Business Articles

ബാര്‍ ഹോട്ടല്‍ വ്യവസായ മേഖലയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും

-ജിബി എബ്രഹാം

”ഈ നാട് നശിക്കുന്നത് തിന്മ ചെയ്യുന്നവരെ കൊണ്ടായിരിക്കില്ല; പകരം അതു കണ്ടിട്ടും പ്രതികരിക്കാത്തവരെ കൊണ്ടായിരിക്കും” – ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

ഓക്‌സിജന്‍ ഇല്ലാത്ത വെന്റിലേറ്ററില്‍ അകപ്പെട്ട അവസ്ഥയിലാണ് ഇന്നത്തെ കേരളത്തിലെ ടൂറിസം രംഗവും ഹോട്ടല്‍ വ്യവസായവും അനുബന്ധ മേഖലകളും. ‘മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണ അവസ്ഥ’യ്ക്കു സമമെന്നും പറയാം. പ്രവാസ വ്യവസായവും നാട്ടിലെ വ്യവസായവും രണ്ടും ഒരുമിച്ചു ചെയ്യുന്ന ആളെന്ന നിലയില്‍ രണ്ടിന്റെയും നിലവിലുള്ള അജഗജാന്തര വ്യത്യാസങ്ങള്‍ കഴിഞ്ഞ 15 വര്‍ഷക്കാലത്തെ പ്രവൃത്തി പരിചയത്തില്‍ നിന്നും മനസിലാക്കിയിട്ടുണ്ട്.

നാടിനോടുള്ള സ്‌നേഹവും കടപ്പാടും മൂലം നമ്മുടെ നാട് മറ്റുരാജ്യങ്ങളുടെ നിലവാരത്തില്‍ നിലനില്‍ക്കുവാനും അതുമൂലം 10 പേര്‍ക്ക് ജോലി നല്‍കുവാനും അതുകൂടാതെ അനുബന്ധ മേഖലകളില്‍ മാറ്റം ഉണ്ടാകുവാനും വേണ്ടി ഇനിയുള്ള കാലം കൂടുതല്‍ നാട്ടിലാക്കാമെന്നു കരുതി ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സര്‍വീസുമായി ബന്ധപ്പെട്ട് കടന്നു വരുമ്പോള്‍ എന്നില്‍ വലിയ പ്രതിക്ഷകളായിരുന്നു. ഏറ്റെടുത്ത ഹോട്ടലുകളില്‍ ഇന്റര്‍നാഷണല്‍ നിലവാരം അനുസരിച്ചുള്ള മള്‍ട്ടി ക്യൂഷന്‍ റസ്റ്റോറന്റ്, കോക്‌ടേല്‍ മോക്‌ടേല്‍ സര്‍വീസിങ് എക്‌സിക്യൂട്ടീവ് ലോഞ്ചസ്, സ്പാ തുടങ്ങിയ എല്ലാ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡും പാലിച്ചു കൊണ്ടു തുടങ്ങിയ ഹോട്ടലുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ, 2014-ല്‍ അന്നു കേരളം ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റ് മദ്യനിരോധന നിയമം നടപ്പിലാക്കിക്കൊണ്ടു ബാര്‍ ഹോട്ടലുകള്‍ അടച്ചു പൂട്ടാന്‍ തീരുമാനമെടുത്തു.

ബാര്‍ ഹോട്ടല്‍ വ്യവസായത്തെയും അനുബന്ധ മേഖലകളെയും അതില്‍ മുതല്‍ മുടക്കിയവരുടെയുമൊക്കെ നേരെ കണ്ണടച്ചു കൊണ്ടു ഗവണ്‍മെന്റ് ഈ നിയമം നടപ്പിലാക്കിയപ്പോള്‍ കോടികള്‍ വരുമാനമുണ്ടായിരുന്ന ടൂറിസം രംഗത്തെ അത് സാരമായി ബാധിക്കുകയും അതോടൊപ്പം ലോക ഭൂപടത്തില്‍ നിന്നും കേരള ടൂറിസവും ഹോട്ടല്‍ വ്യവസായവും ഏതാണ്ടു തുടച്ചു മാറ്റപ്പെട്ട അവസ്ഥയിലേക്കു മാറ്റപ്പെട്ടു. ഇതേത്തുടര്‍ന്നു, വ്യവസായികള്‍ നിയമ പേരാട്ടം നടത്തിയെങ്കിലും ലക്ഷങ്ങളുടെ കടബാധ്യതയുണ്ടാക്കി എന്നതല്ലാതെ ആര്‍ക്കും ഒരു പ്രയോജനവും ഉണ്ടായില്ല.

