നിശ്ചയദാര്‍ഢ്യത്തോടെ വിപണി കീഴടക്കി ഒരു സംരംഭക
ബിസിനസ് പലര്‍ക്കും പാഷനാണ്. ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടശേഷം ബിസിനസിലേയ്ക്ക് കടന്നുവരുന്നവരുമുണ്ട്; അതുപോലെ അവിചാരിതമായെത്തുന്നവരുമുണ്ട്. ബിസിനസ് ആരംഭിക്കുക എന്നത് പലരും മനസില്‍ പോലും ചിന്തിക്കാത്ത കാര്യമാകും. എന്നാല്‍ നാം കടന്നുവരുന്ന സാഹചര്യങ്ങളാണ് നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നത്. അത്തരത്തില്‍ അപ്രതീക്ഷിതമായി സംരംഭകയായ വനിതയാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല സ്വദേശിയായ സ്‌നേഹ വിജില്‍.
ബിസിനസുമായി ബന്ധപ്പെട്ട് യാതൊരു മുന്‍പരിചയവുമില്ലാതിരുന്ന സ്‌നേഹ എം.എ ഇംഗ്ലീഷ് പൂര്‍ത്തിയാക്കിയശേഷം ഒരു സ്ഥാപനത്തില്‍ സെയില്‍സ് സ്റ്റാഫായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. അങ്ങനെയിരിക്കെയാണ് സ്വന്തമായൊരു സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് സ്‌നേഹ ചിന്തിച്ചുതുടങ്ങുന്നത്. ഒരു കമ്പനിയുടെ കീഴില്‍ ചെയിന്‍ മാതൃകയില്‍ ഗ്രൂപ്പുണ്ടാക്കി ഉത്പന്നങ്ങള്‍ വിറ്റിരുന്ന സ്‌നേഹ അതേ മാതൃകയില്‍ തനിക്കും തന്നോടൊപ്പമുള്ളവര്‍ക്കും കൂടുതല്‍ ലാഭം ലഭിക്കുന്ന ഒരു സംരംഭം ആരംഭിക്കാന്‍തന്നെ തീരുമാനിച്ചു. മാര്‍ക്കറ്റില്‍ സുലഭമല്ലാത്തതും ആരോഗ്യത്തിന് ഗുണപ്രദവുമായ ഉത്പന്നങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്ന സ്‌നേഹയ്ക്ക് ഒരു സുഹൃത്താണ് ‘ക്യാഷ്യൂ നട്ട് ‘ ബിസിനസിനെക്കുറിച്ചുള്ള ആശയം സമ്മാനിക്കുന്നത്.
അങ്ങനെ ഒരു മാസം മുമ്പാണ് വിപണിയില്‍ അത്ര സുലഭമല്ലാത്ത എക്‌സ്‌പോര്‍ട്ടിങ് ക്വാളിറ്റിയുള്ള ക്യാഷ്യൂ നട്ട്‌സ് ‘Vihanvika’ എന്ന പേരില്‍ സ്‌നേഹ കസ്റ്റമേഴ്‌സിന് ലഭ്യമാക്കിത്തുടങ്ങിയത്. വളരെ അപൂര്‍വമായി മാത്രം വിപണിയില്‍ ലഭിക്കുന്ന എക്‌സ്‌പോര്‍ട്ടിങ് ക്വാളിറ്റി ക്യാഷ്യൂ നട്ട്‌സ് കുറഞ്ഞ വിലയില്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതായിരുന്നു സ്‌നേഹയുടെ ലക്ഷ്യം. അത് പരിപൂര്‍ണ വിജയമാകുകയും ചെയ്തു.
മംഗലാപുരത്തുനിന്നാണ് കിങ് ഓഫ് ക്യാഷ്യു എന്നറിയപ്പെടുന്ന 180 ഗ്രേഡ് ക്യാഷ്യു ആയ എക്‌സ്‌പോര്‍ട്ടിങ് ക്വാളിറ്റി തിരഞ്ഞെടുക്കുന്നത്. കമ്പനിയില്‍ നിന്ന് വാങ്ങുന്ന ക്യാഷ്യു വീണ്ടും തരംതിരിച്ചാണ് പാക്കറ്റുകളില്‍ നിറയ്ക്കുന്നത്. നിലവില്‍ 250 ഗ്രാം, 500 ഗ്രാം, 1 കിലോഗ്രാം എന്നീ അളവുകളിലാണ് ക്യാഷ്യൂ വിപണിയിലെത്തിക്കുന്നത്. നേരിട്ടുള്ള വില്‍പനയ്ക്ക് പുറമെ ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നിവയിലൂടെ ഓണ്‍ലൈനായും സ്‌നേഹ ക്യാഷ്യു നട്ട് വിപണിയിലെത്തിച്ചിട്ടുണ്ട്.
ഒരു ചെയിന്‍ മാതൃകയില്‍ സെയില്‍സ് ഗ്രൂപ്പുണ്ടാക്കിയാണ് സ്‌നേഹ തന്റെ സംരംഭത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. തനിക്ക് ലഭിക്കുന്ന ലാഭത്തെക്കാള്‍ കൂടുതല്‍ തന്റെ കൂടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്‌നേഹ നല്‍കിവരുന്നതുകൊണ്ടുതന്നെ ഓരോ ദിവസവും നിരവധി പേരാണ് Vihanvikaയുടെ സെയില്‍സ് ഗ്രൂപ്പിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെയാണ് കുറഞ്ഞ കാലയളവിനുള്ളില്‍ Vihanvika എന്ന സ്ഥാപനം ജനശ്രദ്ധ നേടിയതും.
രണ്ടാമതൊരു ബിരുദാനന്തര ബിരുദം കൂടി എന്ന ലക്ഷ്യത്തില്‍ എം.എ സൈക്കോളജി പൂര്‍ത്തിയാക്കി റിസള്‍ട്ടിനായി കാത്തിരിക്കുന്ന സ്‌നേഹ തന്റെ ബിസിനസിന്റെ വളര്‍ച്ചയ്ക്കായി അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്‌നേഹയുടെ സംരംഭത്തിന് പൂര്‍ണ പിന്തുണ നല്‍കി ഭര്‍ത്താവ് വിജില്‍ രാജും മകനായ വിഹാന്‍ വി രാജും മറ്റ് കുടുംബാംഗങ്ങളും കൂടെത്തന്നെയുണ്ട്.