ഫര്‍ഹയുടെ കരവിരുതില്‍ വിരിയുന്നത് അതിശയിപ്പിക്കുന്ന കലാസൃഷ്ടികള്‍
ഓരോ വ്യക്തികളുടെയും ഉള്ളില്‍ ആരുമറിയാത്ത നിരവധി കഴിവുകളാണ് ഒളിഞ്ഞുകിടക്കുന്നത്. പലരും അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം. സ്വന്തം കഴിവുകളെ തിരിച്ചറിയുകയും അവയെ വേണ്ടവിധം പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നത് നിസാരകാര്യമല്ല. അത്തരത്തില്‍ ആരാലും അറിയപ്പെടാതെ പോകുമായിരുന്ന തന്റെ കഴിവുകളെ ഉണര്‍ത്തി വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്തിയ ഒരു സംരംഭകയാണ് വിദ്യാര്‍ത്ഥിനി കൂടിയായ കണ്ണൂര്‍ പാനൂര്‍ സ്വദേശിനിയായ ഫര്‍ഹ കെ.വി.
ചെറുപ്പം മുതല്‍ ഫര്‍ഹക്ക് ചിത്രരചനയോട് വലിയ താത്പര്യമായിരുന്നു. വളര്‍ന്നപ്പോള്‍ ആ താത്പര്യം പാഷനായി മാറുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു സുഹൃത്ത് ക്രാഫ്റ്റ് വര്‍ക്ക് ചെയ്ത ഒരു ഗിഫ്റ്റ് നിര്‍മിച്ചു നല്കാന് ഫര്‍ഹയോട് ആവശ്യപ്പെട്ടു. ചിത്രം വരയ്ക്കാന്‍ താത്പര്യമുള്ളതുകൊണ്ടുതന്നെ ഫര്‍ഹ അത് ഏറ്റെടുക്കുകയും അതിമനോഹരമായി പൂര്‍ത്തിയാക്കി നല്‍കുകയും ചെയ്തു.
സുഹൃത്തിന് സൗജന്യമായി നല്കിയ ഗിഫ്റ്റിന് അപ്രതീക്ഷിതമായി പണം ലഭിച്ചതോടെ എന്തുകൊണ്ട് ഇതൊരു ബിസിനസ് എന്ന നിലയിലേയ്ക്ക് മാറ്റിക്കൂടാ എന്ന് ഫര്‍ഹ ചിന്തിച്ചു തുടങ്ങുകയായിരുന്നു. ഒരു വിദ്യാര്‍ത്ഥിനി കൂടിയായിരുന്ന ഫര്‍ഹയുടെ ബിസിനസ് ചിന്താഗതി തുടക്കത്തില്‍ വീട്ടുകാര്‍ക്ക് അംഗീകരിക്കാന്‍ അല്പം ബുദ്ധിമുട്ടായിരുന്നു. എങ്കിലും മകളുടെ താത്പര്യങ്ങള്‍ തിരിച്ചറിഞ്ഞതോടെ മാതാപിതാക്കള്‍ പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു.
അങ്ങനെ ‘Rainbow’ എന്ന പേരില്‍ തന്റെ സ്വപ്നസംരംഭം ഫര്‍ഹ ആരംഭിച്ചു. ക്രാഫ്റ്റ് വര്‍ക്കുകള്‍ക്ക് പുറമെ അറബിക്-ഇംഗ്ലീഷ് ഭാഷകളിലെ കാലിഗ്രാഫി, പെന്‍സില്‍-പേന ഉപയോഗിച്ചുള്ള ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ കസ്റ്റമൈസ്ഡ് ആയി വരക്കുക തുടങ്ങിയവയും Rainbowലൂടെ ചെയ്തുവരുന്നുണ്ട്. ഇവിടം കൊണ്ടും അവസാനിക്കുന്നതല്ല ഫര്‍ഹയിലെ സംരംഭകയുടെ മികവുകള്‍. ഒരു സുഹൃത്തിനോടൊപ്പം ചേര്‍ന്ന് ഇവന്റ് ഡെക്കറേഷനും ചെയ്തുവരുന്നുണ്ട് ഈ വിദ്യാര്‍ത്ഥിനി. നേരിട്ടെത്തുന്ന വര്‍ക്കുകള്‍ക്ക് പുറമെ ഓണ്‍ലൈനായും ഓര്‍ഡറുകള്‍ സ്വീകരിക്കുന്നുണ്ട്. മാത്രമല്ല, ആര്‍ട്ട് & ക്രാഫ്റ്റ് വര്‍ക്കുകള്‍ക്ക് ഓള് ഇന്ത്യ ഡെലിവറിയും സജ്ജമാക്കിയിട്ടുണ്ട്.
ഡോക്ടറായ ഫര്‍ഹയുടെ പിതാവിന് മകള്‍ മെഡിക്കല്‍ രംഗത്തേയ്ക്ക് കടന്നു വരണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ഫര്‍ഹയ്ക്ക് താത്പര്യം ആര്‍ട്ടിനോടും ക്രാഫ്റ്റിനോടുമായിരുന്നു. എന്നാല്‍ തന്റെ സ്വപ്നങ്ങളോടൊപ്പം കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ക്കും പ്രാധാന്യം നല്കാന് ആഗ്രഹിച്ച ഫര്‍ഹ ലാബ് ടെക്നീഷ്യന് കോഴ്സ് തിരഞ്ഞെടുക്കുകയും അതോടൊപ്പം തന്റെ ഇഷ്ടങ്ങളെ കൂടെക്കൂട്ടുകയുമായിരുന്നു.
തന്റെ പ്രൊഫഷനെയും പാഷനെയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ഫര്‍ഹ സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന യുവതീ-യുവാക്കള്‍ക്ക് ഒരു മാതൃക തന്നെയാണ്. ഫര്‍ഹക്ക് പൂര്‍ണ പിന്തുണ നല്കി പിതാവ് ഡോ.അലിയും മാതാവ് മലീഹയും സഹോദരങ്ങളായ അജ്മല്‍, ജുവൈര എന്നിവരും കൂടെത്തന്നെയുണ്ട്.