EntreprenuershipSuccess Story

സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് മാറ്റ് കൂട്ടി ക്രൗണ്‍ & ഫെദര്‍

സ്വന്തമായൊരു ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ അവിചാരിതമായി ബിസിനസിലേക്ക് ഇറങ്ങുകയും ആദ്യശ്രമത്തില്‍തന്നെ വിജയം കൊയ്യുകയും ചെയ്യുന്നവര്‍ വളരെ ആപൂര്‍വമാണ്. അത്തരത്തില്‍ വിജയിച്ച് നില്‍ക്കുന്ന ഒരു സംരംഭകയാണ് തിരുവനന്തപുരം സ്വദേശിയായ ആരതി പ്രശാന്ത്.

അവിചാരിതമായാണ് ആരതി ബിസിനസിലേക്ക് ഇറങ്ങുന്നത്. പഠനത്തിന് ശേഷം ഫ്രണ്ട് ഓഫീസ് സ്റ്റാഫായും എയര്‍പോര്‍ട്ടില്‍ ഫ്‌ളൈറ്റ് കാറ്ററിങ് കമ്പനിയില്‍ സൂപ്പര്‍വൈസറായും എട്ട് വര്‍ഷത്തോളം ആരതി ജോലി ചെയ്തു. എന്നാല്‍ കോവിഡ് കാലത്ത് കമ്പനി നഷ്ടത്തിലായതോടെ ആരതിക്ക് അവിചാരിതമായി ജോലി നഷ്ടപ്പെട്ടു. അപ്പോഴാണ് മേക്കപ്പിനോടുള്ള ആരതിയുടെ താത്പര്യം പ്രൊഫഷനാക്കിക്കൂടേയെന്ന് അമ്മ അഭിപ്രായപ്പെട്ടത്. അതുവരെ ബിസിനസ് എന്ന ചിന്ത മനസില്‍ ഇല്ലായിരുന്ന ആരതി തന്റെ പാഷനെ കണ്ടെത്തുകയായിരുന്നു.

അങ്ങനെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് ലഭിച്ച തുക ഉപയോഗിച്ച് മേക്കപ്പ് പഠിക്കാന്‍ തന്നെ തീരുമാനിച്ചു. തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ നിരവധി ബ്രൈഡല്‍, നോണ്‍ ബ്രൈഡല്‍ മേക്കപ്പും ഫോട്ടോഷൂട്ടുകളും ചെയ്ത് എക്‌സ്പീരിയന്‍സ് നേടിയ ആരതി അമ്മയുടെയും ഭര്‍ത്താവിന്റെയും പിന്തുണയോടെ സ്വന്തമായൊരു സംരംഭം ആരംഭിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തി.

അങ്ങനെ 2023 ജനുവരിയില്‍ തിരുവനന്തപുരം മലയിന്‍കീഴില്‍ തന്റെ സ്വപ്‌ന സാമ്രാജ്യമായ ക്രൗണ്‍ & ഫെദര്‍ എന്ന സ്ഥാപനം ആരംഭിച്ചു. പാര്‍ലര്‍ ആരംഭിക്കുന്നതിനേക്കുറിച്ച് ചിന്തിച്ചുതുടങ്ങിയപ്പോള്‍ത്തന്നെ ചെലവ് ചുരുക്കി എങ്ങനെ മനോഹരമായി കെട്ടിപ്പടുക്കാം എന്നതിലായിരുന്നു ആരതി ശ്രദ്ധ കേന്ദ്രീകരിച്ചത്. അതുകൊണ്ടുതന്നെ ഇന്റീരിയര്‍ വര്‍ക്കുകള്‍ പൂര്‍ണമായും ആരതിയും ഭര്‍ത്താവും തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് സ്വന്തമായാണ് ഡിസൈന്‍ ചെയ്തത്. പാര്‍ലറിലെ ഓരോ ചെറിയ കാര്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണയും സ്വപ്‌നങ്ങളുമുണ്ടായിരുന്നതിനാല്‍ ആദ്യകാഴ്ചയില്‍ തന്നെ ആരുടെയും മനം കവരുന്ന രീതിയിലാണ് പാര്‍ലര്‍ സെറ്റ് ചെയ്തിരിക്കുന്നത്.

തന്റെ സംരംഭം ആരംഭിച്ച ശേഷം ഏറ്റെടുത്ത ആദ്യ വര്‍ക്കില്‍തന്നെ കഴിവ് തെളിയിക്കാന്‍ ആരതിക്ക് കഴിഞ്ഞു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സംഘടിപ്പിച്ച ടെക്കീസ് സമ്മര്‍ ഫെസ്റ്റില്‍ 50-ഓളം മോഡലുകളെ അണിയിച്ചൊരുക്കി റാമ്പിലെത്തിച്ചത് ക്രൗണ്‍ & ഫെദറിന്റെ നേതൃത്വത്തിലായിരുന്നു. ആരതിയുടെ മുന്നോട്ടുള്ള വളര്‍ച്ചയുടെ ആക്കംകൂട്ടുന്ന പരിപാടി തന്നെയായിരുന്നു അത്.

പിന്നീടങ്ങോട്ട് ചെറുതും വലുതുമായ നിരവധി പരിപാടികളാണ് ആരതിയെ തേടിയെത്തിയത്. സലൂണ്‍-പാര്‍ലര്‍ വര്‍ക്കുകള്‍, ഫോട്ടോഷൂട്ടുകള്‍, ബ്രൈഡല്‍ മേക്കപ്പ്, ഗ്രൂമിങ് എന്നിവയെല്ലാം ആരതി തന്റെ ക്രൗണ്‍ & ഫെദറിലൂടെ ചെയ്തുവരുന്നുണ്ട്.

നല്ല സ്വപ്‌നങ്ങളാണല്ലോ മനുഷ്യനെ മുന്നോട്ടുനയിക്കുന്നത്. അതുകൊണ്ടുതന്നെ ക്രൗണ്‍ & ഫെദറിന്റെ മറ്റൊരു ബ്രാഞ്ച് യുണിസെക്‌സ് സലൂണ്‍ എന്ന രീതിയില്‍ ആരംഭിക്കണമെന്ന സ്വപ്‌നവുമായാണ് ആരതി ഇപ്പോള്‍ മുന്നോട്ട് നീങ്ങുന്നത്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button