നാവില്‍ അലിയുന്ന ഫ്ളേവറുകളില്‍ഷീബയ്ക്ക് വിജയമധുരം
പല കാരണങ്ങള്‍ കൊണ്ട് കരിയറില്‍ നിന്ന് ബ്രേക്ക് എടുക്കേണ്ടി വരുന്നവരും വീട്ടമ്മമാരുമൊക്കെയാണ് സാധാരണ ഒരു കൈ നോക്കാന്‍ ബേക്കിംഗ് ബിസിനസ് തെരഞ്ഞെടുക്കുന്നത്. പക്ഷേ, ‘സ്ലൈസ് ഒ കേക്കി’ന്റെ ഉടമ ഷീബ സാജുവിന്റെ കഥ വ്യത്യസ്തമാണ്. എന്‍ജിനീയറിങ് കോളേജിലെ കൗണ്‍സിലര്‍ തസ്തിക ഉപേക്ഷിച്ചാണ് ഈ തിരുവനന്തപുരം പേരൂര്‍ക്കട അമ്പലംമുക്ക് സ്വദേശി നാവില്‍ അലിയുന്ന മധുരത്തിന്റെ സംരംഭകത്വത്തിലേക്ക് വരുന്നത്.
കോവിഡ് കാലത്തെ വിരസത ഒഴിവാക്കുവാന്‍ പാചകത്തിന്റെ പരീക്ഷണങ്ങള്‍ നടത്തി തുടങ്ങിയതാണ് സ്ലൈസ് ഒ കേക്കിന്റെ തുടക്കം. പിന്നീട് ഇതൊരു വരുമാന മാര്‍ഗമാക്കാമെന്നും തോന്നി. പരീക്ഷണങ്ങളെല്ലാം വിജയിച്ചതും ഉണ്ടാക്കിയ കേക്ക് കഴിച്ചവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞതും സംരംഭത്തിലേക്ക് കടക്കാന്‍ ധൈര്യം ഷീബയ്ക്ക് നല്കി.
മാസങ്ങള്‍ കൊണ്ട് പരിശീലനത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും നാവിലലിയുന്ന കേക്കിന്റെ മാജിക് സ്വായത്തമാക്കാന്‍ ഷീബയ്ക്ക് കഴിഞ്ഞു. അയല്‍ക്കാരും ബന്ധുക്കളും ഓഫീസിലെ ജീവനക്കാരുമായിരുന്നു ആദ്യത്തെ കസ്റ്റമേഴ്സ്. കേക്ക് കഴിച്ചവര്‍ അതുണ്ടാക്കിയ ആളിനെയും തേടി വന്നതോടെ ഷീബയുടെ അടുക്കള ഒരു ചെറുകിട സംരംഭമായി വളര്‍ന്നു.
ഇങ്ങനെ മൂന്നുവര്‍ഷം കൊണ്ട് ജോലിയോടൊപ്പം തന്നെ ലഭിക്കുന്ന ഓര്‍ഡറുകളും തയ്യാറാക്കി നല്കി ഷീബയ്ക്ക് സ്ലൈസ് ഒ കേക്കിന്റെ പ്ലാറ്റ്ഫോം വളര്‍ത്തിയെടുക്കാനായി. സമയവും അധ്വാനവും കൊണ്ട് തട്ടിച്ചു നോക്കിയപ്പോള്‍ എന്തുകൊണ്ടും പഠിച്ചു നേടിയ ജോലിയെക്കാളും മികച്ചത് പാര്‍ട്ട് ടൈമായി വളര്‍ത്തിയെടുത്ത സംരംഭമാണെന്ന് മനസ്സിലാക്കി കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരത്തെ ഏസ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് ജോലി രാജിവച്ച് പൂര്‍ണമായും കേക്ക് നിര്‍മാണത്തിലേക്ക് കടന്നിരിക്കുകയാണ് ഈ സംരംഭക. പോസ്റ്റ് ഗ്രാജുവേഷനും എംഎസ്ഡബ്ലിയുവും പൂര്‍ത്തിയാക്കിയ ഷീബയ്ക്ക് ജോലിയില്‍ നിന്ന് ലഭിച്ചിരുന്നതിനേക്കാള്‍ ഏഴു മടങ്ങ് വരുമാനം കേക്കുകളിലൂടെ ഇപ്പോള്‍ നേടാനാവുന്നുണ്ട്.