പിന്നീട് വന്ന എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ നയത്താല്‍ വീണ്ടും തുറന്നു ജിവന്‍ വച്ച മേഖല ഒന്നു പിച്ചവച്ചു തുടങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന ഒരു സത്യം മനസിലായത്. ബാര്‍ ബോട്ടലുകള്‍ അടഞ്ഞു കിടന്ന നാളുകള്‍ കൊണ്ടു കസ്റ്റമറുടെ രീതികളില്‍ സാരമായ മാറ്റങ്ങള്‍ ഉണ്ടായി. അവര്‍ ബാറുകളില്‍ നിന്നും അകന്ന് വീടുകളിലും കാറുകളിലും വഴിയോരങ്ങളിലും മറ്റ് രീതികളിലേക്കുമൊക്കെ വഴിമാറി. അവിടെ തുടങ്ങി കേരളത്തിലെ ബാര്‍ ഹോട്ടല്‍ വ്യവസായത്തിന്റെ പ്രതിസന്ധിയും തകര്‍ച്ചയും.

ഇപ്പോഴും ഈ മേഖലയിലെ ഭൂരിപക്ഷം ആള്‍ക്കാരും കടത്തിലും ലോണിലുമാണ്. പക്ഷേ, ഇവര്‍ താമസിക്കുന്നത് നല്ല വീടുകളിലും യാത്ര ചെയ്യുന്നത് നല്ല വാഹനങ്ങളിലുമൊക്കെ ആയതിനാല്‍ ഇവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ഇവരെ പ്രമോട്ട് ചെയ്യാനും ആരും തന്നെ മുന്‍കൈ എടുക്കുന്നില്ല എന്നതാണ് സത്യം. ഇവര്‍ ഓരോ ദിവസം ചെല്ലുന്തോറും സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് മറ്റു പ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്തുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന നൂറോളം ബാര്‍ ഹോട്ടലുകള്‍ വില്പനയ്ക്ക് വച്ചിരിക്കുകയാണ്. ഈ അവസ്ഥ കാണുമ്പോള്‍ അറിയാം ഈ മേഖല അനുഭവിക്കുന്ന പ്രതിസന്ധികള്‍ എത്രത്തോളം ഭീകരമെന്ന്… ഇത് അനുഭവിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ജീവനുള്ളപ്പോള്‍ എങ്കിലും ഇതു തുറന്നു പറയുവാന്‍ ശ്രമിക്കുകയാണ് ഞാന്‍. അത് എനിക്കും ഈ വ്യവസായത്തിലെ എന്റെ മറ്റു സഹോദരങ്ങള്‍ക്കും വേണ്ടിയാണ്.

