EntreprenuershipSuccess Story

ലക്ഷ്യബോധത്തോടെ വിപണി കീഴടക്കിയ സംരംഭക

ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമാണ് കര്‍പ്പൂരം. ക്ഷേത്രങ്ങളിലും വീടുകളിലും ആചാര ആനുഷ്ഠാനങ്ങളുടെയും ചടങ്ങുകളുടെയും ഭാഗമായി കര്‍പ്പൂരം ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു ബിസിനസ് ആരംഭിക്കുന്നതിനേക്കുറിച്ച് ചിന്തിച്ചപ്പോള്‍ കാസര്‍ഗോഡ് ബദിയടുക്ക സ്വദേശിനിയായ പ്രീതിയുടെ മനസിലേക്ക് ആദ്യമെത്തിയത് കര്‍പ്പൂരം നിര്‍മാണ യൂണിറ്റ് തന്നെയായിരുന്നു.

സാമ്പത്തികമായി മറ്റാരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കുക എന്നതായിരുന്നു പ്രീതിയുടെ എക്കാലത്തെയും ആഗ്രഹം. ആ ചിന്തയാണ് ഒരു ബിസിനസിലേക്ക് പ്രീതിയെ കൈപിടിച്ചുയര്‍ത്തിയത്. ക്ഷേത്രങ്ങളാല്‍ ചുറ്റപ്പെട്ട അന്തരീക്ഷത്തില്‍ ജീവിച്ചതുകൊണ്ടുതന്നെ കര്‍പ്പൂരം നിര്‍മാണത്തിലേക്ക് എത്താന്‍ പ്രീതിക്ക് അധികമൊന്നും ആലോചിക്കേണ്ടതായി വന്നില്ല. അധികം താമസിയാതെ നിര്‍മാണവുമായി ബന്ധപ്പെട്ട ക്ലാസുകളില്‍ പങ്കെടുത്ത പ്രീതി രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ആദ്യ സംരംഭമായ ‘സ്വാമി കൊറഗജ്ജ കാംഫര്‍ മാന്യുഫാക്ചറിങ് എന്‍ര്‍പ്രൈസസ്’ എന്ന സ്ഥാപനം പടുത്തുയര്‍ത്തി.

പരീക്ഷണാടിസ്ഥാനത്തില്‍ ക്ഷേത്രങ്ങളില്‍ സാമ്പിളുകള്‍ വിതരണം ചെയ്യുകയായിരുന്നു വിപണി കണ്ടെത്താനുള്ള ആദ്യഘട്ടം. കര്‍പ്പൂരത്തിന്റെ ഗുണനിലവാരം മനസിലാക്കിയതോടെ ക്ഷേത്രങ്ങളില്‍ നിന്നും മറ്റും വലിയ തോതില്‍ ആവശ്യക്കാര്‍ സമീപിച്ചു തുടങ്ങുകയായിരുന്നു. തുടക്കത്തില്‍ കര്‍പ്പൂരം മാത്രമായിരുന്നു നിര്‍മിച്ചിരുന്നതെങ്കിലും അധികം വൈകാതെ ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് അവശ്യ വസ്തുക്കളുടെ നിര്‍മാണവും ആരംഭിച്ചു.

ഇപ്പോള്‍ അഗര്‍ബത്തി, കുങ്കുമം, കളഭം, ലോപാനം, ഭസ്മം, വിളക്ക് തിരി തുടങ്ങിയവ വ്യാവസായിക അടിസ്ഥാനത്തില്‍ കമ്പനിയില്‍ നിര്‍മിക്കുന്നുണ്ട്. ഇതില്‍ അഗര്‍ബത്തിയുടെ ചമ്പ, ജാസ്മിന്‍, ലാവണ്ടര്‍, ചന്ദനം എന്നീ ഫ്‌ളേവറുകള്‍ പ്രീതി മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. അധികം വൈകാതെ റോസ് ഫ്‌ളേവറും വിപണിയില്‍ ലഭ്യമായിത്തുടങ്ങും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ബസിനസിന് ആവശ്യമായ റോ മെറ്റീരിയലുകള്‍ പ്രീതി ശേഖരിക്കുന്നത്.

ഇപ്പോള്‍ ക്ഷേത്രങ്ങള്‍ക്ക് പുറമെ ചെറുകിട-വന്‍കിട വ്യാപാരികളും കമ്പനിയില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങി വിപണിയില്‍ എത്തിക്കുന്നുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലേക്കാണ് പ്രധാനമായും ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്. വരും കാലങ്ങളില്‍ കേരളം മുഴുവന്‍ തന്റെ ബിസിനസ് വ്യാപിപ്പിക്കണമെന്ന ആഗ്രഹവുമായാണ് ഈ സംരംഭക ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.

പുരുഷ മേധാവിത്വമുള്ള ഒരു മേഖലയും സ്ത്രീകള്‍ക്ക് അന്യമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് പ്രീതി. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് എന്നും പ്രചോദനം തന്നെയാണ് ഈ വീട്ടമ്മ. പ്രീതിക്ക് എല്ലാ പിന്തുണയും നല്‍കി കുടുംബവും മക്കളായ അനുഷയും അര്‍ഷികും കൂടെത്തന്നെയുണ്ട്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button