ടെലികോം കമ്പനികള്‍ക്ക് ആശ്വാസം; സ്പെക്ട്രം കുടിശ്ശിക അടയ്ക്കുന്നതിന് രണ്ട് വര്‍ഷത്തെ മൊറട്ടോറിയം

ന്യൂഡല്‍ഹി: കടക്കെണിയിലായ ടെലികോം കമ്പനികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്പെക്ട്രം തുക അടയക്ക്കുന്നതിന് രണ്ട് വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2020-21, 2021-22 വര്‍ഷത്തേക്കുള്ള പേയ്മെന്റുകള്‍ക്കാണ് മൊറട്ടോറിയം അനുവദിച്ചിരിക്കുന്നത്.
ഇതുവഴി ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവയ്ക്ക് 42,000 കോടി രൂപയുടെ ആശ്വാസം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയാണ് ഈ നീക്കത്തിന് അംഗീകാരം നല്‍കിയത്.
രണ്ട് വര്‍ഷത്തിനിടയില്‍ സ്പെക്ട്രം തുടകയില്‍ വര്‍ദ്ധനവുണ്ടാകില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. സ്പെക്ട്രം ലേലത്തില്‍ നിശ്ചയിച്ചിട്ടുള്ള പലിശ കമ്പനികളില്‍ നിന്ന് ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലൈസന്‍സ് ഫീസ് (എല്‍എഫ്), സ്പെക്ട്രം ഉപയോഗ ചാര്‍ജ് (എസ്യുസി) എന്നീ ഇനത്തില്‍ 1.47 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ ടെലികോം കമ്പനികള്‍ സര്‍ക്കാറിന് കുടിശ്ശിക ഇനത്തില്‍ അടയ്ക്കുവാനുള്ളത്. ഇതില്‍ ഈ വര്‍ഷം ജൂലൈയിലെ കണക്കനുസരിച്ച് ലൈസന്‍സ് ഫീസ് 92,642 കോടി രൂപയും ഒക്ടോബര്‍ അവസാനത്തോടെയുള്ള കണക്കുകള്‍ പ്രകാരം എസ്യുസി 55,054 കോടി രൂപയുമാണ്.