ഇതൊന്നും മനസ്സിലാക്കാതെ വാര്‍ഷിക ലൈസന്‍സ് ഫീസ്, മറ്റിതര ടാക്‌സുകള്‍, മദ്യത്തിന്റെ വില ഇവയെല്ലാം കൂട്ടാവുന്ന അത്രയും കൂട്ടി ഉത്തരവാദപ്പെട്ടവര്‍ അവരുടെ ‘കര്‍ത്തവ്യം’ നിര്‍വഹിക്കുന്നു. ലോണെടുത്തും കോടികള്‍ മുതല്‍ മുടക്കിയും ഈ വ്യവസായത്തില്‍ ഏര്‍പ്പെട്ടു പോയവര്‍ക്ക് ഇനിയെന്തു വഴിയാണ് മുന്നിലുള്ളതെന്നു ആലോചിച്ചു എല്ലാം തലകുനിച്ചു അംഗീകരിച്ചു മുന്നോട്ടു പോയപ്പോഴാണ് 2018 ലെ മഹാ പ്രളയം കേരളത്തെ പിടിച്ചുലച്ചത്. സ്വാഭാവികമായും എല്ലാ വ്യവസായങ്ങളെയും ബാധിച്ച അതേ രീതിയില്‍ തന്നെ ഹോട്ടല്‍ വ്യവസായത്തെയും പ്രളയം സാരമായി ബാധിച്ചു. തളര്‍ച്ച ബാധിച്ചു എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിയത് പോലെയായി വീണ്ടും കാര്യങ്ങള്‍. ഇപ്പോഴിതാ മനുഷ്യരാശി ഇന്ന് വരെ അഭിമുഖീകരിക്കാത്ത കോവിഡ് മഹാമാരിയും കൂടി ആയപ്പോള്‍ ഓക്‌സിജന്‍ കിട്ടാനില്ലാതെ വെന്റിലേറ്ററിലായ അവസ്ഥയിലായി വ്യവസായികള്‍.

ഞാന്‍ ഇത് എഴുതുമ്പോള്‍ ബാര്‍ ഹോട്ടലുകള്‍ വഴി മദ്യം പാഴ്‌സല്‍ നല്‍കാന്‍ ഒരു ഉത്തരവുണ്ട്. കേരളത്തില്‍ ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ നിര്‍മിക്കുകയും അത് ഓരോ അഞ്ച് വര്‍ഷം കൂടുമ്പോള്‍ റീ ക്ലാസിഫിക്കേഷന്‍ ചെയ്യുകയും 30 ലക്ഷം വാര്‍ഷിക ഫീസ് കെട്ടി വച്ചു ബാര്‍ വ്യവസായം ചെയ്യുന്നവരോട് സ്റ്റാഫ് സാലറി, ഇലക്ട്രിസിറ്റി ബില്‍, മെയിന്റനന്‍സ് ചാര്‍ജ്, മറ്റിതര ചെലവുകള്‍ എല്ലാം സ്വയം വഹിച്ച്, ബിവറേജസ് കോര്‍പ്പറേഷന്റെ നഷ്ടം നികത്താനായി, അധിക അഞ്ച് ശതമാനം ടാക്‌സ് കൊടുത്തു കുപ്പികള്‍ വാങ്ങി വന്‍ നഷ്ടത്തില്‍ വില്‍ക്കുവാനാണ് ഈ ഉത്തരവില്‍ പറയുന്നത്. എങ്ങനെയാണ് നഷ്ടത്തില്‍ ഒരു ബിസിനസ് ചെയ്യുവാന്‍ കഴിയുക? ഇത് മനസ്സിലാക്കിയവര്‍ മൗനം പാലിക്കുകയാണ്. ഇത് സാധാരണക്കാര്‍ക്ക് മനസ്സിലാക്കുവാന്‍ വേണ്ടിയാണ് ഇത്രയും വിശദീകരിച്ച് എഴുതിയത്. ഇതൊന്നും ഉത്തരവാദിത്വപ്പെട്ടവര്‍ അറിയുന്നില്ലയോ അതോ അവര്‍ മനപൂര്‍വ്വം കണ്ണടയ്ക്കുകയാണോ? എല്ലാം നശിച്ചു കഴിയുമ്പോഴെങ്കിലും അവര്‍ കണ്ണു തുറക്കുമോ….

