിലൊരിക്കലും താന്‍ ആരുടേയും ജോലിക്കാരനായിരുന്നില്ലെന്ന് ആനന്ദകുമാര്‍ പറയുന്നു. The leaders should be deal എന്നാണ് തന്റെ ബാബ പഠിപ്പിച്ചത്. നമ്മള്‍ സുതാര്യമായിരിക്കണം. അപ്പോള്‍ ഏത് അധര്‍മ്മത്തിനെതിരെയും കൈ ചൂണ്ടാന്‍ ഭയങ്കര ശക്തിയാണ്. അത് ഗുണ്ടായിസമല്ല. കാലങ്ങളായി നാം അനുഷ്ഠിച്ചു പോരുന്ന ധര്‍മ്മവും സത്യവും മാത്രമാണ്. അന്‍പതാമത്തെ വയസ്സില്‍ ജോലിയില്‍ നിന്നും വിരമിക്കണമെന്ന ആനന്ദകുമാറിന്റെ ആഗ്രഹം അതേപോലെ തന്നെ സാധിച്ചു. ബിസിനസ്സിലൂടെ എന്തൊക്കെ സമ്പാദിച്ചുവോ അതെല്ലാം അദ്ദേഹം സമൂഹത്തിനു വേണ്ടി നല്‍കി. 2500 രൂപ ബാങ്ക് ബാലന്‍സുണ്ട് എന്ന് 10 വര്‍ഷം മുന്‍പ് ഗവണ്‍മെന്റിന് എഴുതി നല്‍കി. അദ്ദേഹത്തിന്റെ പേരില്‍ ഒരു സെന്റ് ഭൂമിയില്ല, ഒരു ഗ്രാം സ്വര്‍ണ്ണമില്ല, ഒരിടത്തും ഷെയറുമില്ല.
സായിഗ്രാമം എന്ന സ്വപ്‌നഗ്രാമം
‘നിന്റെ മുന്നില്‍ വന്ന് ആരു കരഞ്ഞാലും നിനക്ക് കരയാന്‍ സാധിക്കണ’മെന്ന തന്റെ ഒന്‍പതാം വയസ്സില്‍ അമ്മ പറഞ്ഞുകൊടുത്ത വാചകം ആനന്ദകുമാറിന്റെ മനസ്സില്‍ ഒരു വിത്തായി വളര്‍ന്ന് പൊങ്ങിയിരുന്നു. ആത് വളര്‍ന്ന് വടവൃക്ഷമായതാണ് സായിഗ്രാമം.
ദേശീയ പാതയിലൂടെ വടക്കോട്ടു സഞ്ചരിച്ച് മംഗലപുരം തോന്നക്കല്‍ സ്ഥലങ്ങള്‍ പിന്നിട്ട് ചെമ്പകമംഗലം ജംഗ്ഷനില്‍ എത്തുമ്പോള്‍ വലതു വശത്തായി സായിഗ്രാമത്തിലേക്ക് പ്രവേശിക്കാനുള്ള കമാനം കാണാം. പ്രകൃതിയുടെ സ്വാഭാവികതയെ യാതൊരു തരത്തിലും അസ്വസ്ഥമാക്കാതെ ഒരുക്കിയിരുന്ന 25 ഏക്കറിലുള്ള പ്രശാന്ത സുന്ദരമായ സായിഗ്രാമം കാണേണ്ടതു തന്നെയാണ്. വ്യത്യസ്തങ്ങളായ 63 പദ്ധതികളാണ് ഇവിടെയുള്ളത്. 24 മണിക്കൂറും സൗജന്യമായി ആഹാരം വിളമ്പുന്ന ഭക്ഷണശാലയായ സായി നാരായാണാലയം ഇതുവരെ 2 കോടി ആളുകള്‍ക്ക് ഭക്ഷണം കൊടുത്തു കഴിഞ്ഞു. പൂര്‍ണമായും ബയോഗ്യാസ്സ് ഉപയോഗിച്ചാണ് ഇവിടെ പാകം ചെയ്യുന്നത്.
