ലാവീസ്; ലാവണ്യത്തിന്റെ ആയിരം വര്‍ണങ്ങള്‍
ഒഴിവുസമയം വെറുതെ കളയാനുള്ള മടി കൊണ്ടാണ് പല വീട്ടമ്മമാരും സംരംഭകത്വത്തിലേക്ക് തിരിയുന്നത്. പരിമിതികളും പരിചയക്കുറവും പിന്നിലേക്ക് വലിക്കുമ്പോഴും വീട്ടുകാര്യങ്ങള്‍ കഴിഞ്ഞുള്ള സമയത്തില്‍, ഹോബിയെ വരുമാന മാര്‍ഗമാക്കാന്‍ ശ്രമിക്കുന്ന സ്ത്രീസംരംഭകര്‍ ലാവീസ് ഡിസൈന്‍സിന്റെ ഉടമ ലാവണ്യ ആല്‍ബിയെ അറിഞ്ഞിരിക്കണം. ട്യൂഷനെടുത്തിരുന്ന കുട്ടികളുടെ അമ്മമാര്‍ക്കായി തെരഞ്ഞെടുത്ത വസ്ത്രങ്ങള്‍ വീട്ടലമാരയില്‍ അടുക്കിവയ്ക്കുമ്പോള്‍ കണ്ടിരുന്ന ബൊട്ടീക് സ്വപ്നത്തെ പന്ത്രണ്ടു വര്‍ഷം കൊണ്ട് അനേകം പുതുമണവാട്ടികളുടെ മംഗല്യസ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്തുന്ന ഡിസൈനര്‍ ബ്രാന്റായി മാറ്റുവാന്‍ ലാവണ്യയ്ക്ക് കഴിഞ്ഞു.
ചെറുപ്പം മുതലേ സഹോദരികളും കൂട്ടുകാരികളും ചുരിദാറും സാരിയുമൊക്കെ തെരഞ്ഞെടുത്തിരുന്നത് ചിത്രകാരി കൂടിയായ ലാവണ്യയുടെ അഭിപ്രായം ചോദിച്ചിട്ടായിരുന്നു. ഓരോരുത്തര്‍ക്കും ചേരുന്ന നിറവും ഡിസൈനുമെല്ലാം കണ്ടെത്താനുള്ള അഭിരുചിയായിരുന്നു കണ്ണൂര്‍ സ്വദേശിയായ ലാവണ്യയ്ക്ക് സ്വന്തമായൊരു സംരംഭം തുടങ്ങാനുള്ള പിന്‍ബലം. അതോടൊപ്പം സഹോദരിയുടെ വള പണയം വച്ചുകിട്ടിയ നാലായിരത്തി അഞ്ഞൂറു രൂപയും.
ഈ മൂലധനത്തില്‍ പരിചയക്കാര്‍ക്ക് ചേരുമെന്നു തോന്നിയ വസ്ത്രങ്ങള്‍ ലാവണ്യ വാങ്ങി ശേഖരിച്ചുതുടങ്ങി. ഭാര്യയും മൂന്നു കുട്ടികളുടെ അമ്മയുമായ ലാവണ്യയ്ക്ക് ബിസിനസ് പാരമ്പര്യമോ ഡിസൈനിങ് സര്‍ട്ടിഫിക്കറ്റുകളോ ഉണ്ടായിരുന്നില്ല. തുണിക്കടകളിലെ കളക്ഷനില്‍ തൃപ്തിപ്പെടാത്തവര്‍ക്കു വേണ്ടിയായിരുന്നു ലാവണ്യ വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തിരുന്നത്.
ലാവണ്യ ട്യൂഷനെടുത്തിരുന്ന കുട്ടികളുടെ അമ്മമാരും ലാവണ്യയുടെ സുഹൃത്തുക്കളുമൊക്കെയായിരുന്നു ആദ്യത്തെ കസ്റ്റമേഴ്സ്. ലാവണ്യയുടെ കളക്ഷനിലെ വസ്ത്രങ്ങള്‍ ധരിച്ചവര്തന്നെ ലാവീസ് ബൊട്ടീക്കിന്റെ പരസ്യമായി മാറുകയായിരുന്നു. ഇന്റര്‍നെറ്റ് പ്രചരിച്ചുതുടങ്ങാത്ത അക്കാലത്ത് ഇങ്ങനെ കേട്ടറിഞ്ഞവര്‍ അന്വേഷിച്ചെത്തിയപ്പോള്‍ സംരംഭകത്വത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള ആത്മവിശ്വാസവും ലാവണ്യയ്ക്കു ലഭിച്ചു.