ഒരുപക്ഷേ, എല്ലാം തുറന്നു പറയാന്‍ ഇങ്ങനെ അവസരം കിട്ടിയില്ലല്ലോ എന്നോര്‍ത്ത് എന്നെപ്പോലെ സ്വന്തം അധ്വാനത്തിലൂടെ വളര്‍ന്നുവന്ന, നാടിനോടുള്ള കൂറിന്റെ പേരില്‍ ഇവിടെ വ്യവസായം ചെയ്യുന്നവര്‍ക്ക് വേണ്ടിയെങ്കിലും എല്ലാവരുടെയും അറിവിലേക്കായി സത്യസന്ധമായി ചില കാര്യങ്ങള്‍ തുറന്നു പറയാതെ വയ്യ. അത് ആരെയും കുറ്റപ്പെടുത്താനോ നിന്ദിക്കുവാനോ അല്ല പകരം പോസിറ്റീവായി ചിന്തിച്ച് നീതിയുടെ, നന്മയുടെ കവാടങ്ങള്‍ തുറക്കാനായാല്‍ ഭാവി തലമുറയെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതിയിട്ടാണ്.

കോവിഡാനന്തര ലോകം ഒരു പുതിയ ലോകമാണ്. എല്ലാം പഴയ പടി ആകുവാനും മുന്നേറുവാനും മറ്റുള്ള ലോകരാഷ്ട്രങ്ങളുടെ നിലവാരത്തില്‍ നമ്മുടെ എല്ലാ ജീവിത സാഹചര്യങ്ങളും മാറ്റപ്പെടുത്തുവാനും നമുക്ക് കഴിഞ്ഞില്ലെങ്കില്‍ ഇപ്പോള്‍ തന്നെ പല മേഖലകളിലും മറ്റുള്ളവരേക്കാള്‍ പിന്നില്‍ നില്‍ക്കുന്ന നമ്മള്‍ ആദ്യ ‘ലാപ്പി’ല്‍ തന്നെ തളര്‍ന്നു വീഴും എന്ന് ഓര്‍ക്കുക. ആയതിനാല്‍ ഹോട്ടല്‍ വ്യവസായം നടത്തുന്ന ഒരു എളിയ ആള്‍ എന്ന നിലയില്‍ ഭരണകര്‍ത്താക്കളോട് അപേക്ഷിക്കാനുള്ളത്;

കാലഹരണപ്പെട്ട നിയമങ്ങള്‍ എത്രയും പെട്ടെന്ന് എടുത്തുകളയുകയും സുതാര്യമാക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ തന്നെ അനിവാര്യതയാണ്. ഉദാഹരണമായി, ഒരു ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കി കഴിഞ്ഞാല്‍ അതിന്റെയുള്ളില്‍ പലസ്ഥലങ്ങളിലും ‘സെര്‍വ്’ ചെയ്യുന്നതിന് പെര്‍മിഷനുള്ള വ്യത്യസ്ത ഫീസ് ഈടാക്കുന്നത് എന്തിനാണെന്ന് ആലോചിക്കേണ്ടത് അല്ലേ? ഇതൊക്കെ ഈ ലോകത്ത് നമുക്ക് മാത്രമേയുള്ളൂ. ഇങ്ങനെ തുടങ്ങി കാലഹരണപ്പെട്ട അബ്കാരി നിയമങ്ങളാണ് സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിഞ്ഞിട്ടും നമ്മള്‍ അനുവര്‍ത്തിക്കുന്നത്. അതുപോലെ തന്നെയാണ് അനാവശ്യമായ നിര്‍ബന്ധിത അവധി ദിനങ്ങള്‍. അവശ്യ അവധിദിനങ്ങള്‍ നമുക്ക് മനസ്സിലാക്കാം. ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത ധാരാളം അവധികള്‍ നമ്മുടെ ഈ മേഖലയില്‍ കടന്നുകൂടിയിട്ടുണ്ട്.