ക്ഷേത്രങ്ങള്‍, താമരപൊയ്ക, കാവും കുളവും, കുട്ടികളുടെ അനാഥാലയം, മുത്തച്ഛന്മാരുടെ വാസസ്ഥലം, ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെ വാസസ്ഥലം (സാന്ത്വനം), മുത്തശ്ശിമാരുടെ വാസസ്ഥലം (സായൂജ്യം), മഴവെള്ള സംഭരണി, മൊബൈല്‍ ക്ലോത്ത് ബാങ്ക്, ബാംബു ട്രെയിനിംഗ് സെന്റര്‍, തയ്യല്‍ പരിശീലന കേന്ദ്രം തുടങ്ങി നിരവധി കേന്ദ്രങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്ക് ഇവിടെ സൗജന്യ വിദ്യാഭ്യാസം നല്‍കുന്നു.
ഗ്രാമപാതയോരത്തെ വഴിവിളക്കുകള്‍ എല്ലാം സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. വൈദ്യുതി ഉപയോഗം കുറച്ചതിന് 2013-ല്‍ സായിഗ്രാമത്തിന് എനര്‍ജി കണ്‍സര്‍വേഷനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ജലദൗര്‍ലഭ്യമോ മില്‍മയിലെ സമരമോ ഒന്നും സായിഗ്രാമത്തെ ബാധിക്കാറില്ല. ഒട്ടുമിക്ക എല്ലാ മേഖലയിലും സായിഗ്രാമം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു.
ഇവിടെ കുട്ടികള്‍ ഉപയോഗിക്കുന്ന സോപ്പ്, ക്ഷേത്രത്തില്‍ കത്തിക്കുന്ന ചന്ദനത്തിരി, പൂക്കള്‍, പച്ചക്കറി എന്നിവയെല്ലാം ഇവിടെത്തന്നെ ഉല്പാദിപ്പിക്കുന്നു. രണ്ട് ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് നെല്‍ കൃഷിയും നടത്തുന്നുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ ഓരോ ഇഞ്ചും ‘വെല്‍ പ്ലാന്‍ഡ്’ ആയിട്ടാണ് സായിഗ്രാമം മുന്നോട്ട് പോകുന്നത്.
2005-ല്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌ക്കറാണ് സായിഗ്രാമത്തിന്റെ തറക്കല്ലിട്ടത്. സായിഗ്രാമം തുടങ്ങാനായി ബാങ്ക് ലോണിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പണം ലഭിക്കാന്‍ വൈകിയതിനാല്‍ അഡ്വാന്‍സ് തുക നല്‍കിയ സ്ഥലത്ത് ചടങ്ങ് നടത്താന്‍ വസ്തുവിന്റെ ഉടമസ്ഥന്‍ അനുവദിച്ചില്ല. അതിനാല്‍ അന്ന് സായിഗ്രാമത്തിനായി വാങ്ങിയ വഴിയിലാണ് തറക്കല്ലിട്ടത്. ഇതുവരെയും കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളില്‍ നിന്നും ഒരു വൗച്ചര്‍ പോലും വാങ്ങിച്ചിട്ടില്ല എന്നും ഇനിയും വാങ്ങരുത് എന്നുമാണ് ആഗ്രഹമെന്ന് ആനന്ദകുമാര്‍ പറയുന്നു.
ശത്രുക്കള്‍
ജീവിതത്തില്‍ ഒരിക്കല്‍ പോലും ആര്‍ക്കും ഒരു ഒറ്റ രൂപ കൈക്കൂലി കൊടുത്തിട്ടില്ലെന്ന് പറയുമ്പോള്‍ സത്യസന്ധനായ ആ മനുഷ്യന്റെ നിഷ്‌കളങ്കമായ കണ്ണുകള്‍ തിളങ്ങുകയായിരുന്നു. കൈക്കൂലി ചോദിച്ചവരെയൊക്കെ അകത്താക്കിയിട്ടുമുണ്ട്. അതിനാല്‍ ശത്രുക്കളും നിരവധിയുണ്ട്. അത് സാരമില്ല, മരണം ഒന്നല്ലേയുള്ളൂവെന്നു പറഞ്ഞു സ്വയം ചിരിക്കുകയാണ് ആനന്ദകുമാര്‍.
