EntreprenuershipSuccess Story

രുചിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പില്ല, സ്വാദൂറും അച്ചാറുകള്‍ക്ക് ‘Azlan Pickles Home Made’

‘നല്ല സ്വാദൂറും അച്ചാര്‍ മാത്രം മതി ഒരുപറ ചോറ് കഴിക്കാന്‍’ എന്നാണല്ലോ പഴമക്കാര്‍ പറയാറുള്ളത്. ഒരു പരിധിവരെ അത് സത്യവുമാണ്. കാരണം നമ്മുടെ പാകത്തിന് പുളിയും ഉപ്പും എരിവുമെല്ലാം ചേര്‍ത്ത അച്ചാറുണ്ടെങ്കില്‍ ഭക്ഷണം കഴിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പല അച്ചാറുകളുടെയും രുചികളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. അതോടൊപ്പം ദീര്‍ഘനാള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ പലവിധത്തിലുള്ള മായങ്ങള്‍ ചേര്‍ത്താണ് അവ വിപണിയിലെത്തിക്കുകയും ചെയ്യുന്നത്. എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായി, ഒരംശം പോലും മായം ചേര്‍ക്കാതെ, പണ്ടുകാലത്ത് വീടുകളില്‍ അമ്മമാരും മുത്തശ്ശിമാരും ഉണ്ടാക്കിയിരുന്ന അതേ രുചിയില്‍ അച്ചാറുകള്‍ വിപണിയിലെത്തിക്കുകയാണ് കൊല്ലം പാരിപ്പള്ളി സ്വദേശിയായ റൈഹാന സജാദ്.

സ്വന്തമായി ഒരു സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് റൈഹാന ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് തന്റെ ജീവിതത്തിലെ നിര്‍ണായകമായ ഈ തീരുമാനം റൈഹാനയെടുത്തത്. 10 മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു വാഹനാപകടത്തില്‍ റൈഹാനയുടെ ഭര്‍ത്താവ് മരണപ്പെടുകയായിരുന്നു. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന റൈഹാനയ്ക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

കുടുംബത്തിന്റെ ഏക ആശ്രയം ഇല്ലാതായതോടെ മുന്നോട്ടുള്ള ജീവിതം റൈഹാനയ്ക്ക് മുമ്പില്‍ ചോദ്യചിഹ്നമായി മാറി. സാമ്പത്തികമായി കുടുംബത്തിന്റെ അവസ്ഥ പരുങ്ങലിലായതോടെ റൈഹാനയുടെ അച്ചാറിന്റെ രുചിപ്പെരുമയറിഞ്ഞ ഭര്‍ത്താവിന്റെ സുഹൃത്തുക്കളില്‍ ചിലരാണ് ഒരു സംരംഭം ആരംഭിക്കുന്നതിനേക്കുറിച്ച് സൂചിപ്പിച്ചത്. അങ്ങനെ ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് റൈഹാന ‘Azlan Pickles Home Made’ എന്ന പേരില്‍ സംരംഭം ആരംഭിച്ചത്.

ഹോംമെയ്ഡ് ആയാണ് റൈഹാന തന്റെ സംരംഭം മുന്നോട്ടുകൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ കസ്റ്റമേഴ്‌സ് ആവശ്യപ്പെടുന്നതിനനുസരിച്ച് അവരുടെ ഇഷ്ടങ്ങള്‍ക്കും രുചിയ്ക്കുമനുസരിച്ചാണ് നിര്‍മാണം. ഓര്‍ഡര്‍ അനുസരിച്ച് ഉണ്ടാക്കുന്നതിനാല്‍ ഫ്രഷ് ഉത്പന്നങ്ങള്‍ മാത്രമുപയോഗിച്ചാണ് അച്ചാറുകള്‍ ഉണ്ടാക്കുന്നത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്.

ബിഫ്, മീന്‍, ബീറ്റ്‌റൂട്ട്, നാരങ്ങ, മാങ്ങ, വെളുത്തുള്ളി എന്നിങ്ങനെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന എല്ലാവിധത്തിലുമുള്ള അച്ചാറുകളും റൈഹാന ഉണ്ടാക്കിനല്‍കും. 100 ഗ്രാം മുതലാണ് അച്ചാറുകള്‍ വില്‍ക്കപ്പെടുന്നത്. നേരിട്ടെത്തുന്ന ഓര്‍ഡറുകള്‍ക്ക് പുറമെ ഓണ്‍ലൈനായും ഓര്‍ഡര്‍ സ്വീകരിച്ച് കൊറിയറായി എത്തിച്ചു നല്‍കുകയും ചെയ്യും.

നൂറ് ശതമാനം പരിശുദ്ധി ഉറപ്പാക്കിയാണ് അച്ചാറുകള്‍ നിര്‍മിക്കുന്നത്. അതിനായി ഉപയോഗിക്കുന്ന മുളകുപൊടി ഉള്‍പ്പെടെയുള്ളവ നല്ല രീതിയില്‍ കഴുകി ഉണക്കി മില്ലില്‍ നേരിട്ട് നല്‍കി പൊടിപ്പിക്കുന്നവയാണ്. കൂടാതെ, അച്ചാര്‍ കേടാകാതിരിക്കാനായി മറ്റ് മായങ്ങളൊന്നും റൈഹാന ചേര്‍ക്കാറുമില്ല. അതിനാല്‍ ഉത്പന്നങ്ങള്‍ക്ക് രണ്ട് മാസത്തെ കാലാവധി മാത്രമാണ് വാഗ്ദാനം ചെയ്യുന്നതും.

രുചിയുടെയും ഗുണമേന്മയുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല ഈ സംരംഭക. അതുകൊണ്ടുതന്നെയാണ് ഈ ചെറിയ കാലയളവില്‍ നിരവധി സംതൃപ്തരായ കസ്റ്റമേഴ്‌സിനെ നേടാന്‍ Azlan Pickles Home Made ന് സാധിച്ചതും. റൈഹാനയുടെ സംരംഭത്തിന് പൂര്‍ണ പിന്തുണയും സഹായവും നല്‍കി ഉമ്മ കൂടെത്തന്നെയുണ്ട്. അസ്ലന്‍ എകമകനാണ്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button