അതുപോലെ നമ്മള്‍ പാലിക്കുന്ന അബ്ക്കാരി നിയമങ്ങളെല്ലാം പുതിയ ലോകത്തിന് ചേര്‍ന്നതാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. സ്‌പെയിന്‍, ദുബായ്, ഖത്തര്‍ എന്നിവിടങ്ങളില്‍ ഹോട്ടല്‍ വ്യവസായം കൈകാര്യം ചെയ്ത ഒരാളെന്ന നിലയില്‍ മറ്റുള്ളവര്‍ എന്തു പറഞ്ഞാലും ഇതെല്ലാം കാലഹരണപ്പെട്ട നിയമങ്ങളാണ് നമ്മള്‍ അനുവര്‍ത്തിക്കുന്നത് എന്ന് പറയാതെ വയ്യ. എന്റെ പ്രവൃത്തി പരിചയത്തില്‍ ഞാന്‍ മനസ്സിലാക്കുന്നത് ലോകത്തെങ്ങുമില്ലാത്ത വളരെ വിചിത്രമായ ഒരു ലോജിക്കുമില്ലാത്ത, മോഡേണ്‍ യുഗത്തിന് ഒട്ടും അനുയോജ്യമല്ലാത്ത ഇത്തരം നിയമങ്ങള്‍ പൊളിച്ചു എഴുതേണ്ടത് അത്യാവശ്യം ആണെന്നാണ്.

ആയതിനാല്‍ ഇച്ഛാശക്തിയും വിദ്യാഭ്യാസവും അറിവും ലോകപരിചയവമുള്ള ഭരണകര്‍ത്താക്കള്‍, അവരുടെ പൂര്‍ണ പിന്തുണയോടുകൂടി ഉദ്യോഗസ്ഥന്മാരാല്‍ ഇതെല്ലാം ചെയ്യപ്പെടണം. അതിന് ഭരണസിരാ കേന്ദ്രങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഒപ്പം കേരള ടൂറിസത്തെ ‘പ്രമോട്ട്’ ചെയ്യുന്ന സംവിധാനങ്ങള്‍ ശക്തമാക്കണം. തിരിഞ്ഞുനോക്കാനോ പിന്നീട് ചെയ്യാമെന്നോ ഉള്ള ചിന്തകള്‍ വീണ്ടും നമുക്ക് അപമാനമാണ്. വരും തലമുറയെ കുറിച്ചോര്‍ത്തെങ്കിലും ഇത്തരം നിയമങ്ങള്‍ പൊളിച്ചെഴുതി, ‘വ്യവസായ സൗഹൃദ അന്തരീക്ഷം’ എന്ന് പ്രസംഗിക്കാതെ പ്രാവര്‍ത്തികമാക്കേണ്ടതാണ്. അല്ലെങ്കില്‍ സര്‍വനാശം സംഭവിക്കാന്‍ അധികദൂരം ഇല്ല എന്ന് നാം ഓര്‍ക്കണം.

വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെലവ് ചുരുക്കുകയുമാണല്ലോ എല്ലാവര്‍ക്കുമുള്ള അത്യന്താപേക്ഷിതമായ നിര്‍ദേശം. ആയതിനാല്‍ ഇവിടത്തെ വ്യവസായങ്ങളില്‍ കൂടുതല്‍ ഫീസുകളും ടാക്‌സും അടിച്ചേല്‍പ്പിച്ചാല്‍ എങ്ങനെയാണ് വ്യവസായികള്‍ ചെലവ് ചുരുക്കുക? അതുപോലെ പരമപ്രധാനമായ ഒരു കാര്യമാണ് ഈ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ സമീപനം. ഏകദേശം ഇരുപതോളം ഡിപ്പാര്‍ട്ടുമെന്റുകളുടെ പ്രതിനിധികളാണ് പരിശോധനയ്ക്കായി കയറിയിറങ്ങുന്നത്. വളര്‍ത്താനും തളര്‍ത്താനും ഇവര്‍ക്ക് കഴിയും. അവരുടെ സഹകരണം ഉറപ്പിക്കേണ്ടത് വീണ്ടും വ്യവസായിയുടെ ചെലവുകള്‍ വര്‍ധിപ്പിക്കുകയേയുള്ളൂ.