സായിഗ്രാമത്തിന്റെ പ്രവര്‍ത്തനത്തിനായി എത്തിയപ്പോള്‍ 22 പേര്‍ വെട്ടുകത്തിയുമായി ആനന്ദകുമാറിനെ ആക്രമിക്കാന്‍ എത്തി. നാളെയും ഇതിലെ വന്നാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടു മണിക്കൂറോളം അവര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞു നിര്‍ത്തി. എന്നാല്‍ അതേപ്പറ്റി ചോദിച്ചപ്പോള്‍ ആ സമയത്ത് നാമം ജപിച്ചെന്നും അങ്ങനെ നാമം ജപിക്കാന്‍ പഠിച്ചെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മനുഷ്യന് മറ്റ് വ്യക്തികളോട് വൈരാഗ്യം ഉണ്ടാകാം. എന്നാല്‍ തനിക്ക് ആരോടും വൈരാഗ്യം ഇല്ല. മനുഷ്യ ജന്മം കിട്ടിയിട്ട്, ഉള്ള കാലത്തോളം നല്ലത് ചെയ്യുക…ഈശ്വരനോട് നന്ദി പറയുക… അതാണ് വേണ്ടത്. നമ്മളെ വ്യക്തിപരമായി നന്നാക്കാനായി ഈശ്വരന്‍ പല പ്രക്രിയകളും ചെയ്യുമെന്നും ആ ഒരു ചിന്ത ഉണ്ടെങ്കില്‍ നമുക്ക് എത്ര വേണമെങ്കിലും ഉയരാം എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ദുഖത്തോടെ ഉറങ്ങുന്നു
സായിഗ്രാമത്തില്‍ 1500 പേരെ പാര്‍പ്പിച്ചിരിക്കുന്നു. ലോകത്തില്‍ ആദ്യമായി ഒരു രൂപ കൊടുക്കാതെ രണ്ടര ലക്ഷം ഡയാലിസിസ്സ് നടത്തി. എങ്കിലും എല്ലാ ദിവസവും ദുഖത്തോടുകൂടിയാണ് ഉറങ്ങുന്നത്. നമ്മുടെ മുന്നില്‍ വരുന്ന, നമ്മള്‍ കാണുന്ന ദുഖത്തിന്റെ 25 ശതമാനം പോലും പരിഹരിക്കാന്‍ പറ്റുന്നില്ല, സാമ്പത്തികമാണ് കാരണം.
ഒരു രൂപ സ്വീകരിക്കാതെ രണ്ടര ലക്ഷം ഡയാലിസിസ്സ് ലോകത്ത് ആരും ചെയ്തിട്ടില്ല, ലോകാരോഗ്യ സംഘടന, ഈ പ്രോജക്ട് ചോദിച്ചിരിക്കുകയാണ്. അപ്പോഴും സൗജന്യമായി ഡയാലിസിസ്സ് നടത്താനാവാതെ കരഞ്ഞുകൊണ്ട് മടങ്ങിപോകുന്നവരെകുറിച്ചാണ് ആനന്ദകുമാര്‍ ചിന്തിക്കുന്നത്.
കടത്തിലോടുന്ന സ്ഥാപനം
പൂര്‍ണമായും കടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സായിഗ്രാമം. കടം വാങ്ങും, കടം കൊടുക്കും. അല്ലാതെ, പണം സമ്പാദിച്ചു വച്ചിട്ട് ഇതുവരെ ഒന്നും ചെയ്തിട്ടില്ല.
”ഏതോ ഒരു ഒഴുക്കു ഉണ്ടാകുന്നു. അത് എന്നെ കൊണ്ടുപോകുന്നു. ആ ഒഴുക്കു ഈശ്വരന്റെയാണെന്ന പരിപൂര്‍ണ വിശ്വാസം എനിക്കുണ്ട്. കാരണം ഞാന്‍ ചെയ്യുന്നതെല്ലാം സത്യമാണ്, ധര്‍മ്മമാണ്, നീതിയാണ്. നമ്മുടെ ചിന്ത എപ്പോഴും പാവങ്ങളിലും കരയുന്നവരിലും ദുഃഖമനുഭവിക്കുന്നവരിലുമാണ്”.