കടകളില്‍ കിട്ടാത്ത ഡിസൈനിലുള്ള വസ്ത്രങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിയും ഫാഷന്‍ തരംഗങ്ങള്‍ക്കനുസരിച്ച് കളക്ഷന്‍ പരിഷ്ക്കരിച്ചും വര്‍ഷങ്ങള്‍ നീണ്ട കഠിനാദ്ധ്വാനം കൊണ്ട് 2016ല്‍ കണ്ണൂരില്‍ ലാവണ്യയ്ക്ക് സ്വന്തമായൊരു ബൊട്ടീക് സ്ഥാപിക്കാനായി. അഞ്ചുവര്‍ഷം കൊണ്ട് കോവിഡ് പ്രതിസന്ധിയും അതിജീവിച്ച് മൂവായിരത്തി അഞ്ഞൂറു സ്ക്വയര്‍ഫീറ്റില്‍ ലാവീസ് ബോട്ടീക്കിനെ ലാവീസ് ഡിസൈനേഴ്സായി മാറ്റുവാന്‍ ലാവണ്യയുടെ പരിശ്രമത്തിനു കഴിഞ്ഞു. ജില്ലയില്‍ വന്‍കിട ബ്രാന്റുകളോട് മത്സരിക്കുന്ന വെഡ്ഡിങ് കളക്ഷനോടു കൂടിയ പ്രമുഖ ഡിസൈനിങ് സ്ഥാപനമാണ് ഇന്ന് ലാവീസ്.
ഇന്ത്യയിലെ വസ്ത്ര നിര്‍മ്മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ലാവണ്യ നേരിട്ട് തെരഞ്ഞെടുക്കുന്ന കളക്ഷനാണ് ലാവീസിനെ വ്യത്യസ്തമാക്കുന്നത്. ലാവീസിന്റെ ജൈത്രയാത്രയില്‍ ലാവണ്യയെ തേടി അനേകം പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. മാക്സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ മഹിളാരത്നയും എന്എഫ്പിആറിന്റെയും കോളേജ് ഓഫ് കോമേഴ്സിന്റെയും കണ്ണൂരിലെ ഏറ്റവും മികച്ച സംരംഭകയ്ക്കുള്ള അവാര്‍ഡുകളും അവയില്‍ ഉള്‍പ്പെടുന്നു.
ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ആല്‍ബിയും മക്കള്‍ അനുഷ്കയും അവന്തികയും അനന്ദികയും ചേരുന്നതാണ് ലാവണ്യയുടെ കുടുംബം. കുടുംബത്തോടൊപ്പം ചെലവഴിച്ചതിനു ശേഷമുള്ള സമയം മാത്രമാണ് ഇപ്പോഴും ‘കണ്ണൂരിലെ ഏറ്റവും മികച്ച സംരംഭക’ ബിസിനസിനായി മാറ്റിവയ്ക്കുന്നത്.
റോട്ടറി ക്ലബ്ബിന്റെയും നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ഫെഡറേഷന്റെയും നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ലാവണ്യ സാമൂഹിക പ്രവര്‍ത്തനങ്ങളിലും വ്യാപൃതയാണ്. സ്വന്തം പരിചിതവലയത്തിനപ്പുറത്തേക്ക് എന്നെങ്കിലും തന്റെ സംരംഭം വളര്‍ത്താനാകുമോ എന്ന് ആശങ്കപ്പെടുന്ന വീട്ടമ്മമാരോട് ലാവണ്യയ്ക്ക് പറയാനുള്ളത് സ്വപ്നവും അത് യാഥാര്‍ത്ഥ്യമാക്കാനുള്ള കഠിനാധ്വാനവും മാത്രം മതി, വിജയിക്കുവാനുള്ള ഈശ്വരാനുഗ്രഹം താനേ ഉണ്ടാകുമെന്നാണ്.