ആധുനിക കേരളത്തിലെ പരിഷ്‌കാരങ്ങള്‍ സര്‍വമേഖലയിലും നടപ്പിലാക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. പ്രസംഗത്തില്‍ മാത്രം പോരാ. ആ നാളുകള്‍ കഴിഞ്ഞു. ഇനി പ്രവൃത്തിയാണ് ആവശ്യം. നമ്മള്‍ ആദ്യം സൃഷ്ടിക്കേണ്ടത് തൊഴില്‍ ദാതാക്കളെയാണ്. കേരളത്തില്‍ എന്തൊക്കെയോ തത്വചിന്തകള്‍ കൂട്ടിക്കലര്‍ത്തി, അവരെ ‘മുതലാളിമാര്‍’ എന്ന നാമധേയത്തിലാക്കി. കൂടാതെ ബൂര്‍ഷ്വാ, കോര്‍പ്പറേറ്റ് എന്നൊക്കെയുള്ള വിളികളും വന്നു.

ഒന്നു മനസ്സിലാക്കണം….. ഒരു മുതലാളി വന്നാല്‍ 10 തൊഴിലാളികള്‍ ഉണ്ടാകും. അതിനുപകരം ഒരു വ്യവസായം തുടങ്ങുന്നതിന് മുന്‍പേ, കയറ്റിറക്ക് കലാപരിപാടികളുമായി ഒരുകൂട്ടം തൊഴിലാളികള്‍ ചാടിയിറങ്ങി പ്രശ്‌നങ്ങളുണ്ടാക്കുന്ന ലോകത്തിലെ ഒരേ ഒരിടം നമ്മുടെ ഈ തൊഴിലാളി നാടാണ്. കൂടാതെ അവകാശങ്ങള്‍ നേടിയെടുക്കാനാണ് പിന്നീട് തൊഴിലാളികളുടെ ശ്രമം. ആ മുതലാളി തൊഴില്‍ കൊടുത്തതുകൊണ്ടാണ് ഈ അവകാശങ്ങള്‍ ഉണ്ടായത്. ആയതിനാല്‍ അത് പിരിച്ചു കൊടുക്കാന്‍ പണിയെടുക്കാതെ നടക്കുന്ന, ‘വിയര്‍പ്പിന്റെ അസുഖ’മുള്ള കുറേ നേതാക്കന്മാരും. അവര്‍ ഈ രണ്ടുവിഭാഗത്തിന്റെയും ചോര ഊറ്റി കുടിച്ചു കീശ വീര്‍പ്പിക്കുന്നത് ഒരു പ്രതിഭാസമാണ്.

മറ്റു രാഷ്ട്രങ്ങളില്‍ ഒരു തൊഴിലാളിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാല്‍ ആ തൊഴിലാളി സ്വയം ജോലിയില്‍ നിന്നും പിരിഞ്ഞു മാറുകയോ പുതിയ ജോലിക്കായി ശ്രമിക്കുകയോ ചെയ്യുന്ന അവസ്ഥയാണ്. എന്നാല്‍ ഇവിടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള സമരങ്ങള്‍ മാത്രം. 100% സാക്ഷരതയുള്ള കേരളത്തിലെ ഈ അവസ്ഥയ്ക്ക് ആരാണ് ഉത്തരവാദി? നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ പല കവലകളിലും സ്ഥാപനങ്ങളുടെ മുന്നിലും പലതരത്തിലുള്ള കൊടികള്‍ പാറി പറന്നു നില്‍ക്കുന്നുണ്ട്. ഇത്തരം കൊടികള്‍ കണ്ടാല്‍ തന്നെ മുതല്‍മുടക്കാനായി വരുന്ന ഒരു വ്യവസായിയും ഈ നാട്ടില്‍ ഒരു മിനിറ്റ് പോലും നില്‍ക്കുകയില്ല. നോക്കുകൂലി നിയമത്തില്‍ കൂടി നിര്‍ത്തലാക്കിയിട്ടും അതു അവസാനിക്കാത്ത ഒരു നാട് നമ്മുടേതാണ്. ഇതിലൂടെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തുകയാണ്.