സ്വന്തമായി ഒരു ഓവന് പോലും ഇല്ലാതെയാണ് ബേക്കിംഗ് ബിസിനസിലേക്ക് ഷീബ കടന്നുവന്നത്. സങ്കീര്‍ണമായ കേക്ക് നിര്‍മാണത്തിനിടയില്‍ അടുക്കളയില്‍ മറ്റൊന്നും ചെയ്യാനാകില്ലെന്ന് വീട്ടമ്മമാര്ക്കെല്ലാമറിയാം. അതു മനസ്സിലാക്കി ഭര്‍ത്താവും മക്കളും കുടുംബവും നല്കിയ പിന്തുണ കൊണ്ടു മാത്രമാണ് തന്റെ സംരംഭത്തിന് വിജയിക്കാനായതെന്ന് ഷീബ പറയുന്നു.
ഭര്‍ത്താവ് സാജു അബ്ദുള്‍ ഖാദര്‍ ഷീബ ജോലി ചെയ്തിരുന്ന കോളേജിലെ ജീവനക്കാരനാണ്. ഭര്‍ത്താവും മക്കള്‍ ആദിലും ആഷിറും ഷീബയുടെ മാതാപിതാക്കളായ താജുദ്ദീനും ജമീല ബീവിയും ഭര്‍ത്താവിന്റെ മാതാപിതാക്കളായ കെ കെ അബ്ദുള്‍ ഖാദറും ജമീല ഖാദറും അടങ്ങുന്നതാണ് ഷീബയുടെ കുടുംബം. ഇവരുടെയെല്ലാം പിന്‍ബലത്തോടെ നിര്‍മാണത്തില്‍ പരിജ്ഞാനമോ ആവശ്യമായ ഉപകരണങ്ങളോ ഇല്ലാതെ സംരംഭകത്വത്തിലേക്ക് വന്ന ഷീബയ്ക്ക് ഒരു വര്‍ഷം കൊണ്ട് കേക്ക് നിര്‍മാണത്തിനായി വീടിനോട് ചേര്‍ന്ന് ഒരു പ്രത്യേക കിച്ചന് യൂണിറ്റ് നിര്‍മിക്കാനും അടുത്തവര്‍ഷം വിതരണ അടിസ്ഥാനത്തില്‍ കേക്കുകള്‍ നിര്‍മിക്കാനാവശ്യമായ മള്‍ട്ടിടെക് ഓവന് അടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങുവാനും സാധിച്ചു. വ്യവസായിക വകുപ്പ് ചെറുകിട വനിതാ സംരംഭകര്‍ക്ക് നല്കുന്ന സബ്സിഡിയോട് കൂടിയുള്ള വായ്പാ പദ്ധതി വഴിയാണ് ഇതിനാവശ്യമായ സാമ്പത്തിക സഹായം ഷീബയ്ക്ക് ലഭിച്ചത്.
ജീവിതത്തിലെ സവിശേഷ നിമിഷങ്ങള്‍ മധുരതരമാക്കുവാനാണ് ഓരോ ഉപഭോക്താക്കളും കേക്ക് നിര്‍മാതാക്കളെ സമീപിക്കുന്നത്. വനിതകള്‍ക്ക് ഏറ്റവും അനുയോജ്യമായ സംരംഭക മേഖല കൂടിയാണിത്. സഹായത്തിന് ഗവണ്മെന്റ് സബ്സിഡികളും വായ്പകളുമുണ്ട്. പക്ഷേ ഈ ഉത്തരവാദിത്വം ചെറുതല്ല.
രുചിമകുളങ്ങളെ ത്രസിപ്പിക്കുന്ന പാചകവൈദഗ്ധ്യവും കണ്ണിനെ ആകര്‍ഷിക്കുന്ന കലാവിരുതും സമ്മേളിക്കുമ്പോഴാണ് ഒരു നല്ല കേക്ക് ഉണ്ടാകുന്നത്. ഗുണമേന്മയില് വിട്ടുവീഴ്ച ചെയ്യാതെ രുചിയിലെ വൈവിധ്യം ഉറപ്പാക്കി ഓരോ കേക്കും ഓരോ അനുഭവമാക്കി മാറ്റാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും ബേക്കിംഗ് ഇന്‍ഡസ്ട്രിയില്‍ ചുവടുറപ്പിക്കാമെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഷീബ സാക്ഷ്യപ്പെടുത്തുന്നു.