എല്ലാം ഈശ്വരന്‍ നടത്തിത്തരുമെന്ന വിശ്വാസത്തിലാണ് സായിഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് ആനന്ദകുമാറിന്റെ സാക്ഷ്യപത്രം.
ജീവിതത്തിലേക്ക് ബാബ വന്നത്
ആനന്ദകുമാറിന് 9 വയസ്സ് പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ അമ്മക്ക് ഗര്‍ഭാശയ കാന്‍സര്‍ ബാധിച്ചു. അസുഖം മൂര്‍ച്ഛിച്ചതോടെ ചികിത്സയ്ക്കായി മദ്രാസിലേക്ക് കൊണ്ടുപോയി. കേരളത്തിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ആയ കൃഷ്ണമേനോന്‍ ആ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല. ജര്‍മ്മനിയില്‍ പോയിരുന്ന അദ്ദേഹം തിരിച്ചുവരുന്നതു വരെ കാത്തിരിക്കുവാന്‍ ആനന്ദകുമാറിന്റെ കുടുംബം തീരുമാനിച്ചു. ആശുപത്രിയില്‍ കഴിയുന്ന അമ്മയെ കാണാനായി എന്നും താമസ സ്ഥലത്തു നിന്നും ആനന്ദകുമാര്‍ അച്ഛനൊപ്പം പോകുമായിരുന്നു.
ഒരു ദിവസം യാദൃശ്ചികമായി ഇരുവരും ഭക്ഷണം കഴിക്കാനായി കയറിയ ഹോട്ടലിലെ ഉടമ, അവിടെ അടുത്തായി ആവടി എന്ന സ്ഥലത്ത് സത്യസായി ബാബ വരുന്നുണ്ട് എന്ന വിവരം അറിയിച്ചു. സന്യാസിമാരോട് ഏറെ താല്‍പര്യമുണ്ടായിരുന്ന ആനന്ദകുമാറിന്റെ അച്ഛന്‍ മകനെയും കൂട്ടി സായി ബാബയെ ചെന്നു കണ്ടു. ദര്‍ശനം കഴിഞ്ഞപ്പോള്‍ വൈകിയതിനാല്‍ അന്ന് അവര്‍ ആശുപത്രിയില്‍ പോയിരുന്നില്ല.
പിറ്റേന്ന് രാവിലെ അമ്മയ്ക്കുള്ള ഭക്ഷണവുമായി ആശുപത്രിയില്‍ എത്തിയ ആനന്ദകുമാറിന്റെ അച്ഛന്‍ സ്തംബ്ധനായി. കിടപ്പിലായിരുന്ന തന്റെ ഭാര്യ അതാ എഴുനേറ്റു നടക്കുന്നു.
കാരണം തിരക്കിയപ്പോള്‍ അമ്മ കരഞ്ഞുകൊണ്ട് ‘ബാബ സ്വപ്‌നത്തില്‍ വന്ന് തനിക്ക് യാതൊരു അസുഖവും ഇല്ലാ’യെന്ന് പറഞ്ഞു തന്നെ പിടിച്ച് എഴുന്നേല്‍പ്പിച്ചെന്നു പറഞ്ഞു. അതുവരെ ഉണ്ടായിരുന്ന കടുത്ത രക്തസ്രാവവും നിലച്ചു. ശരീരത്തിന്റെ തളര്‍ച്ച പൂര്‍ണമായും മാറി. പിന്നീട് 36 വര്‍ഷം കൂടി ആ അമ്മ ജീവിച്ചിരുന്നു. ക്യാന്‍സറിന്റെ പേരിന്‍ ഒരു ക്രോസിന്‍ പോലും അമ്മ കഴിച്ചിട്ടില്ലെന്ന് ആനന്ദകുമാര്‍ വ്യക്തമാക്കി. അന്നുമുതല്‍ അവര്‍ സായി ഭക്തരായി മാറുകയായിരുന്നു.