അതുപോലെതന്നെ വ്യവസായ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിച്ചു നില്‍ക്കുന്ന പരമപ്രധാനമായ മറ്റൊരു ഘടകമുണ്ട് നമ്മുടെ കേരളത്തില്‍. അത് കൂണുകള്‍ പോലെ പൊട്ടിമുളക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ്. എ മുതല്‍ ഇസഡ് വരെ ബ്രാക്കറ്റില്‍ ഉള്ള പാര്‍ട്ടികള്‍ നമ്മുടെ നാട്ടിലുണ്ടെന്നു നാം ഓര്‍ക്കണം. ഇവര്‍ നമുക്ക് തരുന്നത് എന്ത് സംഭാവനയാണ്? ഏതെങ്കിലും രീതിയിലുള്ള വളര്‍ച്ചയിലേക്കാണോ നമ്മെ നയിക്കുന്നത്? ഒരു വിഭാഗത്തെയും അധിക്ഷേപിക്കാനോ, വിലകുറച്ചു കാണിക്കാനോ അല്ല; മറിച്ചു അവരെ ചിന്തിപ്പിക്കാനും വ്യവസായ സൗഹൃദപരമായ നടപടികളിലേക്കു കൊണ്ടുവരാനും ഒപ്പം കാര്യങ്ങളെ പ്രൊഫഷണലിത്തോടും എക്‌സ്പീരിയന്‍സോടും കൂടി കൈകാര്യം ചെയ്യുവാനുവാണ് ഈ വാക്കുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

ടൂറിസം മേഖലയില്‍ പരമപ്രധാനമാണ് ശുചിത്വം. ‘ക്ലീന്‍ സിറ്റി’, ‘ഗ്രീന്‍ സിറ്റി’ എന്നൊക്കെ പല പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും അതൊന്നും എവിടെയും കാണുന്നില്ല. ആകെ ദൈവം തന്നിരിക്കുന്ന പച്ചപ്പട്ടു വിരിച്ച സസ്യലതാദികള്‍ ഉള്ളതുകൊണ്ട് എങ്ങനെയൊക്കെയോ പിടിച്ചു നില്‍ക്കുകയാണ്. അതുപോലെതന്നെ പ്രധാനമായ സംഗതിയാണ് ആസൂത്രണം. ഇത് എല്ലാ മേഖലയ്ക്കും വിലമതിക്കാനാവാത്തതാണ്. ആയതിനാല്‍ ഭാവി കേരളത്തിലെ ടൂറിസം മേഖലയെ കുറിച്ച് ഒരു വലിയ ആസൂത്രണം നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.

ടൂറിസം മേഖല കേരളത്തിന്റെ നട്ടെല്ലാണ്. അതിനു കുട പിടിക്കുന്ന നമ്മുടെ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍, സ്പാ, ഹൗസ്‌ബോട്ടുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, മറ്റു അനുബന്ധ മേഖലകള്‍ എന്നിവയെല്ലാം ഇപ്പോള്‍ ഓക്‌സിജന്‍ ഇല്ലാതെ വെന്റിലേറ്ററില്‍ കിടക്കുകയാണ്. ‘ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവമെങ്കിലും കൈവിടില്ല’ എന്ന പ്രതീക്ഷയോടെ ഈ അവസ്ഥയില്‍ കഷ്ടത അനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും വ്യവസായികളെയും കൂടാതെ അവരെ കരകയറ്റാന്‍ കഷ്ടപ്പെടുന്ന എല്ലാ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥന്മാരെയും ഭരണകര്‍ത്താക്കളെയും ബന്ധപ്പെട്ടവരെയും തുടങ്ങി എല്ലാവരെയും ആദരവോടെ നമസ്‌കരിക്കുന്നു.

എല്ലാവര്‍ക്കും വീണ്ടും പ്രതീക്ഷയുടെ ചിറകുകള്‍ വിടര്‍ത്തി പറന്നുയരാന്‍ സര്‍വശക്തനായ ദൈവം തമ്പുരാന്‍ ഒരു വഴിയൊരുക്കി തരട്ടെ എന്ന പ്രാര്‍ത്ഥനയോടെ,
സ്‌നേഹാദരങ്ങളോടെ,

ജിബി എബ്രഹാം
മാനേജിങ് ഡയറക്ടര്‍
ഡി ഡി ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് സര്‍വീസ്‌

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button