കലയ്‌ക്കൊപ്പം കാര്യവും; വരകളുടെ ലോകത്ത് വര്‍ണങ്ങള്‍ വിതറി ഗീതാലയം
ചായക്കൂട്ടിലൂടെ വരും തലമുറയുടെ ജീവിതത്തിന് ലക്ഷ്യം പകരുന്ന ഒരിടം. വിദ്യാഭ്യാസത്തിനോടൊപ്പം കലയുടെ നന്മയും സഹജീവികളോട് പ്രതിബദ്ധതയും കുട്ടികളില്‍ ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുവരികയാണ് വിശ്വപ്രതാപ് എന്ന കലാകാരന്റെ കീഴില്‍ തിരുവനന്തപുരം തച്ചോട്ടുകാവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗീതാലയം.
മ്യൂറല്‍ ചിത്രകലാരംഗത്ത് പ്രവര്‍ത്തിക്കുന്ന വിശ്വപ്രതാപ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി വരകളുടെയും വര്‍ണങ്ങളുടെയും ലോകത്ത് സജീവമാണ്. 2021ല്‍ ആക്രിലിക് മീഡിയത്തില്‍ മൂന്നു മണിക്കൂറും 28 മിനിറ്റുമെടുത്ത് വിശ്വപ്രതാപ് വരച്ച മോഹന്‍ലാല്‍ (ബറോസിലെ വേഷപ്പകര്‍ച്ച) ചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ട്.
താന്‍ പഠിച്ചതും അറിഞ്ഞതും നിറങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്ക് കൂടി ഉപകാരപ്രദമാകും വിധം പകര്‍ന്നു നല്‍കണമെന്ന താല്പര്യമാണ് ഗീതാലയം എന്ന സ്ഥാപനം ആരംഭിക്കാന്‍ ഈ കലാകാരന് പ്രേരണയായത്. ഒരു കല എന്നതിലുപരി തങ്ങള്‍ പകര്‍ന്ന് നല്‍കുന്ന അറിവ് കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെയും കടന്നുപോകണം എന്നൊരു ലക്ഷ്യം മാത്രമാണ് ഗീതാലയത്തിന്റെ പ്രവര്‍ത്തനത്തെ മുന്നോട്ട് നയിക്കുന്നത്.
നിലവില്‍ 60ലധികം കുട്ടികളാണ് ഗീതാലയത്തിന് കീഴില്‍ ചിത്രരചന പഠിക്കുന്നത്. സാമ്പത്തിക ലാഭം മുന്നില്‍ കണ്ടുകൊണ്ടല്ല ഗീതാലയത്തിന്റെ പ്രവര്‍ത്തനം എന്നതുകൊണ്ട് തന്നെ സ്ഥാപനത്തിന്റെ നടത്തിപ്പിനായി വോള്‍ പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിങ്, ഇന്റീരിയര്‍ ഡ്രോയിങ് തുടങ്ങിയ വര്‍ക്കുകളും വിശ്വപ്രതാപ് ചെയ്തുവരുന്നുണ്ട്.
കുട്ടി കര വിരുതുകള്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു
സമകാലിക വിഷയങ്ങളില്‍ ഊന്നിയ ചിത്രരചനയ്ക്കാണ് പ്രധാനമായും ഗീതാലയം മുന്‍തൂക്കം നല്‍കുന്നത്. ഒരു കുട്ടി നല്ലൊരു ആര്‍ട്ടിസ്റ്റായി മാറുന്നതിനു മുന്‍പ് തന്റെ ചുറ്റുപാടിനെ കുറിച്ച് തികഞ്ഞ അവബോധം ഉണ്ടായിരിക്കണം. അതിലേക്ക് അവരെ പിടിച്ചുയര്‍ത്തുവാനാണ് ഗീതാലയം ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി 2022 ജൂണ്‍ 23, 24, 25 തീയതികളില്‍ തിരുവനന്തപുരം മ്യൂസിയം ഹാളില്‍ വച്ച് നടക്കുന്ന എക്‌സിബിഷന് ഒരു പരിധിവരെ സാധിക്കും എന്നാണ് വിശ്വപ്രതാപന്‍ കരുതുന്നത്.
പ്രായഭേദമന്യേ 14 കുട്ടികളാണ് എക്‌സിബിഷനായി ഒരുങ്ങുന്നത്. അതിന് അവരെ പ്രാപ്തമാക്കാന്‍ വിശ്വപ്രതാപിനൊപ്പം നിഷാ ബാലകൃഷ്ണന്‍, സൗപര്‍ണിക വി, അനു എസ് ആര്‍ എന്നീ അധ്യാപികമാരും പ്രവര്‍ത്തിക്കുന്നു.
ചെറിയ പ്രായത്തില്‍ തന്നെ തങ്ങളുടെ കഴിവുകള്‍ മനസ്സിലാക്കാനും പൊതുസമൂഹത്തിന് മുന്നിലേക്ക് കടന്നു വരുവാനും കുട്ടികളെ പ്രാപ്തമാക്കുവാന്‍ ഈ പ്രദര്‍ശനത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കാം…
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വിശ്വപ്രതാപ്, ഗീതാലയം
9946755858,7012848703