ഭാര്യയെന്ന തണല്‍മരം
സാമൂഹ്യ പ്രവര്‍ത്തനത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ആനന്ദകുമാറിന് എല്ലാവിധ പിന്തുണയും നല്‍കുന്നത് കുടുംബമാണ്. ഭാര്യ വിനീതയുടെ നിസീമമായ സഹകരണം തനിക്ക് നല്കുന്ന ഊര്‍ജ്ജം വളരെ വലുതാണെന്ന് പറയുന്നതില്‍ അദ്ദേഹത്തിന് അഭിമാനം മാത്രമാണുളളത്. ചിത്രരചനയുടെ കുലപതിയായ രാജാ രവിവര്‍മ്മയുടെ കൊച്ചു മകളാണ് വിനീത. വിനീതയും ഒരു ചിത്രകാരിയാണ്.
ഇവര്‍ക്ക് 3 പെണ്‍മക്കളാണ് ഉള്ളത്. ഐശ്വര്യ, സായൂജ്യ എന്നീ ഇരട്ട കുട്ടികള്‍ ചെന്നൈയിലും ബാംഗ്ലൂരിലുമായി കുടുംബസമേതം താമസിക്കുന്നു. ഇളയ മകള്‍ അന്നപൂര്‍ണ ദേവി ഗുജറാത്തിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു.
സേവനമെന്നാല്‍ ഈശ്വരഭക്തിയാണെന്നാണ് ആനന്ദകുമാറിന്റെ മതം. എല്ലാവര്‍ക്കും തണലേകുന്നൊരു ഫലവൃക്ഷമായി നിന്നിട്ടും താനൊരു വട്ടപൂജ്യമാണെന്ന് പറയുന്ന അദ്ദേഹത്തിന്റെ എളിമക്കു മുന്നില്‍ നമുക്ക് ശിരസ്സു നമിക്കാം. കാരണം, ആനന്ദകുമാര്‍ ഒരു പ്രതിഭാസമാണ്. ഇതൊന്നും തന്റെ മിടുക്കല്ല, ബാബയുടെ അനുഗ്രഹം മാത്രമാണെന്ന് പറഞ്ഞ് അദ്ദേഹം പുഞ്ചിരിക്കുന്നു.
ജീവിതം വെറുതെ ജീവിച്ചു തീര്‍ക്കാനുള്ള ഒന്നല്ല എന്നും കുറച്ച് പേരെയെങ്കിലും തന്നാല്‍ കഴിയുംവിധം ജീവിപ്പിക്കാനുള്ള അവസരമാണെന്നും ആ ജീവിതത്തിന് വേണ്ടി നിസ്വാര്‍ത്ഥമായി സേവനം ചെയാന്‍ വിധിക്കപ്പെട്ടവനാണ് താനെന്ന് ഉറച്ച് വിശ്വസിച്ച്, വിശക്കുന്നവന് ആഹാരവും വേദനിക്കുന്നവന് ആശ്വാസവും മരുന്നും ഉറങ്ങാന്‍ ഇടമില്ലാത്തവന് സ്വന്തം മടിത്തലപ്പും നല്കി മനുഷ്യസ്‌നേഹത്തിന്റെ പര്യായമായി മാറി…
സ്വയം മനസ്സിലാക്കി, ആ വഴിയിലൂടെ മറ്റുള്ളവരെയും നടത്തിച്ച, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്, ‘സ്വന്തം’ എന്നതില്‍ നിന്നും കടമയിലേക്കും മാറ്റി ചിന്തിപ്പിച്ച് മറ്റുള്ളവരില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒരു മനുഷ്യന്‍… ‘ഞാന്‍’ എന്ന വാക്കാണ് വേദനയെന്നും ‘നമ്മള്‍’ എന്ന വാക്കാണ് ശക്തിയെന്നും മനസ്സിലാക്കി വര്‍ഗ്ഗീയതയ്ക്കും രാഷ്ട്രീയത്തിനുമപ്പുറം നിന്നുകൊണ്ട് മനുഷ്യന്‍ പരസ്പരം സ്‌നേഹിക്കണമെന്ന് ചിന്തിപ്പിക്കാന്‍ ആനന്ദകുമാറിന് മാത്രമേ സാധിക്കൂ!