സഹകരണ ബാങ്കുകള്‍ സംരക്ഷിക്കപ്പെടണം
ചാനലുകളായ ചാനലുകളിലും പത്രത്താളുകളിലും സോഷ്യല്‍ മീഡിയകളുടെ മുക്കിലും മൂലയിലും ഇപ്പോഴത്തെ ചര്‍ച്ചാവിഷയം സഹകരണ ബാങ്കുകളുടെ അഴിമതി കഥകളാണ്. കോടികളുടെ അഴിമതി കഥകള്‍…! മെയ്യനങ്ങാതെ കോടീശ്വരനാകാനുള്ള എളുപ്പമാര്‍ഗം ഒരു സഹകരണ ബാങ്കിന്റെ പ്രസിഡന്റോ, ഭരണ സമിതി അംഗമോ ആയാല്‍ മതി എന്ന നിലയിലായി കാര്യങ്ങള്‍…
ഭരണ സമിതി അംഗങ്ങളുടെ അത്യാഗ്രഹവും കെടുകാര്യസ്ഥതയും നിമിത്തം ദുരിതത്തിലായത് പാവം സാധാരണക്കാരാണ്. പട്ടിണി കിടന്നും വിശ്രമമില്ലാതെ പണിയെടുത്തും സ്വരുക്കൂട്ടിയ ധനം, ഏറ്റവും വിശ്വസ്തമായ ഒരിടം എന്ന നിലയില്‍ സ്വന്തം നാട്ടിലെ സഹകരണ ബാങ്കിലേക്കാണ് ഒരു സാധാരണക്കാരന് ‘ഇന്‍വെസ്റ്റ്’ ചെയ്യുക… അവന്റെ മ്യൂച്ചല്‍ ഫണ്ടും ഷെയര്മാര്ക്കറ്റുമെല്ലാം നാട്ടിലെ സഹകരണ ബാങ്ക് തന്നെയാണ്. സഹകരണ പ്രസ്ഥാനങ്ങളുടെ ശക്തമായ അടിത്തറയായി നിലനിന്നിരുന്ന ആ വിശ്വാസമാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്.
സാധാരണക്കാരനെ മുണ്ട് മുറുക്കിയുടുത്ത് സമ്പാദിക്കാന്‍ പരിശീലിപ്പിച്ച സഹകരണ പ്രസ്ഥാനങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനയുടെ ആണിക്കല്ലാണ്. പതിനായിരത്തോളം കുടുംബങ്ങളുടെ അത്താണിയായ സഹകരണ ബാങ്കുകള്‍ സംരക്ഷിക്കപ്പെടണം. ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കണം. അതിന് ഭരണാധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. തെറ്റ് ചെയ്തവര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം, അവരെ ഒറ്റപ്പെടുത്തണം. തെറ്റുകള്‍ ആവര്ത്തിക്കപ്പെടാതിരിക്കട്ടെ.
കണ്ണീരൊപ്പാന്‍ അധികാരികള്‍ എപ്പോഴുമുണ്ടാകുന്ന വിശ്വാസം ജനങ്ങളുടെ ഹൃദയത്തില്‍ കുളിര്‍മഴ പെയ്യിക്കട്ടെ… വിശ്വാസം… അതല്ലേ എല്ലാം…!
- ചീഫ് എഡിറ്റര്‍